അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹർജി തള്ളി കോടതി; സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;
പി ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനം തടഞ്ഞെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി സി.പി.എം ക്രിമിനല്‍ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയാളികളും കൊലപാതകത്തിന് ഗൂഡാലോചന നടത്തിയവരും ഉള്‍പ്പെടെയുള്ള എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം നടക്കുന്നത് സി.പി.എം സംസ്ഥാന- ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന യു.ഡി.എഫ് ആരോപണത്തിന് അടിവരയിടുന്നതാണ് അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം. സി.പി.എം നേതാക്കള്‍ക്കൊപ്പം ആശുപത്രി മുറിയില്‍ ഗൂഡാലോചന നടത്തിയ രണ്ടു ക്രിമിനലുകള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തു എന്നതിനുള്ള തെളിവുകളും സി.ബി.ഐ ഹാജരാക്കിയിട്ടുണ്ട് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ കൊടുംക്രിമിനലുകള്‍ക്ക് ഇപ്പോഴും സംരക്ഷണം ഒരുക്കുകയും ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിയുകയും ചെയ്യുന്ന സി.പി.എം, ഷൂക്കൂര്‍ വധക്കേസ് പ്രതികളെയും സംരക്ഷിക്കുമെന്ന് ഉറപ്പാണ്. മാഫിയ സംഘത്തെ പോലെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയും അതിന്റെ നേതാക്കളും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നു എന്നത് കേരളത്തിനും അപമാനമാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
https://www.facebook.com/Malayalivartha


























