അറസ്റ്റിലായി മൂന്ന് മണിക്കൂറിനകം വിജയ് മല്യയ്ക്ക് ജാമ്യം ലഭിച്ചു

ലണ്ടനില്‍ അറസ്റ്റിലായ വിവാദ വ്യവസായി വിജയ് മല്യക്ക് ജാമ്യം. അറസ്റ്റിലായി മൂന്ന് മണിക്കൂറിനകം മല്യക്ക് ജാമ്യം ലഭിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മല്യക്ക് ജാമ്യം അനുവദിച്ചത്. തന്റെ അറസ്റ്റ് ഇന്ത്യന്‍ മാധ്യമങ്ങളുടെ പതിവ് ആഘോഷമെന്ന് മല്യ ട്വീറ്റ് ചെയ്തു. കൈമാറല്‍ അപേക്ഷയില്‍ കോടതി വാദം കേട്ടു തുടങ്ങുന്നുള്ളുവെന്നും മല്യ വ്യക്തമാക്കി.
സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ആണ് ഇന്ന് ഉച്ചയോടെ മല്യയെ അറസ്റ്റ് ചെയ്തത്. കുറ്റവാളികളെ കൈമാറല്‍ വാറണ്ട് അനുസരിച്ചാണ് ബ്രിട്ടന്‍ ഇയാളെ അറസ്റ്റ് ചെയ്തത്. നടപടികള്‍ പൂര്‍ത്തിയാക്കി മല്യയെ ബ്രിട്ടണ്‍ ഇന്ത്യക്ക് കൈമാറും. കൈമാറല്‍ അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. മല്യയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി സി.ബി.ഐ സംഘം ലണ്ടനിലേക്ക് പോകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ 17 ബാങ്കുകളില്‍ നിന്ന് 9400 കോടി രൂപ വായ്പയെടുത്ത് തരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മല്യയെ പിടികൂടുന്നതിനായുള്ള എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് നടപടികളില്‍ നിര്‍ണായക വഴിത്തിരിവാണ് ഇന്നുണ്ടായത്. വിജയ് മല്യയെ ഇന്ത്യയിലേക്ക് അയക്കാന്‍ സാധിക്കില്ലെന്നായിരുന്നു ബ്രിട്ടന്‍ നേരത്തേ വ്യക്തമാക്കിയത്. പിന്നീട് ഇന്റര്‍പോള്‍ വഴി ഇ.ഡി അധികൃതര്‍ ശ്രമം തുടരുകയായിരുന്നു. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം മല്യയെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടനോട് ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടിരുന്നു.
മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബാങ്ക് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനു പുറമെ മല്യക്കെതിരെ നികുതി വെട്ടിപ്പിനും സാമ്പത്തിക ക്രമക്കേടിനും ഇന്ത്യയില്‍ കേസുണ്ട്. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് രാജ്യ സഭാംഗം കൂടിയായ വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്.
https://www.facebook.com/Malayalivartha

























