രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ യോഗം ഇന്ന്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ കക്ഷികള്‍ ഇന്ന് യോഗം ചേരും. പ്രതിപക്ഷവുമായി കൂടിയാലോചന നടത്തുമെന്ന് പറഞ്ഞ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മൂന്ന് കേന്ദ്ര മന്ത്രിമാരടങ്ങുന്ന സമിതിയുണ്ടാക്കിയതിന് പിറകെയാണ് പ്രതിപക്ഷ യോഗം.
ബി.ജെ.പി ചര്‍ച്ചക്ക് കമ്മിറ്റിയെ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും തങ്ങളുമായി കൂടിയാലോചനക്ക് വന്നിട്ടില്ലെന്ന് യോഗത്തില്‍ പങ്കെടുക്കുന്ന സി.പി.ഐ നേതാവ് രാജ പറഞ്ഞു. അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് ചര്‍ച്ചക്ക് വരുകയാണെങ്കില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കും. ഭരണഘടനയോട് പ്രതിബദ്ധതയും മതേതരത്വവിശ്വാസവുമുള്ള ഒരു സ്ഥാനാര്‍ഥിക്കായുള്ള അന്വേഷണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. അത്തരത്തിലുള്ള ഒരു സ്ഥാനാര്‍ഥിയെ മാത്രമേ തങ്ങള്‍ പിന്തുണക്കൂ എന്നും രാജ വ്യക്തമാക്കി.
യോഗസ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്നാണ് ഗുലാം നബി ആസാദ് സംഘടന നേതാക്കളെ അറിയിച്ചത്. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതേ യോഗത്തില്‍ നടക്കും. നേരത്തേ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ഉപസമിതിയെ ശരത് പവാര്‍ നയിക്കില്ല. അതിനു പകരം പ്രഫുല്‍ പട്ടേലിനെയാണ് ആ സ്ഥാനത്തേക്ക് പവാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കോണ്‍ഗ്രസിന്റെ പ്രതിനിധികളായി സമിതിയിലുണ്ട്.
പവാറിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കണമെന്ന് പല പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം തയാറായിട്ടില്ല. മഹാത്മ ഗാന്ധിയുടെ പൗത്രന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, മുന്‍ സ്പീക്കര്‍ മീരാകുമാര്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
https://www.facebook.com/Malayalivartha


























