41 വർഷത്തിനുശേഷം ഒളിമ്പിക്സിൽ ഇന്ത്യ പുരുഷ ഹോക്കി വെങ്കല മെഡൽ നേടിയത് ചരിത്രനേട്ടമാണ്;സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മുതൽ ബൈചൂങ് ഭൂട്ടിയ വരെ ഈ വിജയത്തിന്റെ യഥാർത്ഥ ശില്പിയായി പി ആർ ശ്രീജേഷിനെ അഭിനന്ദിച്ചു കഴിഞ്ഞു;നമ്മുടെ അഭിമാനമായ ശ്രീജേഷിന് അടിയന്തരമായി സർക്കാർ പാരിതോഷികം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ശോഭ സുരേന്ദ്രൻ

41 വർഷത്തിനുശേഷം ഒളിമ്പിക്സിൽ ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേടിയത് രാജ്യത്തിനു അഭിമാനകരമായ കാര്യം തന്നെയാണ്. എന്നാൽ നേട്ടം സ്വന്തമാക്കിയ ശ്രീജേഷിന് അടിയന്തരമായി സർക്കാർ പാരിതോഷികം പ്രഖ്യാപിക്കണമെന്ന കുറിപ്പുമായി ശോഭ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നു.
ശോഭ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ; 41 വർഷത്തിനുശേഷം ഒളിമ്പിക്സിൽ ഇന്ത്യ പുരുഷ ഹോക്കി വെങ്കല മെഡൽ നേടിയത് ചരിത്രനേട്ടമാണ്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മുതൽ ബൈചൂങ് ഭൂട്ടിയ വരെ ഈ വിജയത്തിന്റെ യഥാർത്ഥ ശില്പിയായി പി ആർ ശ്രീജേഷിനെ അഭിനന്ദിച്ചു കഴിഞ്ഞു.
മധ്യപ്രദേശ് സർക്കാർ ഒരു കോടി രൂപയാണ് ടീമിൽ അംഗമായ രണ്ടു താരങ്ങൾക്ക് നൽകുന്നത്. താരതമ്യേന ചെറിയ സംസ്ഥാനമായ മണിപ്പൂർ തങ്ങളുടെ താരത്തിന് നൽകുന്നത് 75 ലക്ഷം രൂപയും സർക്കാർ ജോലിയുമാണ്. പക്ഷേ കേരളത്തിൽ സ്ഥിതി വിഭിന്നമാണ്.
കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുയോ അവർക്കു വേണ്ട പിന്തുണ നൽകുകയോ ചെയ്തിട്ടില്ലാത്ത കേരള സർക്കാർ ഈ കാര്യത്തിൽ ഈ ആർ ശ്രീജേഷിനെ അവഗണിക്കുകയാണ്. ഒരു രാജ്യത്തിന് മുഴുവൻ അഭിമാനമായ ഒരു കായികതാരത്തെ ഈ രീതിയിൽ അനുമോദിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ അത് ആ കായിക താരത്തോട് മാത്രമല്ല കായികരംഗത്തോട് ആകെയുള്ള അവഗണനയാണ്.
കഴിഞ്ഞ 41 വർഷത്തിനുശേഷം ആദ്യമായിട്ടാണ് ഒളിമ്പിക്സിന് കേരളത്തിൽ നിന്ന് വനിതാപ്രാതിനിധ്യം ഇല്ലാതാകുന്നത്. ഹോക്കിയിൽ പൊരുതി തോറ്റ ഹരിയാനയിൽ നിന്നുള്ള പെൺകുട്ടികൾക്ക് 50 ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്.
ഹരിയാന 31 അത് ലീറ്റുകളെയാണ് ഇത്തവണ ഒളിമ്പിക്സിന് അയച്ചത്. അതായത് ഇന്ത്യൻ സംഘത്തിന്റെ ഏതാണ്ട് 25 ശതമാനം! കേരളത്തിന് എന്തുകൊണ്ടാണ് അത് സാധിക്കാത്തത് എന്നു ചോദിച്ചാൽ ഒളിമ്പിക്സിൽ മെഡൽ നേടി വന്നാലും ആ കായികതാരങ്ങളെ മറ്റു സംസ്ഥാനങ്ങൾ ആദരിക്കുന്നത് പോലെയെങ്കിലും ആദരിക്കാനും നിലവാരമുള്ള കായിക സംസ്കാരം വളർത്തിയെടുക്കാനും സർക്കാർ ഒന്നും ചെയ്യാത്തതുകൊണ്ട് തന്നെയാണ് എന്ന് പറയേണ്ടിവരും.
അതുകൊണ്ട്, നമ്മുടെ അഭിമാനമായ ശ്രീജേഷിന് അടിയന്തരമായി സർക്കാർ പാരിതോഷികം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ കായികമേഖലയിൽ കൂടുതൽ യുവാക്കൾക്ക് കേരളത്തിൽ നിന്ന് കടന്നു പോകാൻ അവസരം ഉണ്ടാക്കുകയും ചെയ്യാനുതകുന്ന നടപടി സ്വീകരിക്കുകയും വേണം.
https://www.facebook.com/Malayalivartha