സിനിമാറ്റിക്ക് മോഡൽ ക്ലൈമാക്സ് പ്ലാൻ ചെയ്ത് ഉമ്മൻചാണ്ടി.... സെറ്റിടാൻ സഹായിച്ച് കെ.സി. ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും... സംഗതി എന്തായാലും ഏറ്റു...

അപാരനാടകമായിരുന്നു ഇന്നു രാവിലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി നായകനായി അരങ്ങേറിയത്. കുഞ്ഞുഞ്ഞിനു വേണ്ടി എ ഗ്രൂപ്പുകാര്‍ സെറ്റിട്ട് നടത്തിയ നാടകം അപാര ഹിറ്റായി.
ഉമ്മന്‍ ഉദ്ദേശിച്ചതുപോലെ പുതുപ്പള്ളിയില്‍ തന്നെ കുറ്റിയടിക്കാന്‍ സാഹചര്യവും ഒരുക്കിത്തീര്‍ത്തു. നേമത്തു മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതോടെ ഡല്‍ഹിയില്‍നിന്ന് ഇന്നലെ രാത്രി ഓടിയ ഉമ്മന്‍ ചാണ്ടി ഇന്നു രാവിലെ പത്തിന് പുതുപ്പള്ളിയില്‍ പൊങ്ങിയെന്ന് പറഞ്ഞാല്‍ മതി.
ഉമ്മന്‍ ചാണ്ടിയെ വിടില്ലെന്നും ഉമ്മന്‍ ചാണ്ടി ചങ്കാണെന്നും പറയാന്‍ ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഇന്നലെ രാത്രി തന്നെ കളത്തിലിറക്കിയിരുന്നു.
ഒന്‍പതു മണ്ഡലം പ്രസിഡന്റുമാര്‍ക്കു പുറമെ ഉമ്മന്‍ ചാണ്ടിയുടെ ചങ്കും കരളും എന്നു വിശേഷണമുള്ള കെസി ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ രാവിലെ തന്നെ നില്‍പ്പുറപ്പിച്ചു. ഇന്ന് പുതുപ്പള്ളില്‍ ബോംബു പൊട്ടുമെന്നും രാവിലെ പത്തിന് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ വരണമെന്നും കോട്ടയത്തെ പത്രം ചാനല്‍പ്പടയെ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ രാത്രി വിളിച്ചറിയിച്ചു.
സിനിമാ ഷൂട്ടിംഗിനെ തോല്‍പ്പിക്കുന്ന ആരവത്തോടെ പുതുപ്പള്ളിയില്‍ തമ്പടിച്ചു. രാവിലെ എട്ടു മണിയോടെ അന്‍പതോളം സ്ത്രീകളെയും എ ഗ്രൂപ്പുകാര്‍ പുതുപ്പള്ളിയില്‍ ചാണ്ടിയുടെ വീട്ടുമുറ്റത്ത് ഇരുത്തി.
ഉമ്മന്‍ ചാണ്ടിയില്ലാത്ത ജീവിതം ചിന്തിക്കാനേ വയ്യെന്ന മട്ടില്‍ ഒരു നിര വനിതകള്‍ മുദ്രാവാക്യം മുഴക്കിത്തുടങ്ങിയതോടെ യൂത്ത് കോണ്‍ഗ്രസുകാരിലേക്കുള്ള ചാനലുകളുടെ ചാനല്‍ സ്ത്രീകളുടെ മുന്നിലേക്ക് തിരിഞ്ഞു.
ഒട്ടുവൈകാതെ ആത്മഹത്യാ ഭീഷണിയുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനം തോല്‍പ്പിച്ച ഒരു യൂത്ത് കോണ്‍ഗ്രസുകാരന്‍ ഉമ്മന്‍ ചാണ്ടിയുടെ പുരയുടെ മുകളില്‍ കയറി ഇരിപ്പായി.
ഉമ്മന്‍ ചാണ്ടി നേമത്തേക്കും പോകുമെന്നും പകരം പുതുപ്പള്ളിയില്‍ ഇളയ മകള്‍ അച്ചു ഉമ്മന്‍ മത്സരിക്കുമെന്നായിരുന്നു കിംവദന്തി. മകന്‍ ചാണ്ടി ഉമ്മന്‍ ക്രിസ്ത്യന്‍ വിരുദ്ധ പ്രസംഗം പറഞ്ഞതിന്റെ പേരില്‍ വേണ്ടതിലധികം വാങ്ങിച്ചുകെട്ടി എവിടെയൊക്കെയോ ഒളിവില്‍ കഴിയുകയാണ്.
ഈ സാഹചര്യത്തിലാണ് ഗള്‍ഫില്‍ കഴിയുന്ന മകള്‍ അച്ചു ഉമ്മനെ കളത്തിലിറക്കി ഉമ്മന്‍ നേമത്തേക്ക് പോകുമെന്ന കരക്കമ്പിയുണ്ടായത്.
പുതുപ്പള്ളിയിലെ നസ്രാണി വോട്ടുകളുടെ പിന്‍ബലത്തിലാണ് ഉമ്മന്‍ തോല്‍ക്കാതെ ജയിക്കുന്നതെന്നും നേമത്തുപോയാല്‍ നായര്‍ ഈഴവ വോട്ടുകള്‍ പുതുപ്പള്ളി പോലൊന്നും വിഴില്ലെന്നും അറിയാനുള്ള ബുദ്ധി പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്റെ തലമണ്ടയിലുണ്ട്.
ഹൈക്കമാന്‍ഡിന്റെ മണ്ടപോയ ചിന്ത നടപടിയാകുന്നതു മുന്‍പേ പുതുപ്പള്ളിയിലേക്ക് കൂഞ്ഞുഞ്ഞ് പറന്നു പോരുകയായിരുന്നു. രാവിലെ പത്തു മണിക്ക് ഉമ്മന്‍ വീട്ടില്‍ വരുന്നതിനു മുന്‍പ് ഉമ്മന്‍ ചാണ്ടിയെ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് കെ.സി. ജോസഫ് ചെറിയ പ്രസംഗരൂപേണ മാധ്യമങ്ങളെ അറിയിച്ചു.
സംസ്ഥാനത്താകെ പ്രചാരണം നടത്തേണ്ട ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുകയാണ് വേണ്ടതെന്ന് കെ.സി. ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി നേതൃത്വം എഐസിസിക്ക് കത്തയച്ചിരുന്നു.
ഇതിനിടെ കാറില്‍ വീട്ടിലേക്ക് ഉമ്മന്‍ ചാണ്ടി 10.30ന് വന്നതോടെ വഴി തടഞ്ഞും മുദ്രാവാക്യം വിളിച്ചും ഉമ്മനെ വീട്ടിലേക്ക് എ ഗ്രൂപ്പുകാര്‍ ആനയിച്ചു.
ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഇതേ വരെ ഒരിടത്തും സീറ്റുകിട്ടാതെ കരയുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഉമ്മന്‍ചാണ്ടിയോടു സങ്കടം പറയാന്‍ വന്നെങ്കിലും അതൊന്നും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. അവസാനം തന്ത്രപരവും വികാരപരവുമായ ഒരു പ്രതികരണം ഉമ്മന്‍ നടത്തി.
പ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയതോടെ പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചതിനൊപ്പം നേമത്തേക്കു പോകില്ലെന്നും ആണയിട്ടു. പുതുപ്പള്ളി സീറ്റ് തരില്ലെങ്കില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
രമേശ് ചെന്നിത്തലയോ കെ.മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും കെ.ബാബു അടക്കം താന്‍ നിര്‍ദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞുവെച്ചു.
ഇതോടെ ഉമ്മന്‍ ചാണ്ടിക്കു മുദ്രാവാക്യം വിളിച്ച് അനുയായികള്‍ പിരിയുകയും ചെയ്തു. ഈ നാടകം സംവിധാനം ചെയ്യാന്‍ ഇന്നലെ എ ഗ്രൂപ്പിലെ പത്തോളം ജില്ലാ നേതാക്കള്‍ രാത്രി ഉറങ്ങാതെ പുതുപ്പള്ളിയില്‍ സെറ്റ് തയാറാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha