കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉന്നയിച്ചത്; ഇടനിലക്കാരന്റെ പേരും പോയ വാഹനവും ഉള്‍പ്പെടെ എല്ലാം ഉറപ്പു വരുത്തി നൂറു ശതമാനം ബോധ്യത്തോടെയാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉന്നയിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കിട്ടിയ വിവരം പലതവണ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ആരോപണമായി ഉന്നയിച്ചത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു .
ഇടനിലക്കാരന്റെ പേരും പോയ വാഹനവും ഉള്‍പ്പെടെ എല്ലാം ഉറപ്പു വരുത്തി നൂറു ശതമാനം ബോധ്യത്തോടെയാണ് ആരോപണം ഉന്നയിച്ചത്. സി.പി.എം ഇപ്പോള്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. എ.ഡി.ജി.പി സ്വന്തം ഇഷ്ടപ്രകാരം കണ്ടെന്നാണ് സി.പി.എം ന്യായീകരിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ത് വ്യക്തിപരമായ കാര്യത്തിനാണ് ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചത്? വേറെ ഒരു കാരണവുമില്ല എന്നും വി ഡി സതീശൻ പറഞ്ഞു.
രാഷ്ട്രീയദൂതുമായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യഥാര്‍ത്ഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരായി നില്‍ക്കുകയാണ്. സി.പി.എം പറയന്ന മതേതരത്വത്തില്‍ ഒരു കാര്യവുമില്ലെന്ന് വ്യക്തമായി. ന്യൂനപക്ഷ അവകാശങ്ങള്‍ പാടില്ലെന്നും അതില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ട ആര്‍.എസ്.എസ് നേതാവാണ് ദത്താത്രേയ ഹൊസബല. അങ്ങനെയുള്ള ആളെ കാണാനാണ് മുഖ്യമന്ത്രി തന്റെ ദൂതനായി എ.ഡി.ജി.പിയെ വിട്ടത് എന്നും വി ഡി സതീശൻ പറഞ്ഞു.
മറ്റു പല ബി.ജെ.പി നേതാക്കളെയും എ.ഡി.ജി.പി കണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നിരിക്കുന്നത്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് തൃശൂരില്‍ ബി.ജെ.പിക്കുണ്ടായ അട്ടിമറി വിജയവും. സി.പി.എം- ബി.ജെ.പി ബാന്ധവം ഉണ്ടെന്നത് പ്രതിപക്ഷം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ ഉന്നയിക്കുന്ന ആരോപണമാണ്. ബാന്ധവം ഉണ്ടെന്നത് ആര്‍.എസ്.എസ് മുഖപത്രത്തിന്റെ എഡിറ്റര്‍ തന്നെ സമ്മതിച്ചിട്ടുമുണ്ട്. അതിനു ശേഷമാണ് ഔദ്യോഗിക കാര്‍ ഉപേക്ഷിച്ച് മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് മുഖ്യമന്ത്രി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഇക്കാര്യം നിയമസഭയില്‍ മുഖത്തു നോക്കി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഉത്തരമില്ലാതെ തല കുനിച്ചിരുന്നു എന്നും വി ഡി സതീശൻ പറഞ്ഞു .
https://www.facebook.com/Malayalivartha