യു.ജി.സി നെറ്റ് ഡിസംബർ 2025 പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) യു.ജി.സി നെറ്റ് ഡിസംബർ 2025 പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. രജിസ്ട്രേഷൻ ഒക്ടോബർ ഏഴിന് ആരംഭിച്ചു.
ഷെഡ്യൂൾ പ്രകാരം അപേക്ഷിക്കാനും അപേക്ഷ ഫീസ് അടക്കാനുമുള്ള അവസാന തീയതി 2025 നവംബർ ഏഴ് രാത്രി 11:50 വരെയാണ്. അപേക്ഷ തിരുത്തൽ വിൻഡോ 2025 നവംബർ 10 മുതൽ 12 വരെ തുറന്നിരിക്കും. ഇത് അപേക്ഷകർക്ക് സമർപ്പിച്ച ഫോമുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുവദിക്കുന്നു. പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ്, സ്ഥലം എന്നിവ എൻ.ടി.എ പിന്നീട് പ്രഖ്യാപിക്കുകയും ചെയ്യും.
യു.ജി.സി നെറ്റ് ഡിസംബർ 2025 പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി) മോഡിൽ 85 വിഷയങ്ങളിലേക്കാണ് നടത്തുക. ഇന്ത്യൻ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്) നൽകുന്നതിനുമുള്ള യോഗ്യത ദേശീയതല പരീക്ഷയിലൂടെ നിർണയിക്കപ്പെടുന്നു.
അപേക്ഷ ഫീസ് വിഭാഗങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ജനറൽ (അൺറിസർവ്ഡ്) വിദ്യാർഥികൾ 1,150 രൂപയും ജനറൽ-ഇ.ഡബ്ല്യു.എസ്, ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങളിൽപ്പെട്ടവർ 600 രൂപയും അടക്കണം. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, ട്രാൻസ്ജെൻഡർസ് എന്നിവർക്ക് 325 രൂപയാണ് ഫീസ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് അല്ലെങ്കിൽ യു.പി.ഐ വഴി ഓൺലൈനായി പണമടക്കാം.
രജിസ്റ്റർ ചെയ്യുന്നതിന് ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് UGC NET ഡിസംബർ 2025 രജിസ്ട്രേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. ആദ്യം അടിസ്ഥാന വിവരങ്ങൾ നൽകി പാസ്‌വേഡ് കൊടുത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുകയും വേണം. അതിനുശേഷം വ്യക്തിഗത, അക്കാദമിക് വിശദാംശങ്ങൾ സഹിതം അപേക്ഷ ഫോം പൂരിപ്പിക്കാനും, സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യാനും, പരീക്ഷ ഫീസ് അടക്കാനും കഴിയും. പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് എടുത്ത് വെക്കാവുന്നതാണ്
"
https://www.facebook.com/Malayalivartha