കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ട;യെച്ചൂരി മത്സരിക്കില്ലെന്ന് സി.പി.എം

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സി.പി.എം. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യെച്ചൂരി മത്സരിക്കില്ലെന്നും രണ്ട് തവണയില്‍ കൂടുതല്‍ മത്സരിക്കുന്ന പതിവ് പാര്‍ട്ടിക്കില്ലെന്നും സി.പി.എം വ്യക്തമാക്കി.
നേരത്തെ, പശ്ചിമ ബംഗാളില്‍നിന്ന് യെച്ചൂരി വീണ്ടും രാജ്യസഭയിലേക്കു മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരുന്നതായും യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സി.പി.എം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ പിന്തുണ നിരസിക്കുന്നതോടെ മേല്‍സഭയില്‍ സി.പി.എം പ്രാതിനിധ്യം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 26 എം.എല്‍.എമാര്‍ മാത്രമാണ് സി.പി.എമ്മിനുള്ളത്. ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്.
https://www.facebook.com/Malayalivartha
























