പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയം ആശയക്കുഴപ്പത്തിൽ... സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ കൂട്ടരാജി സമർപ്പിച്ചു... പരസ്യ പ്രതിഷേധങ്ങൾ തുടർന്നാൽ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ച് പാർട്ടി...

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നിരവധി പൊട്ടലും ചീറ്റലും കേൾക്കുന്ന പാർട്ടിയാണ് സിപിഎം. മുഖ്യമന്ത്രിയുടെ ദാർഷ്യട്യവും അഹങ്കാരവും എല്ലാ കാര്യത്തിലും വിജയിക്കുമെന്ന ആത്മവിശ്വാസം ഇപ്പോൾ തകർന്നു തരിപ്പണമായിരിക്കുകയാണ്.
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള പ്രാദേശികമായ എതിർപ്പുകൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് നിലവിലെ സിപിഎമ്മിന്റെ തീരുമാനം. ഇന്നത്തെ മണ്ഡലം കമ്മറ്റി റിപ്പോർട്ടിങ്ങോടെ എതിർപ്പുകൾ അവസാനിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
എന്നിട്ടും പരസ്യ പ്രതിഷേധങ്ങൾ തുടർന്നാൽ അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ സി.പി.എമ്മില്‍ വ്യാപക പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചതാണ്.
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങള്‍ ഇതിനെ തുടർന്ന് രാജിവെച്ചു. പൊന്നാനി ലോക്കല്‍ കമ്മിറ്റിയിലെ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി. കെ. മഷ്ഹൂദ്, ലോക്കല്‍ കമ്മിറ്റിയംഗം എം. നവാസ്, എരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ നാക്കോല ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ നവാസ് നാക്കോല,
താഴത്തേല്‍പടി ബ്രാഞ്ച് സെക്രട്ടറി അനിരുദ്ധന്‍ കുവ്വക്കാട്ട്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി. അശോകന്‍, ബിജു കോതമുക്ക്, വെളിയങ്കോട് ലോക്കല്‍ കമ്മിറ്റിയിലെ പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എം.എം. ബാദുഷ, തണ്ണിത്തുറ ബ്രാഞ്ച് സെക്രട്ടറി വി.എം. റാഫി തുടങ്ങിയവര്‍ ഇതിനോടകം നേതൃത്വത്തിന് രാജികൈമാറിയിട്ടുണ്ട്.
ഇനി വരുദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സൂചന. ഇതിനുപുറമെ പൊന്നാനി നഗരസഭയിലെ 22 പാര്‍ട്ടി അംഗങ്ങളും പെരുമ്പടപ്പ് ലോക്കല്‍ കമ്മിറ്റിയിലെ 11, മാറഞ്ചേരി ലോക്കല്‍ കമ്മിറ്റിയിലെ നാല് പാര്‍ട്ടി അംഗങ്ങളും രാജി സമര്‍പ്പിച്ചതായാണ് വിവരം.
പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി മേഖലയില്‍ നിന്നുള്ള പാര്‍ട്ടി ജനപ്രതിനിധികളും രാജിവെക്കുമെന്ന ഭീഷണിയും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച പൊന്നാനിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം താഹിര്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തിരുന്നു.
സി.ഐ.ടി.യു. നേതാവ് പി. നന്ദകുമാറിനെ സ്ഥാനാര്‍ഥി ആക്കുന്നതിനെതിരെയാണ് പൊന്നാനിയില്‍ സി.പി.എം അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം ടി. എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് സി.പി.എം. അണികളുടെ പൊതുവികാരം.
തരൂരിൽ പി. കെ. ജമീലയെ മാറ്റിയതു കൊണ്ട് സിപിഎമ്മിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കലാപം ഒഴിയുന്നില്ല. പൊന്നാനിയിലും കുറ്റ്യാടിയിലും കൊടിയുമേന്തി അണികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന്റെ അമ്പരപ്പിലാണ് പാർട്ടി ഇപ്പോഴും.
പൊന്നാനിയിലേത് താൽക്കാലികമായ വികാരപ്രകടനമാണെന്ന് കരുതി ആശ്വസിക്കാനാണ് സംസ്ഥാന നേതൃത്വം ഇഷ്ടപ്പെടുന്നത്. എന്നാൽ ജനകീയനായ നേതാവ് ടി.എം. സിദ്ദിഖ് അവഗണിക്കപ്പെടുന്നെന്ന അമർഷം അണികളിൽ പുകയുന്നുണ്ട്.
ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തിൽ എന്തുകൊണ്ട് പി.നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയെന്ന് നേതൃത്വം വിശദീകരിക്കും. കുറ്റ്യാടിയിലും കേരള കോൺഗ്രസിന് മണ്ഡലം നൽകിയതു സംബന്ധിച്ച് ജില്ലാ നേതൃത്വം വിശദീകരിക്കും.
അരുവിക്കരയിലും ജില്ലാ നേതൃത്വം നിർദേശിച്ച സ്ഥാനാർത്ഥിയെ മാറ്റിയെങ്കിലും പരസ്യ പ്രതിഷേധം ഉണ്ടാകാത്തത് സിപിഎമ്മിന് തൽക്കാലം ആശ്വാസമായി. എന്നാൽ ഇന്ന് അരുവിക്കര മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധം ഉയർന്നേക്കും. എറണാകുളത്തും ദേവികുളത്തും സ്ഥാനാർത്ഥി കാര്യത്തിൽ ആശയക്കുഴപ്പം തീർന്നിട്ടില്ല.
https://www.facebook.com/Malayalivartha