"പാലക്കാട്ടെ ജനങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്" മത്സരം പാലക്കാട് തന്നേയെന്ന് ഷാഫി പറമ്പിൽ; എംഎൽഎമാർ മണ്ഡലം മാറേണ്ടതില്ലെന്ന് ഉമ്മൻചാണ്ടി, ബഹിഷ്കരിച്ച് മുരളീധരൻ

കോൺഗ്രസിലെ പാലക്കാട്ടെ വിമതനീക്കവും ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വവും ചർച്ചയാകുന്നതിനിടെ സിറ്റിംഗ് എംഎൽഎമാർ അതത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കട്ടേയെന്ന നിർദ്ദേശവുമായി ഉമ്മൻ ചാണ്ടി.
ഷാഫിയെ പട്ടാമ്പിയിലേക്ക് മാറ്റാനുള്ള വിമത നീക്കങ്ങൾക്കിടയിലാണ് എംഎൽഎമാർ സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കട്ടെയെന്ന നിർദ്ദേശവുമായി ഉമ്മൻചാണ്ടി രംഗത്തെത്തിയത്. ഇരിക്കൂർ വേണ്ട പകരം ചങ്ങനാശേരിയോ കാഞ്ഞിരപ്പള്ളിയോ വേണമെന്ന കെ സി ജോസഫിന്റെ ആവശ്യം പരിഗണിക്കണമെന്നും ഉമ്മൻചാണ്ടി നിർദ്ദേശിച്ചതായാണ് വിവരം.
പാലക്കാട്ട് നിന്നും ഷാഫിയെ പട്ടാമ്പിയിലേക്ക് മാറ്റി, പാലക്കാട് എ വി ഗോപിനാഥിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം.എന്നാൽ ഷാഫി ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. പട്ടാമ്പിയിലേക്ക് തനിക്ക് മാറണമായിരുന്നെങ്കിൽ എന്നേ മാറാമായിരുന്നു.
പാലാക്കട്ടെ ജനങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. അതിനാൽ തന്നെ ഞാൻ പാലക്കാട് മത്സരിക്കും. പട്ടാമ്പിയിലേക്ക് എന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും, ഇ. ശ്രീധരനല്ല ആര് വന്നാലും പാലക്കാട് യുഡിഎഫ് തന്നെ വിജയിക്കുമെന്നും ഷാഫി പ്രതികരിച്ചു.
അതേസമയം മത്സരിക്കാൻ താല്പര്യമില്ലാത്ത എന്നെ എന്തിനാണ് സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് എ വി ഗോപിനാഥ്. പാലക്കാട് നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ താനില്ലെന്ന് കോൺഗ്രസിൽ വിമത നീക്കം നടത്തിയ എ വി ഗോപിനാഥ്.
നിയമസഭാ സീറ്റ് തനിക്ക് വേണ്ട,തന്നെ സ്ഥാനാർഥി ആക്കുന്നതിലൂടെ പരിഹരിക്കാനാവുന്നതല്ല വിഷയം. മത്സരിക്കാൻ മനസ്സില്ലാത്ത എനിക്ക് എന്തിനാണ് സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിക്കുന്നത്. പാർട്ടിക്ക് ഗുണകരമായ നേതൃത്വം വരട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു. എന്റെ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ വച്ചപ്പോഴും എന്നോട് ആലോചിച്ചില്ല. ആരെയെങ്കിലും കൊണ്ട് വന്നു അവസാനിപ്പിക്കാനാണ് ശ്രമിച്ചത്.
സ്ഥാനാർഥി നിർണ്ണയത്തിനുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഇന്നും ദില്ലിയിൽ ചേരും. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും കോൺഗ്രസ് അന്തിമ പട്ടിക തയ്യാറാക്കുക.
ഇതനുസരിച്ച് കോൺഗ്രസ് എംപിമാർ തങ്ങളുടെ നിർദ്ദേശങ്ങൾ സ്ക്രീനിംഗ് കമ്മിറ്റിയ്ക്ക് മുന്നിൽ വ്യക്തമാക്കിയതായാണ് വിവരം. എന്നാൽ കെ. മുരളീധരൻ എംപി സ്ക്രീനിംഗ് കമ്മിറ്റി ബഹിഷ്ക്കരിച്ചു. പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പുതുതായി പറയാൻ ഒന്നും ഇല്ലന്നുമാണ് മുരളീധരന്റെ പ്രതികരണം.
https://www.facebook.com/Malayalivartha