പി. ജയരാജനെ റ്റി.പി. ചന്ദ്രശേഖരനാക്കുമോ...? പ്രവർത്തകർ സംരക്ഷണമൊരുക്കും...

സി പി എം നേതാവ് പി. ജയരാജന് നേരെ വധശ്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ ജയരാജനെ വധിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് ആരാണെന്ന സന്ദേഹത്തിലാണ് സംസ്ഥാന പോലീസ്.
സി പി എം നേതാക്കൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾ ജയരാജന് ശുതുക്കളായി ഉണ്ടെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.
സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജനുനേരെ അപായശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ ദിവസമാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ യാത്രയ്ക്ക് കരുതൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ജയരാജനെ അറിയിക്കുകയും ചെയ്തിരുന്നു.
ആദ്യം തനിക്ക് നേരെ വധശ്രമമുണ്ടാകുമെന്ന് മനസിലാക്കിയ ജയരാജൻ അത് പുച്ഛിച്ച് തള്ളി. എന്നാൽ ജയരാജനറിയാതെ അദ്ദേഹത്തിന് ചുറ്റും പോലീസിനെ വിന്യസിപ്പിച്ചതോടെയാണ് സംഗതി ഗൗരവമാണെന്ന് ജയരാജൻ മനസിലാക്കിയത്.
ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. ജയരാജന് കൂടുതൽ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് നിർദേശിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചു.
വടക്കൻ മേഖലയിലെ ജയരാജന്റെ യാത്രയിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ഐ.ജി. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
നിലവിൽ രണ്ട് ഗൺമാൻമാർ ജയരാജന്റെ സുരക്ഷയ്ക്കുണ്ട്. ഇതിനുപുറമേ വീട്ടിലടക്കം കൂടുതൽ പോലീസുകാരെ സുരക്ഷയ്ക്കു നിയോഗിക്കാനായിരുന്നു ഐ.ജി.യുടെ നിർദേശം. ഇതനുസരിച്ച് കഴിഞ്ഞദിവസം തലശ്ശേരി പാട്യത്തെ അദ്ദേഹത്തിന്റെ വീട്ടിൽ കൂടുതൽ പോലീസ് കാവൽ ഏർപ്പെടുത്തി.
എന്നാൽ, അധികസുരക്ഷ വേണ്ടെന്ന് ജയരാജൻതന്നെ അറിയിച്ചതിനെത്തുടർന്ന് ഇവരെ തിരിച്ചുവിളിച്ചു. എന്നാൽ ജയരാജൻ അറിയാതെ അദ്ദേഹത്തിന്റെ വീട്ടിന് പോലീസ് കാവലുണ്ട്.
ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകളിൽ പി. ജയരാജൻ പ്രതിയാണ്. നേരത്തേ ആർ.എസ്.എസ്. അക്രമത്തിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തതാണ്. മൻസൂർ കൊല്ലപ്പെട്ടശേഷം ജയരാജനോടുള്ള ശത്രുത എതിർരാഷ്ട്രീയ ചേരികളിൽ ശക്തമാണെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്.
ജയരാജൻ മറ്റൊരു ടി.പി. ചന്ദ്രശേഖരനാവുമോ എന്ന സംശയം അദ്ദേഹത്തിന്റെ വിശ്വസ്തർക്കുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ ജയരാജന്റെ ആരാധകർ അടങ്ങിയ പി.ജെ. ആർമി ജയരാജന്റെ ജീവന് സംരക്ഷണം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ജയരാജൻ എവിടെ പോയാലും പ്രവർത്തകർ അദ്ദേഹത്തെ അനുഗമിക്കും.ജയരാജന്റെ വാഹനത്തിനും സംരക്ഷണം നൽകാൻ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്
പാർട്ടിക്ക് മുകളിൽ വളർന്നപ്പോഴാണ് ടി.പി. ചന്ദശേഖരനെ കൊന്നതെന്ന കാര്യം പ്രവർത്തകർ മറന്നിട്ടില്ല. പ്രവർത്തകർക്കും നേതാക്കൾക്കും പാർട്ടിയാണ് വലുത്. ആദ്യം പാർട്ടിയോട് എതിർത്തു നിന്ന ജയരാജൻ പിന്നീട് പാർട്ടിക്ക് വിധേയനായത് ഇതെല്ലാം മനസിലാക്കി കൊണ്ടു തന്നെയാണ്.
പോലീസ് പറയുന്നത് പോലെ ഇതര പാർട്ടികാർക്ക് ജയരാജനോട് വിരാധമില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. പല കേസുകളും ജയരാജൻ ചെയ്തതല്ലെന്നാണ് അവരുടെ നിലപാട്. പലതും വ്യാജ ആരോപണങ്ങളാണ്. ആരോപണങ്ങൾക്ക് പിന്നിൽ ചിലർക്ക് ബന്ധമുണ്ടെന്നാണ് ആരോപണം.
ജയരാജനും സംസ്ഥാനത്തെ സി പി എം നേതാക്കളുമായി നല്ല ബന്ധത്തിലല്ല. അദ്ദേഹത്തിന് സീറ്റ് നൽകാത്തതിനെതിരെ പി.ജെ. ആർമിക്ക് അമർഷമുണ്ടായിരുന്നു. മുഖ്യമന്ത്രി മത്സരിച്ച ധർമ്മടത്ത് പോലും ജയരാജന്റെ കുറ്റൻ ഫ്ലക്സ് ഉയർന്നിരുന്നു. ഇതെല്ലാം പ്രസക്തമായ കാര്യങ്ങളാണ്
സി പി എം നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം മുതലെടുത്ത് മറ്റാരെങ്കിലും പി.ജെ യെ അപകടത്തിൽ പെടുത്തുമോ എന്ന സംശയം പോലീസിന് ഇല്ലാതില്ല.
https://www.facebook.com/Malayalivartha