ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഗോവ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിനായി കേന്ദ്രപ്രതിരോധ മന്ത്രിസ്ഥാനം മനോഹര്‍ പരീകര്‍ രാജിവെച്ചു. ചൊവ്വാഴ്ച പരീകര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. എട്ടോ ഒമ്പതോ എം.എല്‍.എമാരും ഇദ്ദേഹത്തോടൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെയും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയിലെയും രണ്ടുപേര്‍ വീതവും രണ്ട് സ്വതന്ത്രരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെണ്ടുല്‍കര്‍ പറഞ്ഞു.
ബി.ജെ.പിയില്‍നിന്ന് നിലവിലെ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയും മറ്റൊരു എം.എല്‍.എയും സത്യപ്രതിജ്ഞ ചെയ്യും. ഇദ്ദേഹത്തിന്റെ പേര് ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിക്കുമെന്ന് വിനയ് ടെണ്ടുല്‍കര്‍ പറഞ്ഞു. 40 അംഗ ഗോവ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്. എന്നാല്‍, 13 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണ ഉറപ്പിച്ചാണ് കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. 17 സീറ്റുമായി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും മറ്റ് പാര്‍ട്ടികളുടെ പിന്തുണനേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ തിരക്കിട്ട നീക്കത്തിലൂടെ കോണ്‍ഗ്രസ് പ്രതീക്ഷകളെ അട്ടിമറിക്കുകയായിരുന്നു. അതേസമയം, പാര്‍ട്ടി എം.എല്‍.എമാര്‍ ബി.ജെ.പിയെ പിന്തുണക്കുന്നതില്‍ പ്രതിഷേധിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ പ്രഭാകര്‍ ടിംബ്‌ലെ രാജിവെച്ചു. 13 ബി.ജെ.പി എം.എല്‍.എമാരും പിന്തുണക്കുന്ന മറ്റ് എം.എല്‍.എമാരും ഞായറാഴ്ച വൈകുന്നേരം ഗവര്‍ണര്‍ മൃദുല സിന്‍ഹയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ മനോഹര്‍ പരീകറെ ക്ഷണിച്ചത്. ബോംബെ െഎ.ഐ.ടിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ പരീകര്‍ 2012ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചു.
തുടര്‍ന്ന് മുഖ്യമന്ത്രിയായ അദ്ദേഹം 2014ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി. 2000 മുതല്‍ 2002 വരെയും 2002 മുതല്‍ 2005 വരെയും പരീകര്‍ മുഖ്യമന്ത്രിയായിരുന്നു.
https://www.facebook.com/Malayalivartha


























