ഇലക്ഷൻ ചൂടിൽ ചുട്ടു പൊള്ളി അഞ്ചു സംസ്ഥാനങ്ങൾ... വിധിയെഴുതാൻ തയ്യാറായി വോട്ടർമാർ... വെല്ലുവിളികളെ വിജയമാക്കി മാറ്റുമോ അതോ പരാജയത്തിൽ എത്തിച്ചേരുമോ..!

നിനച്ചിരിക്കാതെ എത്തിയ ഇലക്ഷൻ ചൂടിൽ നെട്ടോട്ടങ്ങൾ തുടരുകയാണ്. പലവിധ സ്ഥാനാർത്ഥി നിർണയ വാർത്തകളും നമ്മൾ പലയിടങ്ങളിൽ നിന്ന് കേൾക്കുന്ന സമയമാണിപ്പോൾ.
അല്‍പം നേരത്തേ ആണെങ്കിലും കേരളമടക്കം അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് അവസാന ആഴ്ച മുതല്‍ വിവിധ ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മേയ് രണ്ടിനാണ് അറിയാൻ സാധിക്കുന്നത്.
ഈ സംസ്‌ഥാനങ്ങളിലെ ഭരണം ഇനി ആര്‍ക്ക് എന്നറിയാന്‍ ഇനി വെറും 2 മാസങ്ങൾ മാത്രം ബാക്കി. നാടിന്റെ നന്മയ്‌ക്കും വികസനത്തിനും പുരോഗതിക്കുമായി ആരെ തെരഞ്ഞെടുക്കണമെന്ന് ജനങ്ങള്‍ക്ക് വിധിയെഴുതാനുള്ള അവസരം ഒരുങ്ങുകയാണ്.
അത് വിവേകപൂര്‍വം ഉപയോഗിക്കുക എന്നതാണ് ഓരോ പൗരന്റേയും കടമ. നാട് കോവിഡ് മഹാമാരിയെ നേരിടുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടക്കുക. ഇത് ഓരോ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള പരീക്ഷണം കൂടിയായി മാറുന്നു.
ലോകമെമ്പാടും നിശ്‌ചലമാക്കിയ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് താങ്ങും തണലുമാകാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞോ എന്നതാവും ഈ തെരഞ്ഞെടുപ്പിലെ പ്രധാന മൂല്യനിർണയ വിഷയം. കേരളത്തില്‍ ഈ പ്രതിസന്ധിക്കാലത്തെ നിശ്‌ചയദാര്‍ഢ്യത്തോടെ നേരിട്ടു എന്ന ആത്മവിശ്വാസത്തില്‍ സര്‍ക്കാരിന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാകും.
എന്നാല്‍, സര്‍ക്കാരിനെ പിടിച്ചുലച്ച അനവധി വിവാദങ്ങളും തൊട്ടുപിറകേയുണ്ട്. ബന്ധു നിയമനം, സ്വര്‍ണക്കടത്ത്, സ്‌പ്രിങ്‌ളര്‍ കരാര്‍ എന്നിങ്ങനെ തുടങ്ങി ഏറ്റവുമൊടുവിലെ ആഴക്കടല്‍ മത്സ്യ ബന്ധനക്കരാറും അതുമായി ബന്ധപ്പെട്ട മറ്റു കരാറുകളും സര്‍ക്കാരിനു തലവേദന സൃഷ്ടിക്കും എന്നത് ഉറപ്പാണ്. ഇതിനൊപ്പമാണ് തൊഴില്‍ തേടി യുവാക്കള്‍ നടത്തുന്ന സമരം ഉണ്ടാക്കുന്ന പ്രതിസന്ധി.
യു.ഡി.എഫില്‍ നിന്ന് പ്രബലകക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം)ലെ ജോസ് കെ. മാണി വിഭാഗത്തെ കൂടെ കൂട്ടാൻ കഴിഞ്ഞത് എല്‍.ഡി.എഫിന് കൂടുതല്‍ സഹായിക്കുന്ന കാര്യമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്‌ഥാപന തെരഞ്ഞെടുപ്പില്‍ ഈ കൂട്ടുകെട്ട് നേട്ടമുണ്ടാക്കി എന്ന് ഇടതുമുന്നണി വിലയിരുത്തുന്നു.
അതിന്റെ തുടര്‍ച്ച ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും അതുവഴി കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നുമാണ് മുന്നണിയുടെ കരുതൽ. എന്നാൽ യു.ഡി.എഫിനാകട്ടെ ഇടതു മുന്നണിയില്‍ നിന്ന് എന്‍.സി.പിയെ പറിച്ചെടുത്തു എന്ന വിജയലക്ഷ്യവുമുണ്ട്.
പതിവില്‍ കവിഞ്ഞ ഐക്യത്തോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും യു.ഡി.എഫും തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന പ്രതീതിയാണ് കാണുന്നത്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന ചരിത്രത്തില്‍ മാത്രം വിശ്വസിച്ച് ഇരുന്നാല്‍ ലക്ഷ്യം കാണാനാവില്ലെന്ന് കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും നന്നായി അറിയാം.
എന്നു മാത്രമല്ല, ഇത്തവണ വിജയം നേടേണ്ടത് സംസ്‌ഥാന രാഷ്‌ട്രീയത്തിലെ നിലനില്‍പിന്റെ പ്രശ്‌നം കൂടിയാണ് എന്ന തിരിച്ചറിവിലാണ് പ്രവര്‍ത്തനം. കേരളത്തിൽ ബി.ജെ.പിക്ക് വലിയ മുന്നേറ്റം തന്നെ നടത്താമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴുള്ളത്.
രാജ്യത്തെ മുഴുവൻ പിടിച്ചിരുത്തുന്ന തെരഞ്ഞെടുപ്പാണ് പശ്‌ചിമ ബംഗാളിൽ നടക്കാൻ ഒരുങ്ങുന്നത്. പരസ്പരമുള്ള പരസ്യ വെല്ലുവിളികളും മമതാ ബാനര്‍ജിയുടെ പത്തു വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് അധികാരം പിടിക്കാനുള്ള പോരാട്ടത്തിലുമാണ് ബി.ജെ.പി.
ബംഗാളിനെ അടക്കി ഭരിച്ചിരുന്ന കോണ്‍ഗ്രസ്സും സി.പി.എമ്മും ഇന്ന് അവിടെ വെറും കാണികൾ മാത്രമാണ്. തമിഴ്‌നാട്ടിലും നിലയുറപ്പിക്കാന്‍ ബി.ജെ.പി ഇത്തവണ തീരുമാനിച്ചിട്ടുണ്ട്. ജയലളിതയില്ലാത്ത അണ്ണാ ഡി.എം.കെ, ശശികലയുടെ ജയിലില്‍ നിന്നുള്ള മടക്കത്തിനു ശേഷം പലവിധത്തിലുള്ള സംഘര്‍ഷങ്ങള്‍ നേരിടുന്നുണ്ട്.
അതു മുതലാക്കാന്‍ ഡി.എം.കെയ്‌ക്ക് സാധിക്കുമോ എന്നു തമിഴ് രാഷ്ട്രീയം ഉറ്റു നോക്കുന്നുണ്ട്. എം.എല്‍.എമാരുടെ പിൻവലിയലിലൂടെ അധികാരം നഷ്‌ടപ്പെട്ട കോണ്‍ഗ്രസ്സിനെ മറികടന്ന് അനായാസം വിജയമുറപ്പിക്കുക എന്നതാവും പുതുച്ചേരിയില്‍ ബി.ജെ.പി. ലക്ഷ്യം.
അതു തടയാന്‍ കോണ്‍ഗ്രസ്സിന് ഏറെ ശ്രമം നടത്തേണ്ടി വരും. ഇന്ധന-പാചക വാതക വില, കോവിഡ് പ്രതിരോധം, പൗരത്വനിയമം നടപ്പാക്കല്‍ എന്നിങ്ങനെ ദേശീയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടാമെന്നതിനാല്‍ ഇനി വരുന്ന തെരഞ്ഞെടുപ്പിന് രാജ്യാന്തര പ്രസക്‌തി കൂടി നിലനിൽക്കുന്നുണ്ട്.
https://www.facebook.com/Malayalivartha