കോണ്‍ഗ്രസ് ഒരു പാഠവും പഠിക്കില്ല...ചന്ദ്രശേഖരറാവു രംഗത്തിറങ്ങി

രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ ചന്ദ്രശേഖരറാവു രംഗത്തിറങ്ങി. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള മുന്നാം ചേരിക്കുവേണ്ടിയാണ് തെലുങ്കാന രാഷ്ട്രസമിതി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ നീക്കം. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ഇത് വിഷമവൃത്തിലാക്കും.
സമാജ് വാദി പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ്, ആംആത്മി പാര്‍ട്ടിനേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ എന്നിവരുമായി ഇതിനകം ചര്‍ച്ച നടത്തിക്കഴിഞ്ഞ ചന്ദ്രശേഖര റാവു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജി അടക്കം കോണ്‍ഗ്രസുമായി അകലം പാലിക്കുന്ന കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളിലാണിപ്പോള്‍.
പ്രതിപക്ഷത്തിന്റെ യോജിച്ച സ്ഥാനാര്‍ഥി ഉണ്ടായാല്‍പോലും ബി.ജെ.പി സ്ഥാനാര്‍ഥി ജയിക്കാനാണ് എല്ലാ സാധ്യതകളും. ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ഒഡിഷയിലെ ബി.ജെ.ഡി തുടങ്ങി വിവിധ കക്ഷികള്‍ ബി.ജെ.പി യെ സഹായിക്കാനുമുണ്ട്. എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിന് പുറത്തുനിന്നൊരാള്‍ എന്നൊരാശയം ഉയര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ആ സമ്മര്‍ദം ലോക്‌സഭാതെരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷ പ്രധാനമന്ത്രിയുടെ കാര്യത്തിലും ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്.
പ്രാദേശിക കക്ഷികള്‍ക്ക് ബി.ജെ.പിയെ നേരിടാനുള്ള ആശയബലം ഇല്ലെന്ന് ഉദയ്പ്പൂര്‍ ശിബിരത്തില്‍ രാഹുല്‍ഗാന്ധി ആക്ഷേപിച്ചിരുന്നു. ഇത് ചന്ദ്രശേഖര റാവുവിന്റെ നീക്കത്തിന് എണ്ണ പകര്‍ന്നിട്ടുണ്ട്. റാവുവിന്റെ ഭരണ ശൈലിയെ രണ്ടുമൂന്നു മാസങ്ങള്‍ക്കു മുമ്പ് എതിര്‍ത്ത കേജരിവാള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലും പഞ്ചാബിലും അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടിരുന്നു.
ഡി.എം.കെ., എന്‍.സി.പി, ശിവസേന, നാഷണല്‍കോണ്‍ഫറന്‍സ്, ജെ.എം.എം, മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ്, ആര്‍.എസ്.പി, തുടങ്ങി വിവിധ പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. മമത-കേജരിവാള്‍ ചേരി സമ്മര്‍ദം ഉടര്‍ത്തിയാല്‍ അവര്‍ക്കു കൂടി സ്വീകാര്യനായ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. രാഷ്ട്രപതിയെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കിടയില്‍ ബി.ജെ.പി യ്ക്ക് 42.2 ശതമാനം വോട്ടുണ്ട്. സഖ്യകക്ഷികള്‍ കൂടിച്ചേര്‍ന്നാല്‍ 48 ശതമാനം വരും. ബി.ജെ.ഡി ക്ക് 2.9 ശതമാനവും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് മൂന്നു ശതമാനവും വോട്ടുണ്ട്.
കോണ്‍ഗ്രസിന് 13.38 ശതമാനം മാത്രം. ഒപ്പമുള്ള കക്ഷികള്‍ കൂടിചേചര്‍ന്നാല്‍ മൊത്തം 24 ശതമാനം വരും. ഇടതു പാര്‍ട്ടികള്‍ക്ക് 2.5 ശതമാനം വോട്ടുണ്ട്. അടുത്തമാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകഴിയുമ്പോള്‍ ഇതില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായേക്കും.പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ റാവുവിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും കോണ്‍ഗ്രസസിന് ചെയ്യാന്‍ കഴിയുന്നില്ല എന്ന ആക്ഷേപവും ഈ സന്ദര്‍ഭത്തില്‍ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha