ഡൽഹിയിൽ നൈജീരിയൻ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ചുപ്പേർ അറസ്റ്റിൽ

ഡൽഹിയിൽ കള്ളനാണെന്നാരോപിച്ച് നൈജീരിയൻ യുവാവിനെ ഒരു കൂട്ടം ആളുകൾ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 24നു പുലർച്ചെ സൗത്ത് ഡൽഹിയിലെ മാളവ്യനഗറിൽ വച്ചായിരുന്നു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചത്. മർദനമേറ്റ യുവാവിനെ നേരത്തെ, പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ഈ യുവാവിനെ മാളവ്യനഗർ സ്വദേശി കൃഷ്ണകുമാറിന്റെ വീട്ടിൽനിന്ന് പിടികൂടിയെങ്കിലും ഇയാളെ മണിക്കൂറുകൾക്കു ശേഷമാണു നാട്ടുകാർ പോലീസിനു കൈമാറിയത്.
മർദ്ദനമേറ്റ് യുവാവ് അബോധാവസ്ഥയിലായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീടിന്റെ പടികളിൽനിന്നു വീണാണ് ഇയാൾക്കു പരിക്കേറ്റതെന്നായിരുന്നു നാട്ടുകാർ പോലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് ആൾക്കൂട്ടം ശിക്ഷ നടപ്പാക്കിയതാണെന്നു വ്യക്തമായത്. യുവാവിന്റെ തലയ്ക്കും മുഖത്തും കൈയിലും ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മർദനമേറ്റിരുന്നു. റോഡിലെ വിളക്കുകാലിൽ കെട്ടിയിട്ടായിരുന്നു മർദനം.
തന്നെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് ഇയാൾ കെഞ്ചുന്നതു ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ആൾക്കൂട്ടം അത്യാവേശത്തോടെ ഇയാളെ വലിയ വടി ഉപയോഗിച്ച് മർദ്ദികയായിരുന്നു. യുവാവിന്റെ അടിവസ്ത്രമൊഴിച്ച് മറ്റു വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റിയ ശേഷവും ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളും കാണാം.
https://www.facebook.com/Malayalivartha


























