വോട്ട് കൊള്ള അഥവാ വോട്ട് ചോരിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടു വരണം; തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ഗൂഢതന്ത്രമാണ് കേന്ദ്ര സർക്കാരും അതിനു നേതൃത്വം നൽകുന്ന ബി ജെ പി യും ആസൂത്രണം ചെയ്യുന്നതെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ് ശിവകുമാർ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ഗൂഢതന്ത്രമാണ് കേന്ദ്ര സർക്കാരും അതിനു നേതൃത്വം നൽകുന്ന ബി ജെ പി യും ആസൂത്രണം ചെയ്യുന്നതെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം അഭിപ്രായപ്പെട്ടു. അതിന്റെ ഭാഗമാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്ന വോട്ട് കൊള്ള അഥവാ വോട്ട് ചോരി. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ശിവകുമാർ അഭ്യർഥിച്ചു. കേന്ദ്ര സർക്കാരിന്റെ വോട്ട് കൊള്ളയ്‌ക്കെതിരേ ഡി സി സി യുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സിഗ്‌നേച്ചർ ക്യാംപെയിൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശിവകുമാർ.
ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ഇപ്പോൾ ജനാധിപത്യമില്ല. പലേടത്തും സൈനിക അട്ടിമറികൾ നടന്നു. ചിലേടങ്ങളിൽ ഏകാധിപതികൾ ഭരണം പിടിച്ചു. ശക്തമായ ജനാധിപത്യ അടിത്തറ ഉള്ളതുകൊണ്ടാണ് ഇന്ത്യയിൽ അതൊന്നും നടക്കാതിരുന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാർ അജണ്ട ലക്ഷ്യത്തിലെത്താൻ ഇവിടെയും ജനാധിപത്യം അട്ടിമറിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള ഒത്താശയാണ് മോദി സർക്കാർ നടത്തുന്ന വോട്ട് കൊള്ളയെന്നും ശിവകുമാർ കുറ്റപ്പെടുത്തി.
കർണാടകത്തിലെ സെൻട്രൽ ബെംഗളൂരു ലോക്‌സഭാ നിയോജക മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തോളം വോട്ടുകളുടെ തിരിമറിയാണ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വെളിച്ചത്തു കൊണ്ടു വന്നത്. കർണാടകത്തിൽ മാത്രമല്ല, മഹാരാഷ്ട്രയിലും ഹരിയാനയിലും ഉത്തർ പ്രദേശിലും ബിഹാറിലുമൊക്കെ ഇതു സംഭവിക്കുന്നു. കേരളത്തിലടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ഇതാണു നടക്കുന്നത്. ഇതിനെതിരേ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടപ്പും നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമായിരിക്കെ, കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ ബി ജെ പി യുമായി സഹകരിച്ചു പരസ്പരം സഹായിക്കുന്ന സമീപനമാണ് സി പി എം നടത്തുന്നത്. അതിന്റെ ഭാഗമായിട്ടാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത്. വേണ്ടത്ര ജനപങ്കാളിത്തമില്ലാതെ അതു വലിയ പരാജയമായി. എന്നാൽ ഈ അവസരം മുതലാക്കി, സംഘപരിവാർ സംഘടനകൾ ഇന്നലെ പന്തളത്ത് ബദൽ സംഗമം നടത്തി. ഇതെല്ലാം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും പഴയതെല്ലാം മറന്ന് ജനങ്ങൾ സ്വന്തം ചേരിയിലെത്തുമെന്ന പ്രതീക്ഷയിലുമാണ് ചെയ്യുന്നത്. എന്നാൽ ആചാര ലംഘനത്തിലൂടെ ഹൃദയത്തിൽ മുറിവേറ്റ യഥാർഥ വിശ്വാസികൾ സർക്കാരിനും സംഘപരിവാർ സംഘത്തിനും എതിരാണെന്നും അവർ യു ഡി എഫിനു പിന്നിൽ ഉറച്ചു നിൽക്കുമെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha