വീണ്ടും ഡല്‍ഹി... 11 മാസം പ്രായമുള്ള കുഞ്ഞിനെ ഒരു നരാധമന്‍ ബലാല്‍സംഗം ചെയ്തത് 2 മണിക്കൂര്‍!

സ്ത്രീപീഡനങ്ങളുടെ തലസ്ഥാനമാവുകയാണോ ഇന്ദ്രപ്രസ്ഥം എന്നു ചിന്തിച്ചു പോകും നാം. ഇന്നും ഉണങ്ങാതെ രക്തം വാര്‍ന്നു കൊണ്ടിരിക്കുന്ന മുറിവാണ് ഇന്ത്യയുടെ മനസ്സാക്ഷിയെ കീറിമുറിച്ചു കൊണ്ട് നടന്ന നിര്‍ഭയ കേസ്. അന്ന്, ഇന്ത്യയെന്ന മഹാദേശത്തിന്റെ തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ് എന്ന ചോദ്യം ഉയര്‍ന്നതാണ്. ലോക മാധ്യമങ്ങളില്‍ ഇന്ത്യയ്ക്ക് മുഖം നഷ്ടപ്പെട്ട ഒരു ക്രൂരതയായിരുന്നു നിര്‍ഭയ കേസ്. ബലാല്‍സംഗങ്ങളുടെ തലസ്ഥാന കേന്ദ്രം എന്ന കുപ്രസിദ്ധി ഇന്നും ഡല്‍ഹിയെ പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞു എന്നു പറയാറായിട്ടില്ല.
അപ്പോഴിതാ വീണ്ടും ഡല്‍ഹി ക്രൂരമായ മറ്റൊരു ലൈംഗിക പീഡനത്തിന്റെ പേരില്‍ ശ്രദ്ധ നേടുകയാണ്. ഇത്തവണ 11 മാസം മാത്രം പ്രായമായ ഒരു ശിശുവിനെയാണ് ഡല്‍ഹിയില്‍ ഒരു നരാധമന്‍ പിച്ചിച്ചീന്തിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. പശ്ചിമ ഡല്‍ഹിയിലെ വീട്ടില്‍ തന്റെ മാതാവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ആ പിഞ്ചു കുഞ്ഞിനെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ 36-കാരനായ ഒരാള്‍ എടുത്തു കൊണ്ടു പോവുകയായിരുന്നു. ബീഹാറുകാരനായ അയാള്‍ തൊഴിലന്വേഷിച്ച് ഡല്‍ഹിയിലെത്തിയ ആളാണ്. ഏകദേശം പത്ത് മണിയോട് കൂടി ആ കുഞ്ഞിനെ അപഹരിച്ചു കൊണ്ടു പോയ അയാള്‍ അടുത്ത രണ്ടു മണിക്കൂറുകളോളം ആ ഇളം ശരീരത്തില്‍ തന്റെ കാമദാഹം തീര്‍ത്തു.
തന്റെ അരികില്‍ കിടന്ന കുഞ്ഞിനെ കാണാനില്ല എന്ന് രാത്രി 11 മണിയോടെ തിരിച്ചറിഞ്ഞ മാതാവ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ അവിടെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒരു ഓടയുടെ സമീപത്ത് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
കണ്ടെത്തുമ്പോള്‍ രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ അധികൃതര്‍ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കുട്ടിയുടെ സമീപത്തു നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ ഇടയാക്കിയത്. അവിടെ അടുത്ത് തൊഴിലാളികള്‍ക്കായുള്ള താമസ സ്ഥലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
കുറ്റിക്കാട്ടില്‍ കൊണ്ടു പോയ ശിശുവിനെ രണ്ടു മണിക്കൂറോളം ബലാല്‍സംഗം ചെയ്തുവെന്നും തുടര്‍ന്ന് കുട്ടി അബോധാവസ്ഥയിലായപ്പോള്‍ മരിച്ചുവെന്ന് കരുതി അവിടെ ഉപേക്ഷിച്ച് ഓടിപ്പോരുകയായിരുന്നുവെന്നും അയാള്‍ പോലീസിനോട് ഏറ്റു പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha


























