തൃക്കാക്കരയിൽ പിണറായി ഗോപി......! ബി.ജെ.പി തിരിച്ചുവരും; അപ്രതീക്ഷിത സംഭവങ്ങളൊന്നും വേദി കലക്കിയില്ലെങ്കില്‍ യു.ഡി.എഫ് വിജയിക്കും; തൃക്കാക്കര ആരു നേടും ? കൊമ്പുകോർത്തു മൂന്ന് മുന്നണികൾ ; കേരളം ഉറ്റ് നോക്കുന്നു

മൂന്നു മുന്നണികള്‍ ഒരു പോലെ കൊമ്പുകോര്‍ക്കുന്ന തൃക്കാക്കരയില്‍ ജയിക്കുന്നത് ആരാകും. സംസ്ഥാനത്തെ രാഷ്ട്രീയമനസിനെ ഉഴുതു മറിക്കുന്ന ഈ ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയുക എളുപ്പമല്ല. വരും മണിക്കൂറുകളില്‍ അപ്രതീക്ഷിത സംഭവങ്ങളൊന്നും വേദി കലക്കിയില്ലെങ്കില്‍ ചിലകാര്യങ്ങള്‍ അനുമാനിക്കാന്‍ ഇപ്പോള്‍ പ്രയാസവുമില്ല. അനുമാനങ്ങള്‍ ഇതാണ്.
യു.ഡി.എഫ് വിജയിക്കും. ഭൂരിപക്ഷം ആറായിരത്തിനും നാലായിരത്തിനും ഇടയിലാകും. എല്‍.ഡി.എഫിന്റേയും ബി.ജെ.പി യുടേയും വോട്ട് വര്‍ധിക്കും. അന്തിമ വിശകലനത്തില്‍ ബി.ജെ.പി യ്ക്കായിരിക്കും അഭിമാനിക്കാനുള്ള വക കിട്ടുക. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ പരിക്കുകള്‍ അവര്‍ക്ക് പരിഹരിക്കാനാകും. തെരഞ്ഞെടുപ്പു ഫലം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നറിയാം. എങ്കിലും ജീവന്മരണ പോരാട്ടമായാണ് മുന്നണികള്‍ തെരഞ്ഞെടുപ്പിനെ കാണുന്നത്.
ബി.ജെ.പി യും അല്‍പവും പിറകിലല്ല. പൊരിഞ്ഞ പോരാട്ടം തന്നെ. കിട്ടാവുന്ന ആയുധങ്ങളെല്ലാം എല്ലാവരും എടുത്തു വീശുന്നു. വികസനം മാത്രമല്ല വ്യക്തിഹത്യയും ജാതിമത കണക്കെടുപ്പും സാമുദായിക വികാരവുമടക്കം ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും കിലുങ്ങുന്നുണ്ടവിടെ. മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും നിതാന്ത സാന്നിധ്യവുമുണ്ട്. സംസ്ഥാന ഭരണകൂടം ഒന്നാകേ തൃക്കാക്കരയിലുണ്ട്. പ്രതിപക്ഷത്തിന്റെ കാര്യവും ഭിന്നമല്ല. ഇവര്‍ക്കൊപ്പം കിതയ്ക്കാതെ ഓടുന്നുണ്ട് ബി.ജെ.പി യും.
എന്നാല്‍ ഉപരിതലത്തിലെ പ്രചരണ കോലാഹലങ്ങളൊന്നും തൃക്കാക്കരയുടെ വര്‍ത്തമാന മനസിനെ ഒട്ടും ബാധിച്ചതായി തോന്നുന്നില്ല. വലിയ അടിയൊഴുക്കുകളാണ് തൃക്കാക്കരയില്‍ രൂപപ്പെടുന്നത്. ഈ അടിയൊഴുക്കുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഫലങ്ങളാണ് മുകളില്‍ സൂചിപ്പിച്ചതും. 2008-ല്‍ നടന്ന മണ്ഡലം പുനര്‍നിര്‍ണയത്തിലാണ് കൊച്ചി കോര്‍പ്പറേഷനിലെ 23 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍പ്പെടുത്തി തൃക്കാക്കര നിയമസഭാമണ്ഡലം രൂപം കൊള്ളുന്നത്. അതിനു ശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു ജയം. 2011-ല്‍ ബെന്നിബഹനാന്‍ 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2016-ല്‍ പി.ടി തോമസ് 11,996 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2021-ല്‍ അതേ പി.ടി തോമസ് 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. 2021-ല്‍ സംസ്ഥാനമാകെ ഇടതുതരംഗം വീശിയപ്പോഴും തൃക്കാക്കര വീണില്ല.
ഈ തെരഞ്ഞെടുപ്പ് സീറോമലബാര്‍ സഭയിലെ തര്‍ക്കങ്ങളുടെ മാറ്റുരയ്ക്കലാകുമെന്നു വിലയിരുത്തന്നവരുണ്ട്. ഇത് കൂടുതല്‍ ബാധിക്കുക ഇടതുമുന്നണിയെയാകും. കത്തോലിക്കാ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നൊരു വ്യക്തിയെ അതേ സ്ഥാപനത്തില്‍ വച്ചുതന്നെ വൈദികരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങി ഉപതെരഞ്ഞെടുപ്പും സഭയും തമ്മിലുള്ള പാരസ്പര്യം. ഇത് യു.ഡി.എഫ് രാഷ്ട്രീയ വിവാദമാക്കി. അത് ഗുണം ചെയ്തു എന്ന വിലയിരുത്തലായിരുന്നു ഇടതു മുന്നണിക്ക്.
മണ്ഡലത്തിലെ 40 ശതമാനത്തിലധികം വരുന്ന ക്രൈസ്തവ വോട്ടുകളില്‍ നല്ലൊരു പങ്കിനേയും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഈ വിവാദം സഹായിച്ചു എന്നും ഇടതുമുന്നണി കരുതി. വിവാദം തിരിച്ചടിയാകുമെന്ന്് മനസിലാക്കിയ യു.ഡി.എഫ് അതില്‍ നിന്നു പൊടുന്നനെ പിന്‍തിരിഞ്ഞു. മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളില്‍ ഭൂരിഭാഗവും പരമ്പരാഗതമായി യു.ഡി.എഫിന് കിട്ടുന്നതാണ്. ഈ വോട്ടില്‍ കണ്ണുവച്ചാണ് ഇടതുമുന്നണി ഇക്കുറി കളിക്കിറങ്ങിയത്. എന്നാല്‍ ഈ കരുനീക്കങ്ങള്‍ കൊണ്ടുമാത്രം മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍ സ്വന്തമാക്കാന്‍ ആകില്ലെന്ന്് ഇപ്പോള്‍ അവര്‍ക്ക് ബോധ്യമായിട്ടുണ്ട്.
സീറോ മലബാര്‍സഭിയില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി പക്ഷവും ആലഞ്ചേരി വിരുദ്ധ പക്ഷവും തമ്മിലുള്ള വടംവലി വോട്ടിംഗില്‍ പ്രതിഫലിക്കും. ഇടതു സ്ഥാനാര്‍ഥി ജോ ജോസഫ് ആലഞ്ചേരി പക്ഷക്കാരനാണെന്നും അതിനാല്‍ എന്തു വിലകൊടുത്തും പരാജയപ്പെടുത്തുമെന്നുമാണ് വിരുദ്ധ പക്ഷമായ 'അല്‍മായ മുന്നറ്റേം' മുന്നറിയിപ്പു നല്‍കുന്നത്. സീറോമലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയതാണ് ഏറ്റവും ഒടുവില്‍ സഭയില്‍ ശക്തമായ ഭിന്നിപ്പിനിടയാക്കിയത്. കഴിഞ്ഞ ഓശാന ഞായര്‍ മുതല്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടത്താന്‍ സിനഡ് നിര്‍ദ്ദേശിച്ചെങ്കിലും അഭിപ്രായ സമന്വയത്തിലൂടെ നപ്പാക്കാന്‍ എട്ടുമാസം സമയം വേണമെന്ന് എറണാകുളം അങ്കമാലി രൂപത ആവശ്യപ്പെട്ടിരുന്നു.
വികാരിമാരും ഇതിനോടൊപ്പം നിന്നു. എന്നാല്‍ ഏപ്രില്‍ പത്തിന് ബസലിക്കാ പള്ളിയില്‍ കനത്ത പോലീസിന്റെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഏകീകൃത കുര്‍ബാന നടത്തി. ഏകീകൃത രീതിയെ എതിര്‍ക്കുന്ന ബിഷപ്പ് ആന്റണി കരിയില്‍ ഉള്‍പ്പെടെയുള്ളവര്‍ വിട്ടു നില്‍ക്കുകയും ചെയ്തു. തങ്ങളുടെ മനസിലുണ്ടാക്കിയ മുറിവിന് പ്രതിക്രീയയായി ആലഞ്ചേരിയുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുമെന്നാണ് വിരുദ്ധര്‍ പറയുന്നത് . ഇതു മനസിലാക്കിയാണ് ജോ ജോസ്ഫ് തങ്ങളുടെ സ്ഥാനാര്‍ഥയല്ലെന്ന് ആലഞ്ചേരിക്കു പറയേണ്ടിവന്നത്. എന്നാല്‍ അത് കാര്യമായി ഏശിയിട്ടില്ല.
അപ്പോള്‍ ആലഞ്ചേരി വിരുദ്ധ വോട്ടുകള്‍ എങ്ങോട്ടു പോകും എന്നത് പ്രധാനമാകുന്നു. സഭയുമായി പലപ്പോഴും പരസ്യമായ ഏറ്റുട്ടലുകള്‍ക്കിറങ്ങിയിട്ടുള്ള പി.ടി.തോമസിനോട് അവര്‍ക്കത്ര കമ്പമുണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ഉമാതോമസിലേക്ക് ഈ വോട്ടുകള്‍ പോകാനുള്ള സാധ്യത കുറയും. അപ്പോള്‍ അവരുടെ ചോയിസായി വരിക ബി.ജെ.പിയായിരിക്കും. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ ക്രസ്ത്യന്‍ ന്യൂനപക്ഷത്തെ കോണ്‍ഗ്രസിലേക്കല്ല അടിപ്പിച്ചിട്ടുള്ളത് മറിച്ച് ബി.ജെ.പി പക്ഷത്തേക്കാണ്. അതിനാല്‍ ഈ തര്‍ക്കത്തിന്റെ ഫലം ലഭിക്കുക ബി.ജെ.പിക്കായിരിക്കും. ഇത് കോണ്‍ഗ്രസിന്റെ ഭൂരിപക്ഷത്തെ കുറയ്ക്കും. സഭാതര്‍ക്കങ്ങള്‍ക്ക് മുമ്പ് രണ്ടു പക്ഷത്തിന്റേയും വോട്ടുകളില്‍ ഭൂരഭാഗവും യു.ഡി.എഫിന് കിട്ടിയിരുന്നതാണെന്നും ഓര്‍ക്കുക. ആലഞ്ചേരി പക്ഷക്കാരുടെ വോട്ട് ഇടതുമുന്നണിയിലേക്കായിരിക്കും പോവുക. അങ്ങനെയെങ്കില്‍ വലിയ നഷ്ടം കോണ്‍ഗ്രസിനു തന്നെയാകും.
ആലപ്പുഴയില്‍ എസ്.ഡി.പി.ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും അതിനേത്തുടര്‍ന്നുണ്ടായ സംഭവങ്ങളും മണ്ഡലത്തിലെ ഹിന്ദു വോട്ടര്‍മാരേയും ചിന്തിപ്പിക്കാതിരിക്കില്ല. തങ്ങളുടെ ഉറച്ച രാഷ്ട്രീയ നിലപാടുകളെ തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കാന്‍ അവര്‍ തയ്യാറായേക്കും. വിഷയത്തില്‍ ബി.ജെ.പി എടുത്ത നിലപാടുകള്‍ക്ക് ഒരു രക്ഷക പരിവേഷവും ഉണ്ടായിരുന്നു. ഈ വിഷയം മണ്ഡലത്തില്‍ ബി.ജെ.പി കാര്യമായി ഉപയോഗിക്കുന്നുമുണ്ട്. മത വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ്ജിനുണ്ടായ അനുഭവങ്ങളും രക്ഷകരായുള്ള ബി.ജെ.പി യുടെ വരവും ക്രിസ്ത്യന്‍ മതവിഭാഗത്തേയും ചെറിയ അളവിലെങ്കിലും സ്വാധീനിക്കാം. ഒപ്പം ആലപ്പുഴയില്‍ അവര്‍ക്കെതിരേയും എസ്.ഡി.പി.ഐ മുദ്രാവാക്യം മുഴക്കിയിരുന്നു എന്ന കാര്യവും ഇതിനോട് ചേര്‍ത്തുവായിക്കണം. ഇതില്‍ പ്രതിഷേധിച്ച് സഭയും രംഗത്തു വന്നു.
ട്വന്റി-ട്വന്റിയുടെ വോട്ട് എങ്ങോട്ടു പോകുമെന്ന ഗവേഷണത്തിലാണ് മൂന്നു മുന്നണികളും. ഇവിടേയും അല്‍പം മേല്‍ക്കൈ ലഭിക്കുക ബി.ജെ.പിക്കു തന്നെയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്വന്റി-ട്വന്റി സ്ഥാനാര്‍ഥിയായി മല്‍സരച്ച ടെറി ജേക്കബ് 13,773 വോട്ടുകള്‍ നേടിയിരുന്നു. അന്നു പി.ടി.തോമസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 556 വോട്ടുകള്‍ മാത്രം കുറവ്. ഇത്തവണ മല്‍സരക്കാനില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒപ്പം ആം ആത്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ക്ക് സ്ഥാനാര്‍ഥി ഉണ്ടായില്ല. അതോടെയാണ് അവരുടെ വോട്ടുകള്‍ എങ്ങോട്ടു പോകുമെന്ന ചിന്തകള്‍ സജീവമായത്.
ഇടതു വലതു മുന്നണികളോട് ഒരുപോലെ ശത്രുതയിലാണ് ട്വന്റി-ട്വന്റി. പിണറായി ഭരണത്തിലുണ്ടായ ദുരനുഭവങ്ങളില്‍ പ്രതിഷേധിച്ച് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വരെ കീറ്റെക്‌സ് മേധാവിയായ പാര്‍ട്ടിയുടെ ചീഫ് സാബു എം ജേക്കബ് ഒരുങ്ങിയിരുന്നു. അതിനാല്‍ ഇടതു മുന്നണിയെ പിന്താങ്ങാന്‍ കഴിയില്ല. മാത്രമല്ല കഴിഞ്ഞ ഫെബ്രുവരി ഇരുപതിന് കിഴക്കമ്പലത്തു കൊല്ലപ്പെട്ട ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ സി.പി.എം.പ്രവര്‍ത്തകര്‍ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്നാണ് സാബുവിന്റെ ആരോപണവും.
നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സാബു എം.ജേക്കബിനെ നഖശിഖാന്തം എതിര്‍ത്ത ആളാണ് പി.ടി.തോമസ്. ഒരു ഘട്ടത്തില്‍ ട്വന്റി-ട്വന്റി ഇടതു മുന്നണിയുടെ ബി.ടീമാണെന്നുപോലും ആക്ഷേപിച്ചു. കീറ്റക്‌സില്‍ നിന്നുള്ള മലിനജലം കടമ്പ്രയാറിലേക്ക് ഒഴുക്കിവിടുന്നു എന്നാരോപിച്ച പി.ടി.യ്‌ക്കെതിരെ മാനനാഷ്ടത്തിന് കേസുകൊടുക്കാന്‍ പോലും ഒരുങ്ങിയിരുന്നു സാബുജേക്കബ്്. അതിനാല്‍ ഉമാതോമസിന് പിന്തുണ നല്‍കുക എളുപ്പമാകില്ല. അപ്പോള്‍ ഈ വോട്ടുകള്‍ എങ്ങോട്ട് എന്നൊരു ചോദ്യം ഉയരാം. ബി.ജെ.പി യോട് പ്രത്യക്ഷമായ ശത്രുതയെന്നുമില്ലാതിരിക്കെ ഈ വോട്ടുകളില്‍ അറുപതു ശതമാനവും അവര്‍ക്കു പോകാനായിരിക്കും സാധ്യത.
അവശേഷിക്കുന്നവയില്‍ കുറച്ചോട്ടുകള്‍ മാത്രമായിരിക്കും ഉമാതോമസിന് പോവുക. അവിടേയും യു.ഡി.എഫി നേപ്പോലെ എല്‍.ഡി.എഫിന് പേടിക്കേണ്ടിവരില്ല. തൃക്കാര മണ്ഡലം നിലവില്‍ വന്നശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടി.ത് 5935 വോട്ടുകളായിരുന്നു. പോള്‍ ചെയ്ത വോട്ടിന്റെ 5.04 ശതമാനം. 2016-ല്‍ അത് 21,247 വോട്ടായി ഉയര്‍ന്നു. 15.7 ശതമാനം. 2021-ല്‍ ബി.ജെ.പി വോട്ടുകളില്‍ ഗണ്യമായ കുറവുണ്ടായി. ആകെ നേടിയത് 15,218 വോട്ടുകള്‍ വോട്ടുവിഹിതം 11.34 ശതമാനം. മോദിസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന തെരഞ്ഞെടുപ്പായിട്ടും വോട്ടു കുറഞ്ഞത് പാര്‍ട്ടിയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇക്കുറി കൈസ്തവ സമൂഹത്തില്‍ പുതുതായി ഉയര്‍ന്നു വന്നരിക്കുന്ന പ്രശ്‌നങ്ങള്‍ കൂടി തങ്ങള്‍ക്കനുകൂലമാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
മറ്റൊരു പ്രധാന പ്രശ്‌നം കൂടി ഇവിടെ കോണ്‍ഗ്രസ് നേരിടുന്നുണ്ട്. അഖിലേന്ത്യാതലത്തിലുണ്ടാകുന്ന കൊഴിഞ്ഞു പോക്കാണത്. അല്‍പം പുരോഗമനപരമായി ചിന്തിക്കുന്നവരില്‍ അത് നിരാശയുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിസിന് പരമ്പരാഗതമായി വോട്ടു ചെയ്യുന്നവരിലായിരിക്കും ഇത് കൂടുതല്‍ പ്രകടമാവുക. ഇനി കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ടെന്തുകാര്യം എന്ന ചോദ്യം അവരുടെ മനസിലുയര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.
തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്നുള്ളതും രഹസ്യമല്ല. അവരുടെ പണി അവര്‍ കൃത്യമായി ചെയ്യുന്നുണ്ട്. ജയം, കെ.സുധാകരനും വി.ഡി. സതീശനുമുണ്ടാക്കുന്ന ഇമേജ് അത്തരക്കാരെ അലോസരപ്പെടുത്തുന്നുണ്ട്. രണ്ടുപേരും അവര്‍ ഇപ്പോള്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ക്ക് അര്‍ഹരല്ലെന്നു തെളിയിക്കാന്‍ കിട്ടുന്ന ആദ്യ അവസരമാണിത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മണ്ഡലത്തില്‍ സജീവമാണെങ്കിലും പാര്‍ട്ടിയില്‍ ഇവരുടെ മേല്‍ക്കൈ നഷ്ടപ്പെടുത്തിയവരോട് പൊറുക്കാന്‍ അവരുടെ അനുയായികള്‍ തയ്യാറാകണമെന്നില്ല. നഷ്ടപ്പെട്ടു എന്നു കരുതുന്ന അവരുടെ പ്രതാപം വീണ്ടെടുത്തു കൊടുക്കാന്‍ അവര്‍ ശ്രമിക്കാതിരിക്കില്ല. ആവഴിക്കുള്ള പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ സജീവമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുമുണ്ട്.
ഭരണ വിരുദ്ധ വികാരം, കെ.റെയില്‍, പി.ടി.തോമസിന്റെ രാഷ്ട്രീയ വ്യക്തിത്വം, സഹതാപ തരംഗം പോലുള്ള പരമ്പരാഗത വിഷയങ്ങള്‍ നേതാക്കളുടെ പ്രസംഗങ്ങളില്‍ മാത്രമേ അവശേഷിക്കുന്നുള്ളു. അതൊന്നും വോട്ടര്‍മാരുടെ തലവേദനയായി മാറിയിട്ടില്ല. ഇതിലൊക്കെ യു.ഡി.എഫ് വയ്ക്കുന്ന പ്രതീക്ഷയില്‍ അര്‍ഥവുമില്ല. ഇത്രയും പാറ്റിക്കൊഴിച്ചാലും മറ്റൊരു മുന്നണിയേയും തൃക്കാക്കര ഇതുവരെ ജിയിപ്പിച്ചിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു. എന്തൊക്കെ മാറ്റം മറിച്ചിലുകള്‍ ഉണ്ടായാലും അടിസ്ഥാന വോട്ടുകളില്‍ വലിയ വിള്ളലുകള്‍ വരണമെന്നില്ല.
ഇവിടെയാണ് യു.ഡി.എഫിന്റെ പ്രതീക്ഷയും. എങ്കിലും ഫലം വരുമ്പോള്‍ അവര്‍ക്കഭിമാനിക്കാന്‍ വിജയമൊഴിച്ച് കാര്യമായൊന്നും ഉണ്ടാകില്ല. എസ്.ഡി.പി.ഐ യ്ക്ക ഇരുപതുശതമാനം വോട്ടുകള്‍ മണ്ഡലത്തിലുണ്ടെന്നാണ് കരുതുന്നത്. ഇത് ഇടതുമുന്നണിക്കു തന്നെ ലഭിക്കുമെന്നാകാര്യത്തില്‍ സംശയവുമില്ല. അവരുടെ മുന്നില്‍ മറ്റൊരു ചോയിസ് ഇപ്പോഴില്ലാ എന്നതാണ് കാരണം. ആലപ്പുഴ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുകളും മറ്റും നടന്നെങ്കിലും ശക്തമായ പ്രതികരണങ്ങളൊന്നും തന്നെ ഇടതുമുന്നണിയില്‍ നിന്നുണ്ടായിട്ടുമില്ല. അതൊരു പക്ഷേ മുന്നണിക്കു ഗുണം ചെയ്‌തേക്കാം. അല്ല ഗുണം ചെയ്യും. പരിക്കില്ലാതെ രക്ഷപ്പെടാന്‍ ഇതും മുന്നണിയെ സഹായിച്ചേക്കും.
https://www.facebook.com/Malayalivartha