സിപിഎം സംഘടനാ പ്ലീനത്തിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം

കേന്ദ്ര നേതൃത്വത്തിലെ ഭിന്നതകള്‍ ഏറ്റുപറഞ്ഞും മതനിരപേക്ഷ കക്ഷികളുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കാനുള്ള താല്‍പര്യം ആവര്‍ത്തിച്ചും സിപിഎം. ഇന്നു തുടങ്ങുന്ന സംഘടനാ പ്ലീനം പരിഗണിക്കുന്ന കരട് പ്രമേയം, സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കു പെരുമാറ്റ മര്യാദയും നിര്‍ദേശിക്കുന്നു. സിപിഎം സംഘടനാ പ്ലീനത്തിനു മുന്നോടിയായി ഇന്നുച്ചയ്ക്ക് ഒരുമണിക്കു കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്തു റാലി നടത്തും. പത്തുലക്ഷം പേര്‍ പങ്കെടുക്കുമെന്നാണു പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളത്. പാര്‍ട്ടിയുടെ കൊല്‍ക്കത്ത ജില്ലാ കമ്മിറ്റി ആസ്ഥാനമായ പ്രമോദ് ദാസ്ഗുപ്ത ഭവനില്‍ ഉച്ചതിരിഞ്ഞു നാലിനു പ്ലീനം തുടങ്ങും. 31നു സമാപിക്കുന്ന പ്ലീനത്തില്‍ മൊത്തം 456 പ്രതിനിധികളാണുള്ളത്. കേരളത്തില്‍ നിന്ന് 86 പേരാണ് പങ്കെടുക്കുന്നത്. ദ്രുതഗതിയില്‍ മാറുന്ന രാഷ്ട്രീയ സാഹചര്യവുമായി ഇണങ്ങുംവിധം വഴക്കമുള്ളതായിരിക്കണം അടവുനയമെന്നു കഴിഞ്ഞ ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അവലോകനരേഖ വ്യക്തമാക്കിയിരുന്നു. ഇത് അടിയന്തര നടപടിയായിരിക്കണമെന്നാണു കരട് പ്രമേയം നിര്‍ദേശിക്കുന്നത്. മതനിരപേക്ഷ കക്ഷികളിലെ പിളര്‍പ്പുകളും മറ്റും മുതലാക്കാന്‍ സാധിക്കണമെന്നാണു പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യക്തമാക്കിയതെങ്കില്‍, കോണ്‍ഗ്രസുമായി ബംഗാളില്‍ ധാരണയ്ക്കുള്ള സാധ്യതയാണ് ഇപ്പോള്‍ സൂചിപ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, 2015ല്‍ പ്ലീനത്തിലാണു ശ്രദ്ധയെന്നും മറ്റു കാര്യങ്ങള്‍ അതിനുശേഷമെന്നുമാണു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത്. വര്‍ഗീയതയെയും നവ ഉദാരവല്‍ക്കരണ നയങ്ങളെയും ഒരുമിച്ചാണ് എതിര്‍ക്കുന്നതെന്നും മോദി സര്‍ക്കാരിന് ഈ രണ്ടു പ്രശ്‌നങ്ങളുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രഥമ ലക്ഷ്യം പാര്‍ട്ടിയെയും ഇടതിനെയും ശക്തിപ്പെടുത്തുകയാണു . ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടെങ്കില്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്താമെന്നാണു വിലയിരുത്തലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. യച്ചൂരിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഏതാനും തവണ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ബിജെപിയുടെ കടന്നുവരവ് തടുക്കുകയെന്ന അജന്‍ഡയില്‍ ഒരുമിച്ചുനില്‍ക്കാന്‍ ഇരുനേതാക്കളും താല്‍പര്യം വ്യക്തമാക്കിയതായാണു സൂചന.
നേരത്തേമുതല്‍ നിലനില്‍ക്കുന്ന ഭിന്നതയുടെ ഭാഗമായ കാര്യങ്ങള്‍ മാത്രമാണ് അന്നു സംഭവിച്ചതെങ്കില്‍, ഇപ്പോഴും സ്ഥിതി അതേപടി തുടരുന്നുവെന്നാണു കരട് പ്രമേയം സൂചിപ്പിക്കുന്നത്. സംഘടനയെ ശക്തിപ്പെടുത്താന്‍ പ്ലീനം തീരുമാനിക്കുന്ന ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ കേന്ദ്രത്തിലെ പിബി അംഗങ്ങള്‍ തമ്മില്‍ ഒരുമ വേണമെന്നു പ്രമേയം തെളിച്ചുപറയുന്നു. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലെയും പല നേതാക്കളുടെയും പെരുമാറ്റത്തെക്കുറിച്ചു നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. വിഭാഗീയ സമീപനത്തിന്റെ ഭാഗമായി കേഡറുകളെ ഒഴിവാക്കുക, താല്‍പര്യമുള്ളവരെ മാത്രം സമിതികളിലുള്‍പ്പെടുത്തുക, നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ സ്വാധീനമുള്ളവര്‍ക്കുമെതിരെയുള്ള പരാതികള്‍ അവഗണിക്കുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉന്നയിക്കപ്പെട്ടത്. കീഴ്ഘടകങ്ങളും അംഗങ്ങളും ഉന്നയിക്കുന്ന പരാതികള്‍ക്കു ചെവികൊടുക്കാന്‍ നേതാക്കള്‍ തയാറാവണമെന്നും വിമര്‍ശനത്തിന്റെ മാത്രമല്ല, ആത്മവിമര്‍ശനത്തിന്റെയും മൂര്‍ച്ച കൂട്ടണമെന്നും പ്രമേയം നിര്‍ദേശിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha