ശശി തരൂരിനെ പാലാ ബ്രില്ലിയന്റിൽ എത്തിക്കാൻ അഞ്ചുലക്ഷം കൈക്കൂലി; കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ ഗുരുതരമായ ആരോപണം; കോട്ടയത്ത് ഉമ്മൻചാണ്ടി ഗ്രൂപ്പ് ചത്തെന്നും തിരുവഞ്ചൂർ ഗ്രൂപ്പ് പിടിച്ചെന്നും യൂത്ത് കോൺഗ്രസ്

ശശി തരൂരിന്റെ കോട്ടയം സന്ദർശനത്തെ ചൊല്ലി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ ഉടലെടുത്ത വിവാദങ്ങൾ അവസാനിക്കുന്നില്ല. ശശി തരൂരിനെ പാലാ ബ്രില്യനറിൽ എത്തിക്കാൻ അഞ്ചുലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുകൊണ്ടുള്ള ഗുരുതരമായ ആരോപണവുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ ഒരു വിഭാഗം എത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികൾക്കെതിരെയാണ് ഒരു വിഭാഗം പ്രവർത്തകർ ആരോപണമുന്നയിച്ചത്. ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് ശശി തരൂരിനെ പങ്കെടുപ്പിച്ചു നടത്താൻ ഉദ്ദേശിച്ച പരിപാടികളുണ്ടായ ആരോപണങ്ങൾ സാമ്പത്തിക അഴിമതിയിലും ഗ്രൂപ്പ് യുദ്ധത്തിലും എത്തിച്ചേരുകയായിരുന്നു.
കഴിഞ്ഞദിവസം പാലായിൽ ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത്. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ തരൂരിനെ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് ഒരു നേതാവ് 5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം ഉയർന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിലെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിശ്വസ്തനായ നേതാക്കളാണ് ഇത് സംബന്ധിച്ച ആരോപണം ഉയർത്തിയത്.
ശശി തരൂരിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയിലും പാലായിലും തരൂരിന്റെ പേരിൽ വമ്പൻ സാമ്പത്തിക ഇടപാടുകളും വാഗ്ദാനങ്ങളും നടക്കുന്നതായും നേതാക്കൾ ആരോപിച്ചു. ജില്ലാ കമ്മിറ്റി കൂടി തീരുമാനമെടുക്കാതെ പരിപാടികൾ പ്രഖ്യാപിക്കുകയാണ് ചെയ്തത് ഇതിനെതിരെയും യോഗത്തിൽ അതിരൂക്ഷമായ വിമർശനം ഉയർന്നു. ഇത് സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടാണ് നേതാക്കൾ നടത്തുന്നതെന്നായിരുന്നു വിമർശനം.
ശശി തരൂർ വിഷയത്തിൽ പ്രതികരിച്ച ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷിനെ അപമാനിച്ച വിഷയത്തിലും ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ ആരോപണമുയർന്നു. ഈ വിഷയത്തിൽ ഡിസിസി പ്രസിഡണ്ടിന് ഒപ്പം നിന്ന് പ്രവർത്തകർ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എസ് ശബരീനാഥനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്.
ശബരിനാഥനെതിരെ പ്രമേയം അവതരിപ്പിക്കണമെന്നും ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്ത ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രമേയത്തിന് അവതരണ അനുമതി നൽകാതെ വോട്ടിന് ഇട്ട് തള്ളുകയാണ് ഉണ്ടായത്. ഡിസിസി പ്രസിഡന്റിനെ അപമാനിച്ച ശബരിനാഥനെ ജില്ലയിൽ കയറ്റരുത് എന്നു ആവശ്യവും ചില പ്രവർത്തകർ ഉന്നയിച്ചു.
പാർട്ടി അറിയാതെ, യൂത്ത് കോൺഗ്രസ് പരിപാടി പ്രഖ്യാപിച്ചത് സമാന്തര പ്രവർത്തനമാണെന്നും കെപിസിസി തീരുമാനത്തിന് എതിരെന്നും വിമർശനം ഉയർന്നു. ഉമ്മൻ ചാണ്ടിയുടെ പേര് ദുരുപയോഗം ചെയ്യരുതെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിൽ പങ്കാളിയാക്കി. എ ഗ്രൂപ്പിന്റെ ജില്ല ആണെങ്കിലും ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ഒരു വിഭാഗം ഇപ്പോൾ തിരുവഞ്ചൂർ ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് എഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ പറയുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു എന്നാണ് അവരുടെ വ്യാഖ്യാനമെന്നും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
തിരുവഞ്ചൂർ അനുഭാവികളും എ-ഐ ഗ്രൂപ്പുകളും ജില്ലാ പ്രസിഡന്റിന് ഒന്നിച്ച് യോഗത്തിൽ തിരിയുന്ന സാഹചര്യം പോലുമുണ്ടായി. പൊളിറ്റിക്കൽ മൈലേജ് ഉണ്ടാക്കാൻ കിട്ടിയ അവസരം ഉപയോഗിച്ചതാണെന്നു ജില്ലാ പ്രസിഡന്റ് യോഗത്തിൽ വിശദീകരിച്ചു. എന്നാൽ ഇതിനോടും അതി രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉണ്ടായത്. പാലാ കേന്ദ്രീകരിച്ചു നിൽക്കുന്ന ലഹരി മാഫിയയുടെ പിടിയിലാണ് ജില്ലാ കമ്മിറ്റി എന്ന് ആരോപണവും ഉയർന്നു. ശശി തരൂരിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഉണ്ടായ വിവാദങ്ങൾ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ഇതോടെ ഗുരുതരമായ ചേരിപ്പോരിനാണ് കോട്ടയത്ത് ഇടയാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha