തമിഴ്‌നാട്ടില്‍ എഡിഎംകെ സര്‍ക്കാര്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി

തമിഴ്‌നാട് നിയമസഭയില്‍ അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ വിശ്വാസവോട്ടിന് കോഴ വാങ്ങിയെന്ന വിവാദം കത്തിപ്പടരുന്നതിനിടെ ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങും. കോഴവിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസവോട്ട് അസാധുവാക്കണമെന്ന പ്രമേയം ഡിഎംകെ കൊണ്ടുവന്നാല്‍ സഭ ബഹളത്തില്‍ മുങ്ങാനാണ് സാധ്യത. പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കം തുടരുമ്പോള്‍ മൂന്നാഴ്ച നീളുന്ന സമ്മേളനത്തില്‍ 33 എംഎല്‍എമാരടങ്ങിയ ടിടിവി ദിനകരന്‍ പക്ഷം എന്തു നിലപാടെടുക്കുമെന്നതും നിര്‍ണായകമാണ്.
ബജറ്റവതരണത്തിന് ശേഷം നടക്കുന്ന നിയമസഭാസമ്മേളനത്തില്‍ ജിഎസ്ടി ബില്ല് പാസ്സാക്കുന്നതുള്‍പ്പടെയുള്ള ഒട്ടേറെ സുപ്രധാനതീരുമാനങ്ങളാണ് നടപ്പാക്കാനുള്ളത്. ഇവിടെയാണ് വിശ്വാസവോട്ടിന് കോഴവിവാദവും ഭരണകക്ഷിയിലെ ആഭ്യന്തരകലഹവും നിര്‍ണായകമാകുന്നത്. വോട്ടിന് പത്ത് കോടി രൂപ വരെ കോഴ വാങ്ങിയെന്ന എംഎല്‍എമാരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ വിശ്വാസവോട്ട് അസാധുവാക്കണമെന്ന ആവശ്യം ഡിഎംകെ ഉന്നയിക്കുമെന്നുറപ്പ്.
ഇതിനു പിന്നാലെ സുപ്രധാനബില്ലുകളില്‍ 33 എംഎല്‍എമാരുള്ള ദിനകരന്‍ പക്ഷം നിസ്സഹകരിച്ചാല്‍ എടപ്പാടി സര്‍ക്കാരിന് പിന്നെ ആയുസ്സുണ്ടാകില്ല. നേരത്തേ നടന്ന വിശ്വാസവോട്ടെടുപ്പിന്റെ ആറു മാസത്തെ ആനുകൂല്യം റദ്ദാക്കി വീണ്ടും വിശ്വാസവോട്ടെടുപ്പ് നടത്താന്‍ പ്രതിപക്ഷത്തിന് ആവശ്യപ്പെടാം. നിലവില്‍ മൂന്നായി പിരിഞ്ഞ അണ്ണാ ഡിഎംകെയുടെയും പ്രതിപക്ഷത്തിന്റെയും അംഗബലം ഇങ്ങനെയാണ്. ദിനകരന്‍ പക്ഷത്ത് 33 എംഎല്‍എമാരുള്ളപ്പോള്‍ പ്രധാനപ്രതിപക്ഷപാര്‍ട്ടിയായ ഡിഎംകെയുടെ അംഗബലമേ എടപ്പാടി പക്ഷത്തിനുള്ളൂ. 89 പേര്‍. ഒപിഎസ് പക്ഷത്ത് 12 പേരാണ്.
പ്രതിപക്ഷപാര്‍ട്ടികളെല്ലാം ചേര്‍ന്ന് 98 എംഎല്‍എമാരുണ്ടെന്നത് എടപ്പാടി സ!ര്‍ക്കാരിന്റെ നിലനില്‍പ് തന്നെ പരുങ്ങലിലാക്കുന്നു. ഇതിനിടെ, ജയലളിതയുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ഒപിഎസ്സിന്റെ തീരുമാനമെന്ന് സൗത്ത് മധുര എംഎല്‍എ ശരവണന്‍ പറയുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തായതോടെ ഒപിഎസ് ക്യാംപ് പ്രതിരോധത്തിലായി. ഒപ്പം ബിജെപി പിന്തുണയോടെ കേന്ദ്രമന്ത്രി സ്ഥാനം ഒപിഎസ് വാഗ്ദാനം നല്‍കിയെന്ന എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ബിജെപിയേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























