പോസ്റ്റർ തലവേദനകളിൽ വീർപ്പുമുട്ടി മുന്നണികൾ... കോൺഗ്രസ് കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ വേണ്ടെന്നും പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യം ശക്തം...

എൽഡിഎഫിലെ ഒരു റൗണ്ട് പോസ്റ്റർ യുദ്ധം കഴിഞ്ഞപ്പോൾ പിന്നാലെ പോസ്റ്റര്‍ തലവേദന കോണ്‍ഗ്രസിലും എത്തി. അണികൾക്ക് നേതൃത്വത്തിനെതിരെ പ്രതികരിക്കാൻ പറ്റുന്ന ഒരു സംവേദന മാർഗമായാണ് പോസ്റ്ററുകളെ കാണുന്നത്.
ആലപ്പുഴയിലെ ഡി.സി.സി. ഓഫീസ് കെട്ടിടത്തില്‍ ഉള്‍പ്പെടെ ഇപ്പോൾ നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ ഭിത്തികളിൽ പതിപ്പിച്ചിരിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും വ്യാപക പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഇന്നലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നപ്പോള്‍ തന്നെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ തോതില്‍ അസംതൃപ്തി പടര്‍ന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.സി.സിയ്ക്കു മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ വേണ്ട, അമ്പലപ്പുഴയെ അറിയുന്ന സ്ഥാനാര്‍ഥിയെ മണ്ഡലത്തിന് മതി തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.
ഉമ്മന്‍ ചാണ്ടിക്കും സുധീരനും കെ.സി. വേണുഗോപാലിനും എതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ഉൾപ്പെടുന്നുണ്ട്. സുധീരനെ പുറത്താക്കണമെന്നും ചില പോസ്റ്ററുകളില്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.
ആലപ്പുഴ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥിയായി ഡോ. കെ. എസ്. മനോജിനെ നേരത്തേ പരിഗണിച്ചിരുന്നു. എന്നാല്‍ സുധീരന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും നഗരസഭാ കൗണ്‍സിലറായിരുന്ന വ്യക്തിയെ സ്ഥാനാര്‍ഥിയാക്കാനുമുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.
ഇത്തരം മത്സരങ്ങള്‍ എല്‍.ഡി.എഫിനെ സഹായിക്കുമെന്ന വികാരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും ഒരുപോലെ ഉള്ളത്. അമ്പലപ്പുഴയില്‍ കെ.പി.സി.സി. സെക്രട്ടറി ത്രിവിക്രമന്‍ തമ്പിയുടെ പേര് സാധ്യതാ പട്ടികയിലുണ്ടായിരുന്നു.
എന്നാല്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തോടും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. എ.എ. ഷുക്കൂറോ എം. ലിജുവോ വരണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
കൂടാതെ, മന്ത്രി ജി. സുധാകരനെ വീണ്ടും മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴയില്‍ ഫ്‌ളക്‌സുളും പ്രത്യക്ഷപ്പെട്ടു. എ.ഐ.ടി.യു.സിയുടെ പേരിലാണ് ബോര്‍ഡുകൾ വച്ചിരിക്കുന്നത്.
നാടിനാവശ്യം നന്മയെങ്കില്‍ നമുക്കെന്തിന് മറ്റൊരാള്‍ എന്നാണ് ബോര്‍ഡിൽ എഴുതിയിരിക്കുന്ന വാചകം. തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവരെ ഒഴിക്കാണമെന്ന മാനദണ്ഡത്തിന്റെ ഭാഗമായി അമ്പലപ്പുഴയിലെ സിറ്റിങ് എംഎല്‍എ ജി. സുധാകരനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനിച്ചിരുന്നു.
ഇതിനിടെ ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജനെതിരെയും പോസ്റ്ററും ഉയര്‍ന്നിട്ടുണ്ട്. ചിത്തരഞ്ജന്‍ കെട്ടിയിറക്കപ്പെട്ട സ്ഥാനാര്‍ഥിയാണെന്നാണ് ആക്ഷേപം. സേവ് സിപിഎം എന്ന പേരിലാണ് പോസ്റ്ററുകൾ.
അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് ആറു മണിക്ക് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക.
കഴിഞ്ഞ അഞ്ചു ദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ചുനടന്ന സ്‌ക്രീനിങ് കമ്മിറ്റിക്കൊടുവിലാണ് സാധ്യതപട്ടിക വിലയിരുത്തി അന്തിമ സ്ഥാനാര്‍ഥി പട്ടികയിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. നേമത്ത് ഉമ്മന്‍ചാണ്ടി തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
നേമത്ത് മത്സരിക്കാനുളള സന്നദ്ധത ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ നേരത്തേ അറിയിച്ചിരുന്നു. സോണിയാഗാന്ധിയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക.
ഗ്രൂപ്പ് യോഗത്തിലും തികഞ്ഞ ആത്മവിശ്വാസമാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിച്ചത്. തന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് ഗുണകരമാകുമെങ്കില്‍ വെല്ലുവിളി ഏറ്റെടുക്കാമെന്നും ആരെങ്കിലും കാലുവാരുമെന്ന് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും വോട്ടുമറിച്ചാല്‍പ്പോലും ജയിക്കാനാകുമെന്ന ആത്മവിശ്വാസവും ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഗ്രൂപ്പ് യോഗത്തില്‍ എ ഗ്രൂപ്പിലെ യുവനേതാക്കളാണ് ഉമ്മന്‍ചാണ്ടിയോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴും ഉമ്മന്‍ചാണ്ടി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിട്ട് തന്നെയായിരിക്കും നേമത്ത് ഇറങ്ങുക എന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha