ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണനയിൽ

കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വാഹനം വിട്ടുനൽകാനായി കസ്റ്റംസ് കമീഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.
ഇവിടെ ഉപയോഗിക്കാനായി റെഡ്ക്രോസാണ് 2004 മോഡൽ വാഹനം ഇറക്കുമതി ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. രേഖകളെല്ലാം ശരിയാണെന്ന വിശ്വാസത്തിലാണ് വാഹനം വാങ്ങിയത്. കൈവശമുള്ള രേഖകളെല്ലാം നൽകിയെങ്കിലും അവ പരിശോധിക്കാതെയാണ് വാഹനം പിടിച്ചെടുത്തത്.
അഞ്ചു വർഷമായി ഇത് ഉപയോഗിക്കുന്നുണ്ട്. വാഹനം പിടിച്ചെടുത്തതിന് ശേഷമുള്ള നടപടികൾ പൂർത്തിയാക്കാൻ കാലതാമസമെടുക്കും. കസ്റ്റംസിന്റെ കസ്റ്റഡിയിൽ ഇത് ശരിയായി സൂക്ഷിക്കില്ലെന്നും ഉപയോഗിക്കാതെ കിടന്നാൽ വാഹനം നശിക്കുമെന്നും ഹർജിയിൽ പറയുന്നു.
ഓപറേഷൻ നുംഖോർ എന്ന പേരിലാണ് കസ്റ്റംസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഭൂട്ടാനിൽ നിന്ന് ആഢംബര വാഹനങ്ങൾ കേരളത്തിലേക്ക് കടത്തുന്നതിനെതിരായ ഓപറേഷൻ നുംഖൂറിൻറെ ഭാഗമായി നടത്തിയ പരിശോധനക്ക് പിന്നാലെ ലാൻഡ് റോവർ അടക്കം ദുൽഖറിൻറെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ടായിരുന്നു. കൂടാതെ, ദുൽഖറിൻറെ കൈവശം നിയമവിരുദ്ധമായി എത്തിച്ച വാഹനങ്ങളുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു.
കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന നടത്തിയത്. മലയാള സിനിമ താരങ്ങൾക്ക് ഉൾപ്പെടെ നിരവധി ആളുകൾ ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. പൃഥ്വിരാജ് സുകുമാരൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിട്ടുണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha