വിദേശ മണ്ണിൽ രാജ്യതാല്പര്യത്തിനെതിരായ പരാമർശങ്ങൾ നടത്തരുതെന്ന ഇന്ത്യയുടെ മഹത്തായ കീഴ് വഴക്കങ്ങളെ രാഹുൽ തുടർച്ചയായി അട്ടിമറിക്കുകയാണ്; എന്ത് കൊണ്ട് രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ നേതാവാകാൻ കഴിയുന്നില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ; വിമർശനവുമായി സന്ദീപ് ജി വാര്യർ

എന്ത് കൊണ്ട് രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ നേതാവാകാൻ കഴിയുന്നില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ . വിമർശനവുമായി സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;എന്ത് കൊണ്ട് രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ നേതാവാകാൻ കഴിയുന്നില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ .
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും കേവലം യൂണിയൻ ഓഫ് സ്റ്റേറ്റ്‌സ് മാത്രമാണെന്നും രാഹുൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നു . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഒരുമിച്ച് ഒരു രാഷ്ട്രമുണ്ടാക്കുകയായിരുന്നു എന്ന അപകടകരമായ തിയറി ആണ് രാഹുൽ മുന്നോട്ട് വെയ്ക്കുന്നത് . എങ്കിൽ ഏത് ഇന്ത്യയെ ആണ് അദ്ദേഹത്തിന്റെ മുതു മുത്തശ്ശൻ സ്വാതന്ത്ര്യത്തിന് മുമ്പ് കണ്ടെത്തിയത് ? ഡിസ്‌കവറി ഓഫ് ഇന്ത്യയിൽ നിരവധി തവണ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തിന്റെ പൗരാണികതയെ പറ്റി , നൂറ്റാണ്ടുകളായി തുടരുന്ന സംസ്കാരിക ഏകതയെപ്പറ്റി പറ്റി എല്ലാം ജവഹർ ലാൽ നെഹ്‌റു പറയുന്നുണ്ട് .
ജവഹർലാൽ നെഹ്രുവിന്റെ വിഖ്യാതമായ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അദ്ദേഹം പറയുന്ന ദീർഘകാലമായി അടിച്ചമർത്തി വെക്കപ്പെട്ടിരുന്ന ആ രാഷ്രത്തിന്റെ ആത്മാവ് ... ഏത് രാഷ്ട്രത്തെക്കുറിച്ചാണ് രാഹുലിന്റെ മുത്തശ്ശൻ പറഞ്ഞത് ? ഇന്ത്യ യൂണിയൻ ഓഫ് സ്റ്റേറ്റ്സ് മാത്രമാണെങ്കിൽ എന്തിനാണ് പഞ്ചാബിലെ ഖാലിസ്ഥാൻ വിഘടനവാദത്തെ അടിച്ചമർത്താൻ അദ്ദേഹത്തിന്റെ മുത്തശ്ശി ശ്രമിച്ചത് ? ഭരണഘടനയിൽ India shall be a Union of states എന്ന് രേഖപ്പെടുത്തിയതിന്റെ പിൻ ബലത്തിലാണ് രാഹുൽ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ഇന്ത്യ ഒരു രാഷ്ട്രമല്ല എന്ന അപകടകരമായ വിഘടന വാദ നറേറ്റിവ് മുന്നോട്ട് വെക്കുന്നത് .
ഇത്തരത്തിലുള്ള വാദങ്ങൾ ഭാവിയിൽ ഉയർന്നേക്കാമെന്ന് ബോധ്യമുള്ളത് കൊണ്ടാവണം കോൺസിസ്റ്റുവെന്റ് അസ്സെംബ്ലിയിൽ ബിആർ അംബേദ്‌കർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത് . അതായത് വിവിധ സംസ്ഥാനങ്ങളായി തിരിച്ചത് കേവലം ഭരണപരമായ സൗകര്യത്തിനാണെന്നും ഇന്ത്യ എന്നത് ഒറ്റ രാജ്യവും അതിലെ ജനങ്ങൾ ഒറ്റ ജനങ്ങളുമാണെന്ന് കൃത്യമായി അംബേദ്‌കർ പറഞ്ഞു വച്ചിട്ടുണ്ട് . വിദേശ മണ്ണിൽ രാജ്യതാല്പര്യത്തിനെതിരായ പരാമർശങ്ങൾ നടത്തരുതെന്ന ഇന്ത്യയുടെ മഹത്തായ കീഴ് വഴക്കങ്ങളെ രാഹുൽ തുടർച്ചയായി അട്ടിമറിക്കുകയാണ് .
കോണ്ക്ലേവിൽ ഉയർന്ന ഒരു ചോദ്യവും അതിന് രാഹുൽ നൽകിയ ഉത്തരവും അതിന് ഉദാഹരണമാണ് . അമേരിക്കൻ വിദേശകാര്യ സെക്രട്ടറി പത്രസമ്മേളനത്തിൽ ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി പറഞ്ഞ കാര്യത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ രാഹുലിന്റെ പ്രതികരണം തികഞ്ഞ അസംബന്ധമായിരുന്നു . ഒരല്പമെങ്ങിലും സാമാന്യ ബോധമുള്ള നേതാവായിരുന്നെങ്കിൽ അമേരിക്ക ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതില്ല എന്ന് പ്രതികരിച്ചേനെ .
അതിനു പകരം രാഹുൽ പ്രതികരിച്ചത് " ഇപ്പോഴെങ്കിലും അമേരിക്ക ഇത് പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട് " എന്നാണ് . കാശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നതായി ആരോപിച്ച് പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം കൊണ്ട് വന്നപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്‌പേയിയാണ് ഇന്ത്യക്കായി പോരാടിയത് എന്ന ചരിത്രവും കീഴ് വഴക്കവുമാണ് രാഹുൽ ഓർക്കാതെ പോയത് .
രാഷ്ട്രം ആദ്യം , രാഷ്ട്രീയം പിന്നീട് എന്ന് തണ്ടെല്ലുറപ്പുള്ള, ആത്മാഭിമാനവും രാജ്യസ്നേഹവുമുള്ള കോൺഗ്രസ് സീനിയർ നേതാക്കൾ ആരെങ്കിലും യുവരാജാവിനെ ഓര്മിപ്പിച്ചാൽ നല്ലത് . നിങ്ങൾക്ക് രാഷ്ട്രീയം പറയാൻ ഇന്ത്യയിൽ നൂറ് വേദികളുണ്ട് . വിദേശമണ്ണിൽ പോയിരുന്ന് രാജ്യത്തെ അവഹേളിക്കരുത് . ഇത് ബിജെപി ഭരിക്കുമ്പോൾ മാത്രമുള്ള രാഹുൽ ഗാന്ധിയുടെ സമീപനമല്ല എന്ന ചരിത്രവും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു .
മൻ മോഹൻ സിംഗ് പ്രധാനമന്ത്രി ആയിരിക്കെയാണ് വാഷിംഗ്ടൺ ഡിസിയിൽ അദ്ദേഹം അമേരിക്കൻ പ്രസിഡന്റുമായി നിർണായക ചർച്ചകൾ നടത്തി വരവേ , ദൽഹി കോൺസിസ്റ്റുഷൻ ക്ലബ്ബിൽ പത്രസമ്മേളനം നടത്തി രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഓർഡിനൻസ് കീറി എറിഞ്ഞത് . സോണിയ കുടുംബത്തിന്റെ ഔദാര്യത്തിൽ പ്രധാനമന്ത്രി ആയതുകൊണ്ട് കൊണ്ട് മാത്രം ആ അപമാനം മൻമോഹൻ സിംഗ് സഹിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ കൊതിക്കെറുവ് തീർക്കാൻ രാഷ്ട്രമെന്നുള്ള ഇന്ത്യയുടെ നിലനില്പിനെതിരെ നിരന്തരം വെല്ലുവിളി ഉയർത്തുന്ന രാഹുൽ ഗാന്ധിയെ ദേശാഭിമാനികളായ ഇന്ത്യക്കാർ തങ്ങളുടെ നേതാവായി ഒരിക്കലും അംഗീകരിക്കില്ല .
https://www.facebook.com/Malayalivartha