സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണ ലഭിക്കാതെ അനിൽ അക്കര.... 'ഇനി നമ്മളില്ലേ..!'...

താൻ ഇനി മത്സരിക്കാനില്ലെന്ന് മനോവിഷമം ഈ സാഹചര്യത്തിൽ അറിയിച്ചിരിക്കുകയാണ് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്‍റ് രംഗത്തേക്കോ മത്സരിക്കാനില്ലെന്ന് അനിൽ അക്കര വെളിപ്പെടുത്തുകയുണ്ടായി.
തന്റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ നിർബന്ധിതനായത്. ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും ഈ അവസരത്തിൽ അനിൽ അക്കര പറയാൻ മറന്നില്ല.
എല്‍.ഡി.എഫിന്റെ കണ്ണിലെ കരട് തന്നെയായിരുന്നു അനില്‍ അക്കര. അനില്‍ ഉയര്‍ത്തിയ ലൈഫ് മിഷന്‍ വിവാദം ചില്ലറയൊന്നുമല്ല ഇടതിനെ പിടിച്ചു കുലുക്കിയത്. ശക്തമായി പ്രതിരോധിച്ചിട്ടും ഉന്നയിച്ച ആരോപണങ്ങളില്‍ അക്കര ഉറച്ചു നിൽക്കുക തന്നെ ചെയ്തു. അനിലും എ.സി. മൊയ്തീനും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങിയതോടെ ലൈഫ് മിഷന്‍ കേരളത്തില്‍ കത്തിപ്പടര്‍ന്ന സാഹചര്യമാണ് ഉണ്ടായത്.
ലൈഫ് മിഷന്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വന്ന നേതാവെന്ന നിലയ്ക്ക് അനില്‍ അക്കരയ്ക്ക് സാധാരണക്കാരില്‍ വലിയ മതിപ്പ് ഉണ്ടായിരുന്നു. അഞ്ചു വര്‍ഷവും മണ്ഡലത്തിലെ പ്രശ്നങ്ങളിലെല്ലാം ഇടപെടുകയും ചെയ്തു. എം.എല്‍.എ.എന്ന പരിമിതിക്കുള്ളില്‍ നിന്ന് പരമാവധി വികസനവും മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്.
പിണറായി സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെയാണ് അനിൽ അക്കരയുടെ വികാരാധീതമായ പ്രതികരണം ഇപ്പോൾ നടത്തിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരയെ 13,580 വോട്ടുകൾക്കാണ് തറപറ്റിച്ചത്.
പത്തു വർഷങ്ങൾക്ക് ശേഷമാണ് എൽഡിഎഫ് മണ്ഡലം ഇപ്പോൾ തിരിച്ചു പിടിക്കുന്നത്. അഭിമാനപ്പോരാട്ടമായിട്ടാണ് ഇടതുമുന്നണി ഇതിനെ സ്വീകരിച്ചത്. വിവാദം സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയെങ്കിലും അത് ശക്തമായി നേരിടാന്‍ ഇടതുമുന്നണിക്കായതിനാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ഈ വിവാദം മുന്നണിയെ ബാധിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും വിവാദം ബാധിക്കില്ലെന്ന ഉറപ്പില്‍ തന്നെയായിരുന്നു ഇടത് മുന്നണി.
തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ കേവലം 43 വോട്ടുകൾക്കാണ് അനിൽ അക്കര ഇവിടെ വിജയിച്ചത്. അനില്‍ അക്കര തുടങ്ങി വച്ച ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ലൈഫ് മിഷൻ അഴിമതിയാരോപണവും തുടർ സംഭവവികാസങ്ങളും വലിയ ചർച്ചയായിരുന്നു. ആ പ്രചാരണങ്ങളെയാകെ മറികടന്ന് മണ്ഡലം തിരിച്ചുപിടിച്ച എൽഡിഎഫിന്റെ വിജയത്തിന് തിളക്ക ഇപ്പോൾ ഏറെയാണ്.
ഡി.വൈ.എഫ്.ഐ. നേതാവായ സേവ്യര്‍ ചിറ്റിലപ്പള്ളിയെ കൃത്യമായ കണക്കുകൂട്ടലില്‍ തന്നെയാണ് എല്‍.ഡി.എഫ്. വടക്കാഞ്ചേരിയില്‍ അവതരിപ്പിച്ചത്. സര്‍ക്കാരിനെ സഭയിലും പുറത്തും നേരിടുന്ന അനില്‍ അക്കരയെ തളയ്ക്കുക എന്ന ദൗത്യമാണ് സേവ്യറിന് പാര്‍ട്ടി നല്‍കിയിരുന്നത്.
1970-നു ശേഷം 2006-ല്‍ എ.സി. മൊയ്തീനിലൂടെ സി.പി.എം. പിടിച്ചെടുത്ത മണ്ഡലം ഒരിക്കല്‍കൂടി പിടിച്ചെടുക്കുകയെന്ന ദൗത്യവും. വടക്കാഞ്ചേരിയില്‍ ജനിച്ചുവളര്‍ന്ന് പാര്‍ട്ടിക്കുവേണ്ടി മുഴുവന്‍ സമയവും മാറ്റിവെച്ച സേവ്യര്‍ ജനകീയപ്രശ്നങ്ങളിലെ മുന്നണിപ്പോരാളിയാണ്. സാധാരണവീട്ടില്‍ ജനിച്ച്, സാധാരണക്കാരനായി കഴിയുന്നതിന്റെ ജനകീയതയുണ്ട്. വലിയ യുവജനപിന്തുണയുമുണ്ട്.
https://www.facebook.com/Malayalivartha