'ക്യാമറ വിളിക്കുന്നു'; മെഗാസ്റ്റാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി സോഷ്യൽമീഡിയ!!

മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ഏഴ് മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയിലേയ്ക്ക് തിരിച്ചുവന്നത്.
ഇപ്പോഴിതാ മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. 'പാട്രിയറ്റ്' എന്ന സിനിമയുടെ ഹൈദരാബാദിലെ സെറ്റിലാണ് നടൻ എത്തിയത്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തി. നിലവിൽ ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് മമ്മൂട്ടിയുള്ളത്.
നഗരത്തിൽ 4 ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകൻ മഹേഷ് നാരായണൻ ലോക്കേഷനിൽ എത്തിയിട്ടുണ്ട്. തെലങ്കാന സർക്കാർ ട്രാൻസ്‌പോർട് ആസ്ഥാനമായ ബസ് ഭവനിൽ ആയിരിക്കും മമ്മൂട്ടി ആദ്യമെത്തുക.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യാൻ തിരിച്ചെത്തിയിരിക്കുകയാണെന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ടൊയോട്ട ലാൻഡ് ക്രൂസർ കാറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി സന്തോഷം അറിയിച്ചത്.
‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കാൻ വാക്കുകൾ മതിയാകില്ല. ക്യാമറ വിളിക്കുന്നു.’ എന്നാണ് മമ്മൂട്ടി ചിത്രത്തിനൊപ്പം കുറിച്ചത്.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് കമന്റ് ചെയ്തത്. സംവിധായകൻ തരുൺ മൂർത്തി, മിഥുൻ മാനുവൽ തോമസ്, ടിനു പാപ്പച്ചൻ, നടൻ ആന്റണി വർഗീസ്, നൈല ഉഷ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ കമന്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha