കോൺഗ്രസിൽ അന്തിമതീരുമാനം ഇന്നെത്തുമോ... വട്ടിയൂര്‍ക്കാവിലും നേമത്തും ഇപ്പോൾ സസ്പെന്‍സോടു കൂടി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍... ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരീക്ഷണത്തിനിറങ്ങുമോ എന്നത് കണ്ടറിയണം...

തെരഞ്ഞുടുപ്പ് ചൂട് അടുക്കുമ്പോൾ മറ്റ് പാർട്ടികൾ സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഏകദേശ സാധ്യതാ പട്ടിക പുറത്തു വിട്ടു കഴിഞ്ഞു. ഇന്നെലെ പുറത്ത് വിട്ട സിപിഎം പട്ടികയെ ചൊല്ലി പലയിടത്തും നീറി പുകയുകയാണ്.
തങ്ങളുടെ ഇഷ്ടനേതാക്കളെ തഴയുന്നു എന്നാരോപിച്ച് സിപിഎമ്മിന്റെ പ്രവർത്തകർ തന്നെ റോഡിലിറങ്ങി പ്രതിഷേധം പോലും സംഘടിപ്പിച്ചത് നമ്മൾ കണ്ടതാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിലും ഏറെകുറേ ഇതേ അവസ്ഥ തന്നെയാണ് ഉണ്ടായിരുന്നത്.
സീറ്റു വിഭജനത്തെ തുടർന്നുള്ള ചർച്ചകൾ അടിയിലും വഴക്കിലും എത്താതെ വളരെ കഷ്ടപ്പെട്ടാണ് നേതാക്കൾ കൊണ്ടുപോയത്. കോണ്‍ഗ്രസിന്റ സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഡല്‍ഹിയില്‍ അന്തിമരൂപമാകുമ്പോള്‍ വട്ടിയൂര്‍ക്കാവിലും നേമത്തും ഇപ്പോൾ സസ്പെന്‍സോടു കൂടി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.
പ്രധാന നേതാക്കള്‍ മണ്ഡലം വിട്ട് പരീക്ഷണത്തിന് ഇറങ്ങുമോയെന്നതും സാധ്യത പട്ടികയിലുള്ളവര്‍ക്കെതിരെ ഉയര്‍ന്ന പ്രാദേശിക പ്രതിഷേധം നേതൃത്വം മുഖവിലയ്ക്കെടുക്കുമോ എന്നതും നിര്‍ണായകമായ കാര്യമാണ്.
സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം പറയാത്തതില്‍ ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തില്‍ കണ്ട ഈ അവേശം പ്രാഥമിക പട്ടികയുമായി ഡല്‍ഹിക്ക് പോകുമ്പോള്‍ മുല്ലപ്പള്ളിക്കുണ്ടായിരിക്കുന്നില്ല.
പ്രധാന നേതാക്കള്‍ മല്‍സരിക്കാനില്ലെന്ന് അറിയിച്ചതോടെ വട്ടിയൂര്‍ക്കാവിലും നേമത്തും അവസാന നിമിഷം ഉയര്‍ന്നുകേട്ടത് അത്ര ശക്തമല്ലാത്ത പേരുകള്‍. എങ്കിലും അവസാനനിമിഷം സസ്പെന്‍സ് ബാക്കിവച്ചിട്ടുണ്ടെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
പുതുപ്പള്ളി വിട്ട് ഉമ്മന്‍ചാണ്ടിയും ഹരിപ്പാട് വിട്ട് രമേശ് ചെന്നിത്തലയും പരീക്ഷണത്തിനിറങ്ങുമോ എന്നതും, ഹൈക്കമാന്‍ഡിന്റ സമര്‍ദത്തിന് വഴങ്ങി മുല്ലപ്പള്ളി മല്‍സരിക്കാനിറങ്ങിയാല്‍ തിരഞ്ഞെടുക്കുന്നത് കല്‍പറ്റയോ കണ്ണൂരോ, അറ്റകൈയ്ക്ക് എംപിമാരെ തന്നെ കളത്തിലിറക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരാകുമോ,.. അങ്ങനെ ചോദ്യങ്ങള്‍ പലതാണ് മുന്നിലുള്ളത്.
സിറ്റിങ് എംഎല്‍എമാര്‍ക്ക് നിരാശപ്പെടേണ്ടി വന്നേക്കില്ല. ഇരിക്കൂറില്‍ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.സി. ജോസഫിനെ കേരള കോണ്‍ഗ്രസ് വിട്ടുനല്‍കിയ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം ഫലം കാണാൻ സാധ്യതയുണ്ട്.
സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ഭിന്നതയുയര്‍ന്ന കോന്നിയിലും മൂവാറ്റുപുഴയിലും പാര്‍ട്ടി ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും, സിപിഎം മന്ത്രിമാര്‍ മല്‍സരിക്കാനിറങ്ങാത്ത അഞ്ചിടത്തും ആരെയിറക്കുമെന്നതും ശ്രദ്ധേയമാണ്.
എന്നാൽ, കയ്പമംഗലത്തിന് പകരം അമ്പലപ്പുഴ നല്‍കാമെന്ന് തത്വത്തില്‍ പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ മൗനം പാലിക്കുന്നതില്‍ ആര്‍എസ്പിക്ക് കടുത്ത അതൃപ്തിയുണ്ട്.
വാഗ്ദാനം ചെയ്ത ഉറപ്പുള്ള മണ്ഡലം സിഎംപി നേതാവ് സി.പി ജോണിനും കിട്ടിയിട്ടില്ല. മൂവാറ്റുപുഴയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിനും പട്ടാമ്പിയുടെ കാര്യത്തില്‍ മുസ്‌ലിം ലീഗിനും കോണ്‍ഗ്രസ് മറുപടി നല്‍കിയിട്ടില്ല.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡൽഹിയിൽ കൂടിചേരും. എംപിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് സാധ്യത പട്ടികയ്ക്ക് അന്തിമ രൂപം നൽകും.
പട്ടികയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെയാണ് ചേരുക. പരാതികൾ ഇല്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് ഹൈക്കമാൻഡ് ശ്രമം. എംപിമാരുടെ നിർദേശങ്ങൾ കേട്ട സ്ക്രീനിംഗ് കമ്മിറ്റി യോഗം സാമുദായിക പരിഗണനകളും കണക്കിലെടുത്ത് അന്തിമ പട്ടിക നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.
വിജയസാധ്യത മാത്രം കണക്കിലെടുത്ത് മുന്നോട്ട് പോകണമെന്നാണ് ഇന്നലെ എംപിമാർ സ്ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. 5 തവണ മൽസരിച്ചവരെ ഒഴിവാക്കണമെന്നു ടി.എൻ. പ്രതാപൻ എംപി നിലപാട് സ്വീകരിച്ചു. പട്ടിക രണ്ട് പേരിലേക്ക് ഇന്ന് ചുരുക്കിയേക്കാനാണ് സാധ്യത.
കൂടാതെ, യൂത്ത് കോൺഗ്രസ് ഉയർത്തിയ ആശങ്കയും ഇന്നത്തെ യോഗത്തിൽ ചർച്ചാ വിഷയമാകും. സ്ക്രീനിംഗ് കമ്മിറ്റി സമർപ്പിക്കുന്ന പട്ടികയിൽ രാഹുൽ ഗാന്ധിയുടെ നിലപാടും നിർണായകമാകും. യുവാക്കൾക്കും വനിതകൾക്കും മതിയായ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നേതാക്കളോട് നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha