ചണ്ഡീഗഡില്‍ നിന്നുള്ള അത്ഭുതം; 101 ാം വയസില്‍ 100 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി ഒരു താരം

101ാം വയസ്സില്‍ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണം സ്വന്തമാക്കി ഒരു താരം.ന്യൂസീലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നടന്ന വേള്‍ഡ് മാസ്‌റ്റേഴ്‌സ് ഗെയിംസിലാണ് മന്‍ കൗര്‍ എന്ന ഈ താരം സ്വര്‍ണം നേടിയത്. കൗറിന്റെ കരിയറിലെ 17ാം സ്വര്‍ണമായിരുന്നു അത്.
ഒരു മിനിറ്റ് 14 സെക്കന്‍ഡ് എടുത്താണ് മന്‍ കൗര്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. ഇത് 2009ല്‍ ഉസൈന്‍ ബോള്‍ട്ട് സ്ഥാപിച്ച റെക്കോര്‍ഡിനേക്കാള്‍ 64.42 സെക്കന്റ് മാത്രം കൂടുതല്‍ സമയമെടുത്താണ് കൗര്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്.
മികച്ച സമയത്ത് മത്സരം പൂര്‍ത്തിയാക്കുക എന്നുള്ളതിനേക്കാള്‍ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് ചണ്ഡീഗഡ് സ്വദേശിയായ കൗര്‍ പറയുന്നു. മത്സരശേഷം ന്യൂസീലന്‍ഡിലെ മാധ്യമങ്ങള്‍ ചണ്ഡീഗഡില്‍ നിന്നുള്ള അത്ഭുതം എന്നാണ് മന്‍ കൗറിനെ വിശേഷിപ്പിച്ചത്. മത്സരം നന്നായി ആസ്വദിച്ചുവെന്ന് കൗര്‍ വ്യക്തമാക്കി.
എട്ടു വര്‍ഷം മുമ്പാണ് കൗര്‍ അത്‌ലറ്റിക്‌സ് ഗൗരവമായി എടുത്തത്. മകന്‍ ഗുരുദേവ് സിങ്ങിന്റെ പ്രചോദനവും കൗറിന് കൂട്ടിനുണ്ടായിരുന്നു. 200 മീറ്റര്‍ ഓട്ടത്തിലും ഷോട്ട്പുട്ടിലും ജാവലിന്‍ ത്രോയിലും ഇനി കൗറിന് പങ്കെടുക്കാനുണ്ട്. ഗോതമ്പില കൊണ്ടുള്ള ജ്യൂസും കെഫിറുമാണ് (പുളിപ്പിച്ച പാല്‍ കൊണ്ടുണ്ടാക്കുന്നത്) കൗറിന്റെ 101ാം വയസ്സിലെയും ആരോഗ്യത്തിന്റെ രഹസ്യം.
https://www.facebook.com/Malayalivartha
























