കേരളത്തിലെ അഴിമതി കേസുകളില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് രാജ്യത്ത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ്; മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്; വിമർശനമുയർത്തി കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ ശ്രമിക്കുന്നത് അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനാണ്.
കേരളത്തിലെ അഴിമതി കേസുകളില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് രാജ്യത്ത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ്. കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കേസില്‍ മുഖ്യമന്ത്രിക്ക് ഭയപ്പെടാവാൻ ധാരാളം കാരണങ്ങളുണ്ട്. അത് കൊണ്ടാണ് ഇത്തരം നീക്കങ്ങളെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി . പിണറായി വിജയന്റെ ഗുണ്ടായിസം നേരിടാന്‍ സമൂഹത്തിനറിയാം. എതിര്‍ക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. അല്ലാതെ അന്വേഷണ ഏജന്‍സികളുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിക്കുകയല്ല ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു .
കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ അതിന് സ്വീകരിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അതൊന്നും ചെയ്യാതെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പ്രതിഷേധം സംഘടിപ്പിക്കുന്നതും കേന്ദ്ര ഏജന്‍സികള്‍ സത്യം പുറത്തുകൊണ്ടുവരുമെന്ന ഭയാശങ്കയിലാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ് . അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി ഓടിക്കാമെന്ന ധാരണ കേരളത്തില്‍ നടക്കില്ല. ഇത് പഴയ കേരളമല്ലെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അന്വേഷണത്തെ നേരിടുന്നതിന് പകരം ഭീഷണിയും അക്രമവും കാണിച്ച് അന്വേഷണ സംഘത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി മറുപടി പറയണം.
മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമുള്ള വ്യഗ്രതയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ഇത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. ജനാധിപത്യ വിരുദ്ധമായ നടപടിയില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഡോളര്‍ കേസ് പുതിയ കേസല്ല. സ്വര്‍ണകടത്ത് കേസിന്‍റെ തുടര്‍ച്ചയായാണ് ഇത്. നിയമവിധേയമായാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിക്കാരെ ഇറക്കി ഭീഷണിപ്പെടുത്താനാണ് ഉദ്ദേശമെങ്കില്‍ തിരിച്ച് ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേ സമയം സംസ്ഥാന സര്‍ക്കാര്‍ യു.എ.ഇ കോണ്‍സല്‍ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ നല്‍കിയത് ആര് ആവശ്യപ്പെട്ടിട്ടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ വിമർശിച്ചിരുന്നു . കേന്ദ്രസര്‍ക്കാരില്‍ നിന്ന് അങ്ങനെ ഒരു നിര്‍ദേശമുണ്ടായിരുന്നില്ല. ഈ സുരക്ഷ വാസ്തവത്തില്‍ സുരക്ഷ ആണോ അതോ അവര്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് വേണ്ടി ആണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha