രാഷ്ട്രീയ പിന്‍ഗാമിത്വത്തിനുള്ള സാധ്യത പുതുപ്പള്ളിയില്‍ കൂമ്പടയുന്നു... ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം തുറപ്പുചീട്ടായി പ്രയോഗിക്കുമോ എന്ന് പേടി...

ഇരിക്കൂര്‍ സീറ്റ് ചാണ്ടി ഉമ്മന് സമ്മാനിക്കാന്‍ പറ്റാത്തതെ വന്നതോടെ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ദുഖിതനായ നേതാവാണ് ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഏക മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായി ചാണ്ടി ഉമ്മന്‍ ഹാഗിയ സോഫിയയുമായി ബന്ധപ്പെട്ടു നടത്തിയ മുസ്ലീം പ്രീണന പ്രസംഗത്തിന്റ പ്രത്യാഘാതം ക്രൈസ്തവ സഭകളില്‍ നിന്നുണ്ടാകുമോ എന്ന ഭീതി ഉമ്മന്‍ ചാണ്ടിക്കുണ്ട്.
കത്തോലിക്കരും ഓര്‍ത്തഡോക്‌സും യാക്കോബായും സിഎസ്‌ഐയുമുള്ളു പുതുപ്പള്ളിയില്‍ ഇടതുപക്ഷം ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം തുറപ്പുചീട്ടായി പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ജില്ലാ ഘടകം. എന്തായാലും ചാണ്ടി ഉമ്മനെ പ്രചാരണത്തില്‍ ഇത്തവണ പുതുപ്പള്ളിയില്‍ മാറ്റിനിറുത്താണ് നീക്കം.
40 വര്‍ഷം ഇരിക്കൂറില്‍ മത്സരിച്ചുവന്ന കെസി ജോസഫ് എ ഗ്രൂപ്പ് നായകനായ ഉമ്മന്‍ ചാണ്ടിയുടെ പ്രീണനത്തിനായി മകന്‍ ചാണ്ടി ഉമ്മന് ഇരിക്കൂര്‍ സമ്മാനിച്ച് കോട്ടയത്ത് പുതിയ ലാവണം തേടാനുള്ള ഒരുക്കത്തിലായിരുന്നു.
ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന് കെസി ജോസഫ് പ്രസ്താവന പുറപ്പെടുവിക്കുകയും ആ വാര്‍ത്ത പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് നേരിട്ടറിയിക്കുകയും ചെയ്ത് കെസി ജോസഫ്, ഉമ്മന്‍ ചാണ്ടിയെ പ്രീണിപ്പിക്കുന്ന വേളയിലാണ് ചാണ്ടി ഉമ്മന്റെ അനവസരോചിതമായ പ്രസംഗം പുറത്തുവന്നത്.
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ഇതര ക്രൈസ്തവ സംഘടനകളും ചാണ്ടി ഉമ്മന്റെ പ്രസംഗത്തെ അപലപിക്കുകയും പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇരിക്കൂര്‍ സീറ്റ് കൈവിട്ടുപോയി എന്നതില്‍ മാത്രമല്ല മകന്റെ രാഷ്ട്രീയഭാവി കൂമ്പടഞ്ഞതില്‍ ഏറെ ആശങ്കയിലാണ് ഉമ്മന്‍ ചാണ്ടി.
ഒന്നോ രണ്ടോ ടേം മകനെ ഇരിക്കൂറില്‍ മത്സരിപ്പിക്കുകയും തനിക്കു ശേഷം പുതുപ്പള്ളിയിലേക്ക് കുടിയേറ്റുകയും ചെയ്യാനുള്ള നീക്കത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയും കെസി ജോസഫും.
ആറു മാസം മുന്‍പ് തന്നെ കെസി ജോസഫും ഉമ്മന്‍ ചാണ്ടിയും ഇരിക്കൂര്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. താന്‍ ഇരിക്കൂറില്‍ മത്സരിക്കില്ലെന്നും അവിടെ യുവാക്കള്‍ക്കായി മാറിക്കൊടുക്കുകയാണെന്നും കെസി ജോസഫ് പല തവണ പ്രഖ്യാപിച്ചത് ചാണ്ടി ഉമ്മനെ മുന്നില്‍ കണ്ടായിരുന്നു.
എട്ടു തവണ ഇരിക്കൂറില്‍ ജയിച്ച കെസി ജോസഫ് അന്‍പതു വര്‍ഷം നിയമസഭയില്‍ ഇരിക്കാനുള്ള ആഗ്രഹത്തില്‍ ചങ്ങനാശേരി സീറ്റ് കണ്ടു വയ്ക്കുകയും ചെയ്താണ് നീക്കം നടത്തിപ്പോന്നത്. 85-ാം വയസില്‍ എംഎല്‍എ പദവിയില്‍ നിന്ന് വിരമിക്കാനുള്ള താല്‍പര്യത്തിലായിരുന്നു കെസി ജോസഫ്.
കത്തോലിക്കര്‍ക്ക് മുന്‍തൂക്കമുള്ള ഇരിക്കൂറില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനായ ചാണ്ടി ഉമ്മന് അനുകൂലമായി ഇരിക്കൂറില്‍ കളം ഒരുക്കിയശേഷം ചങ്ങനാശേരി തന്റെ സ്വന്തം നാടാണെന്ന് പ്രഖ്യാപനവുമായാണ് കെസി ജോസഫ് കോട്ടയത്ത് കരുനീക്കം നടത്തിപ്പോന്നത്.
ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തന്‍ എന്ന നിലയില്‍ ചങ്ങനാശേരി കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചങ്ങനാശേരില്‍ കരുനീക്കം തുടങ്ങിയപ്പോഴാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആ സീറ്റ് പിടിച്ചുവാങ്ങിയത്. ഇതോടെ ഏറ്റുമാനൂര്‍ സീറ്റിനായി കെസി ജോസഫും ഉമ്മന്‍ ചാണ്ടിയും അടുത്ത നീക്കം തുടങ്ങിയതോടെ ആ സീറ്റും ജോസഫിന് നല്‍കേണ്ടിവന്നപ്പോഴാണ് കാഞ്ഞിരപ്പള്ളി സീറ്റിലേക്ക് കെസി ജോസഫ് ഉന്നം വെച്ചിരിക്കുന്നത്.
ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ സാധ്യതകള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക് മങ്ങലേല്‍ക്കുക മാത്രമല്ല ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിത്വത്തിനുള്ള സാധ്യതകളാണ് പുതുപ്പള്ളിയില്‍ ഉള്‍പ്പെടെ കൂമ്പടയുന്നത്. ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന ഉളവാക്കുന്നത് ആണെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വോട്ട് ലക്ഷ്യമാക്കി വര്‍ഗീയത വളര്‍ത്തുന്നത് ആശ്വാസ്യമല്ലെന്നും കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ മുന്‍പ് പ്രസ്താവനയിറക്കിയിരുന്നു.
ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്ര പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാര്‍ത്രിയാര്‍ക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. തുര്‍ക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്.
ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കള്‍ ശ്രദ്ധിക്കണമെന്ന് കെ സി ബി സി പ്രസ്താവിച്ചിരുന്നു.
തുര്‍ക്കി ഭരണാധികാരി എര്‍ദോഗന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചു കൊണ്ട് ചന്ദ്രികയില്‍ ലേഖനമെഴുതിയ മുസ്ലിംലീഗ് നേതാവിനെ ന്യായീകരിക്കുകയാണ് ചാണ്ടി ഉമ്മന്‍ ചെയ്തത്. കോഴിക്കോട് മുസ്ലിം യൂത്ത് ലീഗിന്റെ ഇന്‍സൈറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ചാണ്ടി ഉമ്മന്‍ വിവാദ പരാമര്‍ശം നടത്തിയത്.
https://www.facebook.com/Malayalivartha