ദേശീയ നേതൃത്വത്തിന്റെ ആവശ്യപ്രകാരം പാർട്ടിയിൽ സജീവമായ ശോഭാ സുരേന്ദ്രനെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി; അമർഷം പുകയുന്നു

അമിത് ഷായുടെ വാക്കിന് പോലും വിലകൽപ്പിക്കുന്നില്ല. പാർട്ടിക്കുള്ളിൽ ശോഭാ സുരേന്ദ്രന് വീണ്ടും ഞെരുക്കം. ഇപ്രാവശ്യം തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്നും ശോഭാ സുരേന്ദ്രനെ തഴഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. വീണ്ടും ശോഭാ സുരേന്ദ്രനെ മാറ്റിനിർത്തുന്നതും തഴയുന്നതും പ്രകടമായി വരികയാണ്.
ദേശീയ നേതൃത്വത്തിന്റെ ആവശ്യപ്രകാരം സജീവമായിട്ടും ശോഭ സുരേന്ദ്രനെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതിൽ ബിജെപിക്കുള്ളിൽ പ്രതിഷേധവും ശക്തമാകുന്നു. തിരുവനന്തപുരത്ത് അമിത് ഷാ പങ്കെടുത്ത റാലിയിൽ പ്രസംഗ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അവസാന നിമിഷം ഒഴിവാക്കി .
ശോഭ ഉയർത്തിയ വിഷയങ്ങൾ ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാൽ, അമിത് ഷാ പങ്കെടുത്ത കോർ കമ്മിറ്റി യോഗം, വിഷയത്തിൽ ദേശീയ നേതൃത്വത്തിന്റെ അതൃപ്തി പ്രകടിപ്പിച്ചതായി ശോഭാ സുരേന്ദ്രൻ വിഭാഗം വെളിപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി പങ്കെടുത്ത കൊച്ചിയിലെ കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം മുന്നോട്ടു വച്ച, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന നിർദേശം
അനുസരിക്കാത്തതിനാലാണ് അമിത് ഷാ തന്നെ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചത്.
പരിഗണനയിലും പ്രഖ്യാപനത്തിലും ഇനി ഉണ്ടാകരുതെന്നും ശോഭയെ ഉൾക്കൊണ്ടു പോകണമെന്നും ദേശീയ നേതൃത്വം അറിയിച്ചു . എന്നാൽ, മുരളീധര പക്ഷം ശോഭയെ സ്വീകരിക്കാൻ തയാറല്ല എന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.ബിജെപിയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് ഗ്രൂപ്പുകൾ സീറ്റ് വീതംവയ്ക്കുന്നതിലുള്ള തർക്കം തുടരുന്നത്കൊണ്ടാണ് എന്ന സൂചനകൾ ലഭ്യമാകുന്നുണ്ട്.
മൂന്ന് തവണ കോർ കമ്മിറ്റിയും ഒരു തവണ ഇലക്‌ഷൻ കമ്മിറ്റിയും ചേർന്നിട്ടും സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പതിനൊന്നിന് വീണ്ടും യോഗം ചേർന്ന് തർക്കം പരിഹരിക്കാമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട്.
കോർ കമ്മിറ്റി അംഗങ്ങൾ എപ്ലസ് മണ്ഡലങ്ങൾ പങ്കുവച്ച് എടുക്കുകയും അടുത്ത കാലത്തു പാർട്ടിയിലേക്ക് വന്നവർക്കെല്ലാം പ്രധാന മണ്ഡലങ്ങൾ നൽകുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ബിജെപിയെ കേരളത്തിൽ വളർത്തിയ ജനപിന്തുണയുള്ള നേതാക്കൾക്ക് സീറ്റ് നൽകാതിരുന്നാൽ അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നൽകി കഴിഞ്ഞിരിക്കുകയാണ് .
സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ബിജെപിയിൽ കലാപം ശക്തമാകും എന്നാണ് വിലയിരുത്തൽ. ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കിയതിൽ പ്രതിഷേധത്തെ തുടർന്ന് കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാൻ കെ.സുരേന്ദ്രന്റെ അടവ് നയമെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha