എക്സിറ്റ് പോളിലല്ല, എക്സാറ്റ് പോളിനു വേണ്ടിയാണ് ജനങ്ങൾ കാത്തിരിക്കുന്നത്.... അടിയൊഴുക്കുകൾ ഇങ്ങനെ..!

ഏറെ ആഴ്ചകളായി കേരളം കാത്തിരിക്കുന്ന നിര്‍ണായക ജനവിധി പുറത്തു വരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പതിനഞ്ചാം നിയമസഭയ്ക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികൾ കാത്തിരിക്കുകയാണ്. നാളെ രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകാനാണ് സാധ്യത.
വിവിധ ചാനലുകളുടെ സര്‍വ്വേ ഫലങ്ങളനുസരിച്ച് എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്നു. എന്നാൽ ഈ സര്‍വ്വേ ഫലങ്ങളെ അട്ടിമറിച്ച് ഭരണം തിരികെ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫും. ഇത്തവണ 74.02 ശതമാനം പോളിംഗ് നടന്നു എന്നാണു പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 77.35 ആയിരുന്നു.
വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ആരോപണങ്ങളും വിവാദങ്ങളുമൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാക്കി നിർത്തുന്നതിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളും വിജയിച്ചിരുന്നു. വോട്ടർ പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണമായിരുന്നു ഒരു പ്രധാന വിഷയം. കോടതി ഇടപെടൽ വരെ ഇക്കാര്യത്തിലുണ്ടായി.
വോട്ടർപട്ടികയിൽ 3.17 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നു പ്രതിപക്ഷ പാർട്ടികൾ പരാതി നൽകിയെങ്കിലും പരിശോധനയിൽ 38,856 പേരുകൾ മാത്രമാണു തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നു ഹൈക്കോടതി നിർദേശിമുണ്ടായിരുന്നു.
ഇരട്ടവോട്ട് സംബന്ധിച്ച പരിധിവിട്ട തർക്കങ്ങളും വാദപ്രതിവാദങ്ങളും പോളിംഗ് ബൂത്തിലുണ്ടായാൽ അതു വോട്ടെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, അത്തരം സംഭവങ്ങൾ കാര്യമായി ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, മറ്റു തരത്തിലുള്ള കള്ളവോട്ട് പരാതികൾ ഇത്തവണയുമുണ്ടായിരുന്നു.
സര്‍വ്വേ ഫലങ്ങള്‍ നല്കുന്ന ആത്മവിശ്വാസത്തില്‍, വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. സര്‍വ്വേഫലങ്ങള്‍ തിരിച്ചടിയാണെങ്കിലും യുഡിഎഫ് അത് മാനേജ് ചെയ്യുന്നു എന്ന് തന്നെ പറയാം. നേരിയ സീറ്റുകളുടെ ഭൂരിപക്ഷത്തിന് അധികാരത്തിലത്തൊമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
സര്‍വ്വേകള്‍ കാര്യമായ നേട്ടം പ്രവചിക്കുന്നില്ലെങ്കിലും ബിജെപിയും ഊർജം ചോരാതെ നിൽക്കുന്നുണ്ട്. സീറ്റ് നേട്ടം രണ്ടക്കം പിന്നിടുകയും ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യവും ഉണ്ടാകുമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍. അങ്ങനെ വന്നാൽ തൂക്ക് മന്ത്രിസഭ രൂപീകരിക്കാൻ നിർണ്ണായക ശക്തിയായി ബിജെപി മാറും എന്ന വിശ്വാസമാണ് അവർക്കുള്ളത്.
നാളെ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ, തപാല്‍ വോട്ടുകളാണ് ആദ്യം കൗണ്ട് ചെയ്യുന്നത്. 80 വയസ്സ് പിന്നട്ടവര്‍ കോവിഡ് രോഗികള്‍ ഉള്‍പ്പെട 5 ലക്ഷത്തിലേറെ തപാല്‍ വോട്ടുകളാണുള്ളത്.
എട്ടരയോടെ സമാന്തരമായി വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണും. ഓരെ മണ്ഡലത്തിലേയും വോട്ടെണ്ണുന്നതിനായി മൂന്ന് ഹാളുകളിലായി 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളിലെ വോട്ടെണ്ണും.
2,02602 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഭരണതുടര്‍ച്ചയോ, ഭരണമാറ്റമോ, അതോ തൂക്ക് മന്ത്രിസഭയോ? കാത്തിരിപ്പിന് വിരാമമിടാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കുന്നു.
https://www.facebook.com/Malayalivartha