നീര്‍ച്ചാലില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തി; സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാക്കറ്റുകള്‍ക്കെതിരെ അന്വേഷണം

മഹാരാഷ്ട്രയിലെ നീര്‍ച്ചാലില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ഗ്രാമത്തിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റുകള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമ മഹാരാഷ്ട്രയിലെ സംഗ്ലിക്കു സമീപം ഹൈസാല്‍ ഗ്രാമത്തിലെ ഒരു നീര്‍ച്ചാലില്‍നിന്നാണ് ഇത്രയും പെണ്‍ഭ്രൂണങ്ങള്‍ കണ്ടെടുത്തത്. ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘമാണ് സമാനമായ രീതിയില്‍ ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കിയ 19 ഭ്രൂണങ്ങള്‍ കണ്ടെടുത്തത്. പെണ്‍കുഞ്ഞാണെങ്കില്‍ അതിനെ ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കാന്‍ ആശുപത്രി അധികൃതര്‍ ഒത്താശ ചെയ്തിരുന്നുവെന്നാണ് സംഭവത്തില്‍ നിന്നും വ്യക്തമാകുന്നത്.
ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കിയശേഷം ഒളിപ്പിക്കാനായി നീര്‍ച്ചാലില്‍ കുഴിച്ചിട്ടതാണെന്ന് സംശയിക്കുന്നതായി സംഗ്ലി പോലീസ് സൂപ്രണ്ട് ദത്താത്രായി ഷിന്‍ഡെ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രവരി 28ന് ഗര്‍ഭച്ഛിദ്രത്തിനിടെ 26കാരി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണമാണ് വന്‍ റാക്കറ്റുകളെ കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്. ഡോ. ബാബാസാഹിബ് ഖിദ്രാപൂരെ എന്നയാളുടെ ആശുപത്രിയിലാണ് ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ടത്. യുവതിയുടെ മരണത്തില്‍ സംശയം തോന്നിയ ഒരുവിഭാഗം ഗ്രാമീണര്‍ ഇതുസംബന്ധിച്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 19 പെണ്‍ ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ഡോക്ടര്‍ ഒളിവില്‍ പോയി.

യുവതിയുടെ ഭര്‍ത്താവ് പ്രവീണ്‍ ഝംഡാഡെയാണ് ഭാര്യയെ ഗര്‍ഭച്ഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. മൂന്നാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതിനാലാണ് ഇവര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിച്ചത്. മൂന്നാമത്തെ കുട്ടിയും പെണ്‍കുഞ്ഞാണെന്നും അതിനെ ഗര്‍ഭച്ഛിദ്രം നടത്തി നശിപ്പിക്കാന്‍ പോവുകയാണെന്നും പ്രവീണ്‍ തന്നോട് പറഞ്ഞിരുന്നതായി മരിച്ച പെണ്‍കുട്ടിയുടെ പിതാവ് സുനില്‍ യാദവ് പോലീസിനോട് പറഞ്ഞു. പ്രവീണിന്റെ തീരുമാനത്തെ താന്‍ എതിര്‍ത്തെങ്കിലും പിന്‍മാറാന്‍ അയാള്‍ തയ്യാറായിരുന്നില്ലെന്നും സുനില്‍ യാദവ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























