'സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദറിനെ വേണ്ട'... കളമശ്ശേരിയിൽ പി. രാജീവിനെതിരെ വീണ്ടും പോസ്റ്റർ യുദ്ധം പ്രഖ്യാപിച്ച് പ്രവർത്തകർ...

വിവാദത്തിലും പിരിമുറുക്കത്തിലും അകപ്പെട്ട് ആകെ വഷളായി ഇരിക്കുന്ന പാർട്ടിക്ക് വീണ്ടും പ്രതിരോധം തീർക്കുകയാണ് സിപിഎമ്മിന്റെ പ്രവർത്തകർ. കളമശേരി മണ്ഡലത്തിൽ സിപിഎം പരിഗണിക്കുന്ന സ്ഥാനാർഥി പി. രാജീവിനെതിരെ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ഇത്തവണ 'അഴിമതി വീരൻ സക്കീറിന്‍റെ ഗോഡ് ഫാദർ രാജീവിനെ കളമശേരിക്ക് വേണ്ട' എന്നാണ് പോസ്റ്ററിൽ ഉള്ളത്. കളമശേരി നഗരസഭ ഓഫീസിന് മുമ്പിലാണ് പോസ്റ്റർ കാണപ്പെട്ടത്. തിങ്കളാഴ്ചയും കളമശേരി നഗരസഭ ഓഫീസിന് മുമ്പിൽ പി. രാജീവിനെതിരായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.
കളമശേരിയിൽ രാജീവിനെ വേണ്ടെന്നും തൊഴിലാളി നേതാവ് ചന്ദ്രൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിലും കെ. ചന്ദ്രൻപിള്ളയുടെ വീടിന് പുറത്തും പോസ്റ്റർ പതിച്ചിരുന്നു.
പി. രാജീവ് വേണ്ട, കെ. ചന്ദ്രൻ പിള്ള മതി, വെട്ടിനിരത്തൽ എളുപ്പമാണ് വെട്ടിപ്പിടിക്കാനാണ് പാട്, വിതച്ചിട്ടില്ല, പ്രബുദ്ധതയുള്ള കമ്യൂണിസ്റ്റുകൾ പ്രതികരിക്കുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങൾ. പാർട്ടി ജില്ല കമ്മിറ്റി നിർദേശപ്രകാരം കെ. ചന്ദ്രൻ പിള്ളയുടെ പേരാണ് സ്ഥാനാർഥി പട്ടികകളിൽ ആദ്യഘട്ടത്തിൽ ഇടം പിടിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഎമ്മിൽ മുൻപെങ്ങും ഇല്ലാത്ത വിധം പോസ്റ്റർ യുദ്ധം സംസ്ഥാന വ്യാപകമായി തുടരുകയാണ്. മഞ്ചേശ്വരത്ത് ജയാനന്തക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
മഞ്ചേശ്വരത്ത് ജയാനന്ത വേണ്ട എന്നാണ് സിപിഎം അനുഭാവികളുടെ പേരിൽ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകൾ കാണുന്നത്.
സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ത. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
എന്തായാലും പോസ്റ്ററിനെ കുറിച്ച് പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. നേരത്തെ മന്ത്രി എ.കെ. ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തരൂരിൽ മന്ത്രി എ. കെ. ബാലന്റെ ഭാര്യ പി. കെ. ജമീലയെ സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മന്ത്രിയുടെ വീടിന് സമീപവും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് പോസ്റ്ററുകൾ പതിച്ചത്. സേവ് കമ്യൂണിസത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്ന് പോസ്റ്ററിൽ സൂചിപ്പിക്കുന്നു.
ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുകയെന്നും അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർ ഭരണം ഇല്ലാതാക്കുമെന്നും സേവ് കമ്മ്യൂണിസത്തിന്റെ പോസ്റ്ററിൽ വിമർശനമുന്നയിച്ചിരുന്നു.
നേരത്തെ ആലപ്പുഴയിലും പൊന്നാനിയിലും പാര്‍ട്ടി നേതൃത്വങ്ങള്‍ക്കെതിരേ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അമ്പലപ്പുഴയില്‍ ജി. സുധാകരനെയും പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണനേയും മാറ്റി നിര്‍ത്തിയതിനെതിരേയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha