ഹൗസ് ഡേ പരിപാടിക്ക് പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന, മാന്യമായ വസ്ത്രം ധരിച്ചെത്തണമെന്ന് ഡല്‍ഹി ഐ.ഐ.ടി ഹോസ്റ്റല്‍... ഈ നിലപാട് സദാചാര പൊലീസിങ്ങാണെന്ന് വിദ്യാര്‍ത്ഥികള്‍

ഹോസ്റ്റല്‍ നിവാസികള്‍ക്കായി വാര്‍ഷികാടിസ്ഥാനത്തില്‍ നടത്തുന്ന ഹൗസ് ഡേ പരിപാടിക്ക് ശരീരം മൊത്തത്തില്‍ മറയ്ക്കുന്ന ഇന്ത്യന്‍ അല്ലെങ്കില്‍ വിദേശ വസ്ത്രം ധരിച്ചെത്തണമെന്ന് ഡൽഹി ഐ ഐ റ്റി ഹോസ്റ്റൽ നോട്ടീസ്. ഏപ്രില്‍ 20നാണ് ഹൗസ് ഡേ പരിപാടി ഹോസ്റ്റലില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റല്‍ നിവാസികള്‍ക്ക് പുറത്തുനിന്നുള്ള അതിഥിയെ ഒരു മണിക്കൂര്‍ ഹോസ്റ്റലില്‍ താമസിപ്പിക്കാമെന്നതാണ് പരിപാടിയുടെ പ്രത്യേകത. ഈ ദിവസം ഇത്തരത്തില്‍ വസ്ത്രം ധരിക്കണമെന്നാണ് നോട്ടീസ്. ഹിമാദ്രി ഹോസ്റ്റലില്‍ വാര്‍ഡന്റെ ഒപ്പോടു കൂടിയാണ് നോട്ടീസ് പതിച്ചിരിക്കുന്നത്.
കോളേജുകളിലും ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് സംഭവം പുറത്തെത്തിച്ചത്. ഇത് സദാചാര പൊലീസിങ്ങാണെന്നും സംഘടനയിലെ ഒരു വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറയാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ നോട്ടീസ് പതിക്കുന്നത് ഇതാദ്യമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























