ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കാശ്മീരിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്; ഇന്ത്യയുടെ വികസന കുതിപ്പ് കാശ്മീരിലേക്കും കടന്നുവന്നിരിക്കുകയാണ്;ആത്മനിർഭരമാകുന്ന കാശ്മീരിനെ കുറിച്ച് വാചാലനായി കെ സുരേന്ദ്രൻ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കാശ്മീരിൽ വന്ന മാറ്റങ്ങളെ കുറിച്ച് വാചാലനായി കെ സുരേന്ദ്രൻ. ഇന്ത്യയുടെ വികസന കുതിപ്പ് കാശ്മീരിലേക്കും കടന്നുവന്നിരിക്കുകയാണ് എന്നദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
ആത്മനിർഭരമാകുന്ന കാശ്മീർ
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കാശ്മീരിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. ഇന്ത്യയുടെ വികസന കുതിപ്പ് കാശ്മീരിലേക്കും കടന്നുവന്നിരിക്കുകയാണ്. നിരവധി നേട്ടങ്ങളും ജനാധിപത്യത്തിന്റെ വസന്തവും കാശ്മീരിനെ തേടിയെത്തിയിരിക്കുകയാണ്.
സാമൂഹ്യനീതി ഉറപ്പുവരുത്തുവാനുള്ള സംവരണവും ജനാധിപത്യ അധികാരം താഴെതട്ടിലെത്തിക്കാനുള്ള പഞ്ചായത്ത് രാജും കാശ്മീരിൽ ഇത്രയും കാലം നടപ്പായിരുന്നില്ല. ഇതിനു മുൻപ് എല്ലാ അധികാരവും ശ്രീനഗറിൽ കേന്ദ്രീകൃതം ആയിരുന്നു. വില്ലേജുകളും പഞ്ചായത്തുകളും അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു.
അഴിമതി കൊടികുത്തി വാഴുകയായിരുന്നു. ഇപ്പോൾ സ്ഥിതി അങ്ങനെയല്ല, സർക്കാർ തങ്ങളോടൊപ്പം ഉണ്ട് എന്ന ഒരു ബോധ്യം ഇന്ന് ജനങ്ങളിൽ ഉണ്ട്. ഏതാണ്ട് ഇരുപതിനായിരത്തോളം കാര്യങ്ങൾ മുൻഗണനാക്രമത്തിൽ ചെയ്തുതീർക്കാൻ നടപടികൾ എടുത്തിട്ടുണ്ട്.
ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണം, കുളങ്ങളുടെയും തടാകങ്ങളുടെയും നിർമ്മാണം, ചന്തകളുടെ നവീകരണം, കൃഷിയിടങ്ങൾക്ക് ജലലഭ്യത തുടങ്ങി ചെറുതും വലുതുമായ അനേകം കാര്യങ്ങളാണ് ത്വരിതഗതിയിൽ പൂർത്തീകരിക്കപ്പെടുന്നത്.
കഴിഞ്ഞ 70 വർഷങ്ങളായി പഞ്ചായത്ത് രാജ് നടപ്പിലാകാത്ത കാശ്മീരിൽ മോദി സർക്കാർ കാശ്മീരിൽ പഞ്ചായത്ത്‌രാജ് നടപ്പിലാക്കി ജില്ലാ പഞ്ചായത്ത് ഇലക്ഷൻ നടത്തി. 51.7 ശതമാനം ജനങ്ങളും വോട്ട് രേഖപ്പെടുത്തി.
സ്‌കൂളുകളിലെ ഉച്ചഭക്ഷണം, അങ്കണവാടികളുടെ പ്രവർത്തനം, നടത്തിപ്പ്, ഐസിഡിഎസ്, ഗ്രാമീണതൊഴിലുറപ്പുപദ്ധതി, പഞ്ചായത്തുകളിലെ വ്യവസായസ്ഥാപനങ്ങൾ തുടങ്ങി ഗ്രാമങ്ങളെ ആത്മനിർഭരമാക്കാൻ വേണ്ടിയുള്ള എല്ലാ വികസന പ്രവർത്തനങ്ങളും പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ നേരിട്ട് നടത്തുന്നു.
ഇതെല്ലാം ആർട്ടിക്കിൾ 370 റദ്ദാക്കിയതുകൊണ്ട് മാത്രമാണ് കാശ്മീരിൽ മറ്റു സംസ്ഥാനങ്ങളെ പോലെ നടപ്പിലാക്കാൻ കഴിയുന്നത്. 70 വർഷമായി കാശ്മീർ ജനത ഈ അവകാശങ്ങളിൽ നിന്നും അകറ്റപ്പെട്ട് വഞ്ചിക്കപ്പെടുകയായിരുന്നു.
റോഡ്, റെയിൽ, വൈദ്യുതി, ആരോഗ്യം, ടൂറിസം, കൃഷി, ഹോർട്ടികൾച്ചർ, നൈപുണ്യ വികസനം തുടങ്ങിയവയിൽ വലിയ മാറ്റം കാണാം. എല്ലാത്തിനും ഉപരി രാജ്യസുരക്ഷയ്ക്ക് വലിയ കരുത്താണ് പ്രത്യേക അധികാരം പിൻവലിച്ചതോടെ ലഭിച്ചത്.
കാശ്മീരിൽ ഭീകരവാദികളുടെ സ്വാധീനം കുറയ്ക്കാനും ബാഹ്യശക്തികളുടെ ഇടപെടലുകൾക്ക് തടയിടാനും 370 റദ്ദാക്കിയതിലൂടെ ഭാരത സർക്കാരിന് സാധിച്ചു.
https://www.facebook.com/Malayalivartha