പി. ജയരാജനെ കടുംവെട്ട് വെട്ടി പിണറായി വിജയൻ... പിണറായി ജയരാജനെ ഒപ്പം വളര്‍ത്തില്ല...

കണ്ണൂരില്‍ മൂന്നു പതിറ്റാണ്ടിലേറെയായി സിപിഎമ്മിന്റെ മുന്‍നിര വിലാസമായിരുന്ന പി. ജയരാജനെയും സഹോദരിയും മുന്‍ എംപിയുമായ പി. സതീദേവിയെയും പിണറായി പക്ഷം തക്കം നോക്കി വെട്ടിനിരത്തി. പി.ജെ. ആര്‍മിയുടെ പ്രകടനങ്ങളും പ്രതിഷേധങ്ങളും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം.
കണ്ണൂര്‍ സിപിഎമ്മില്‍ പിണറായി വിജയനും പാര്‍ട്ടിയ്ക്കും ഉയരത്തിലേക്ക് ജയരാജന്‍ പി.ജെ. ആര്‍മിയുടെ അകമ്പടിയില്‍ വളര്‍ന്നു പന്തലിച്ചതോടെ രണ്ടു വര്‍ഷം മുന്‍പേ ശിഖിരം വെട്ടി, ഇപ്പോഴിതാ തായ്ത്തടിയും വെട്ടിയിരിക്കുന്നു. മുന്‍ എംപി ജനാധിപത്യ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹിയുമായ പി. സതീദേവിയും സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടു.
കണ്ണൂരില്‍ പി. ജയരാജന് ആയിരക്കണക്കിന് അണികളുണ്ടെങ്കിലും ജില്ലാ കമ്മിറ്റിയില്‍ ഒരാള്‍ പോലും ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടില്ല.
പിണറായിയുടെ ആജ്ഞയും ആഗ്രഹവും പോലെ ഏറെക്കുറെ ജയരാജനെ രാഷ്ട്രീയ വനവാസത്തിലേക്ക് പാര്‍ട്ടി ഒതുക്കിക്കഴിഞ്ഞു. പാര്‍ട്ടിക്കു വേണ്ടി ജീവിക്കുകയും പാര്‍ട്ടിയുടെ പോരാട്ടങ്ങളില്‍ കരുക്കള്‍ നീക്കുകയും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം അല്ലാത്ത എല്ലാ പ്രസ്ഥാനങ്ങളെയും മുളയോടെ ചവിട്ടിമെതിക്കുകയും ചെയ്ത ജയരാജന്റെ വിലാസം സിപിഎം തൂത്തെറിഞ്ഞിരിക്കുന്നു.
നാലു പതിറ്റാണ്ടു നീണ്ട കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്ന എം.വി. ജയരാജനും ഇ. പി. ജയരാജനും കോടിയേരിയും ശ്രീമതിയുമൊക്കെ ഉന്നതകളിലെത്തിയിട്ടും ജയരാജനെ പിണറായി അവര്‍ക്കൊപ്പം വളര്‍ത്തിയില്ല.
കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനം വഹിക്കുകയും പാര്‍ട്ടി ഓഫീസില്‍ താമസമാക്കുകയും ചെയ്ത ജയരാജന്‍ എല്ലാത്തരത്തിലും അപ്രസക്തനായിരിക്കുന്നു. മറ്റൊരു എംവി രാഘവനായി മാറാനുള്ള ആസ്തിയും ആയുസും പി ജയരാജന് ബാക്കിയില്ലതാനും.
2001 മുതല്‍ മൂന്നു തവണ കൂത്തുപറമ്പില്‍ നിന്ന് നിയമസഭാംഗമായിരുന്നു ജയരാജന്‍. കോടതി വിധിയെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം നഷ്ടമായ 2005-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിലും വിജയിച്ചു.
ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റ് മാനേജരും ജനറല്‍ മാനേജരുമായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ പാട്യം കിഴക്കേ കതിരൂരില്‍ കാരായി കുഞ്ഞിരാമന്റെയും പാറായില്‍ ദേവിയുടേയും മകനായ ജനിച്ച ജയരാജന്റെ ജന്മവും ജീവിതവും സിപിഎമ്മിനു മാത്രമുള്ളതായിരനുന്നു.
ചോരച്ചാലുകള്‍ നീന്തിക്കയറിയ രാഷ്ട്രീയ ഇന്നലെകളില്‍ കൊലക്കേസുകള്‍ ഉള്‍പ്പെടെ അന്‍പതോളം കേസുകളില്‍ പ്രതിസ്ഥാനത്തെത്തി.
ചെറുപ്പത്തില്‍ എസ്.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ജയരാജന്‍ 1972-ല്‍ സി.പി.എം അംഗമായി. 1980 മുതല്‍ 1990 വരെ കൂത്തുപറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറിയും 1986-ല്‍ സി.പി.എം ജില്ലാക്കമ്മറ്റിയംഗവും 1990-ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 1998 മുതല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗവുമായി.
1999-ലെ തിരുവോണ നാളില്‍ രാഷ്ട്രീയ എതിരാളികളുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ജയരാജന് ഇന്നും കൈകള്‍ക്ക് ചലനശേഷി പരിമിതമാണ്.
2010-ല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഉയര്‍ന്നതോടെ ഇദ്ദേഹം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി.
2011 മുതല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ 2015 മുതല്‍ പിണറായി വിജയനും കണ്ണൂര്‍ സിപിഎം ലോബിക്കും കണ്ണിലെ കരടായി മാറി.
2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിക്കാനായ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. കോണ്‍ഗ്രസിലെ കെ. മുരളീധരനോട് പരാജയപ്പെട്ടതിനുശേഷം തിരികെ സെക്രട്ടറി സ്ഥാനം നല്‍കാന്‍ പിണറായി താല്‍പര്യപ്പെട്ടില്ല.
കതിരൂര്‍ മനോജ് വധക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം പി. ജയരാജനെ മുന്‍പ് ചോദ്യം ചെയ്തിരുന്നു. ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാണ്. ആര്‍എംപി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ജയരാജന്‍ ആരോപണ വിധേയനായിരുന്നുജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ് ആര്‍.എസ്.എസ് നേതാവായ കതിരൂരിലെ മനോജ് കൊല്ലപ്പെടുന്നത്.
കണ്ണൂരിലെ കഠാരാഷ്ട്രീയത്തെ ജയരാജന്‍ താലോലിച്ചുവളര്‍ത്തി പാര്‍ട്ടിയില്‍ ഒരു വാടകക്കൊലയാളികളെ വളര്‍ത്തുവെന്ന ആരോപണം പലപ്പോഴായി ഉയരുകയും ചെയ്തു.
വടകര എംപിയായിരിക്കെ പി. സതീദേവിയുടെ രണ്ടാമത്തെ ലോക്‌സഭാ ഇലക്ഷനില്‍ ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ സ്ഥാനാര്‍ഥിയായി മുപ്പതിനായിരത്തോളം വോട്ടുകള്‍ പിടിച്ചതിലും സതീദേവിയെ തോല്‍പ്പിച്ചതിലുള്ള അമര്‍ഷവുമാണ് അതിദാരുണമായ കൊലപാതകത്തിന് കളമൊരുക്കിയതെന്ന് ആരോപണം ഇന്നും നിലനില്‍ക്കുന്നു.
https://www.facebook.com/Malayalivartha