ഒളികാമറ കെണിയില്‍ കുടുങ്ങി പുണെ പിച്ച് ക്യൂറേറ്റര്‍

പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ ക്യൂറേറ്റര്‍ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍മാരുടെ ഒളികാമറ കെണിയില്‍ കുടുങ്ങി. തങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് പിച്ച് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ഇയാളെ സമീപിച്ചത്. ഇന്ന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാമത്തെ ഏകദിന മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന സംഭവം.
മുന്‍ മഹാരാഷ്ട്ര ബൗളറും മഹാരാഷ്ട്ര രഞ്ജി ട്രോഫി ചീഫ് സെലക്ടറുമായ പാണ്ഡുരംഗ് സാല്‍ഗോന്‍കര്‍ ആണ് ഒളികാമറ ഓപറേഷനില്‍ കുടുങ്ങിയത്. ബുക്കികളുടെ വേഷത്തിലെത്തിയ റിപ്പോര്‍ട്ടര്‍മാരെ പുണെ പിച്ച് കാണാന്‍ അനുവദിക്കുക ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) നിയമങ്ങള്‍ക്ക് വിരുദ്ധമാണിത്. സംഭവത്തെ തുടര്‍ന്ന് സാല്‍ഗോന്‍ക്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ നീരജ് കുമാറിനോട് ബി.സി.സി.ഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന ആവശ്യപ്പെട്ടു.
താന്‍ തയ്യാറാക്കിയ പിച്ചില്‍ ഉയര്‍ന്ന സ്‌കോറായിരിക്കുമെന്ന് ഒരു കാറില്‍ ഇരുന്ന് സാല്‍ഗോന്‍കര്‍ പറയുന്നു. വളരെ നല്ല പിച്ചാണിത്, തീര്‍ച്ചയായും 337 റണ്‍സെടുക്കാനും പിന്തുടരാനും കഴിയുന്ന പിച്ചായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം മുമ്പ് കാണിച്ചുതന്നെ അതേ പിച്ച് തന്നെയാണോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി. പിച്ച് പരിശോധിക്കാന്‍ ഇതുവരെ ആരെയും അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ടറോട് പറയുന്നു.ബി.സി.സി.ഐ ക്യുറേറ്റര്‍ക്കൊപ്പമാണ് പിച്ച് തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നുണ്ട്.
ഫെബ്രുവരിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പിച്ചിന് മോശം മാര്‍ക്കാണ് ഐ.സി.സി റഫറി ക്രിസ് ബോര്‍ഡ് നല്‍കിയിരുന്നത്. മത്സരത്തില്‍ ഇന്ത്യ 333 റണ്‍സിന് തോറ്റിരുന്നു.
https://www.facebook.com/Malayalivartha



























