ജിഎസ്ടി പരിഷ്കരണത്തിൻറെ ഭാഗമായി കൃത്യമായ പഠനങ്ങൾ നടത്തിയിട്ടില്ല; ജിഎസ്ടി പരിഷ്കരണത്തിൻറെ ഭാഗമായി കേരളത്തിന് 50,000 കോടി മുതൽ 2,00000 രൂപവരെ നഷ്ടം സംഭവിക്കാമെന്നുള്ള അഭിപ്രായമുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

ജിഎസ്ടി പരിഷ്കരണത്തിൻറെ ഭാഗമായി കേരളത്തിന് 50,000 കോടി മുതൽ 2,00000 രൂപവരെ നഷ്ടം സംഭവിക്കാമെന്നുള്ള അഭിപ്രായമുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി പരിഷ്കരണത്തിൻറെ ഭാഗമായി കൃത്യമായ പഠനങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾ കഴിയുമ്പോൾ വീണ്ടും കാര്യങ്ങൾ പഴയനിലയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
50,000 കോടി മുതൽ 2,00000 രൂപവരെ നഷ്ടം കേരളത്തിന് സംഭവിക്കാമെന്ന മുന്നറിയിപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഇത്രയും പണം ഒരു വർഷം നഷ്ടപ്പെട്ടാൽ സാമൂഹിക ക്ഷേമ പെൻഷൻ, ശമ്പളം, വികസനം എന്നിവയ്ക്കുള്ള പണമാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നത്.
സംസ്ഥാനങ്ങൾക്ക് വേറെ വരുമാനം ഉണ്ടാക്കാൻ മാർഗം ഇല്ല. എല്ലാ സംസ്ഥാനങ്ങളുടേയും ആകെ വരുമാനത്തിൻറെ 41 ശതമാനവും ജിഎസ്ടിയിൽ നിന്നാണ്. അത് നഷ്ടപ്പെട്ട് കഴിഞ്ഞാൽ വലിയ പ്രശ്നം ആണ്. ഈ നഷ്ടം നികത്താൻ എന്ത് ചെയ്യും എന്നതിൽ വ്യക്തതയില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ജനങ്ങൾക്ക് ശമ്പളം ലഭിച്ചാൽ അല്ലേ കുറഞ്ഞ വിലയ്ക്ക് സാധനം വാങ്ങാൻ സാധിക്കൂ എന്നും മന്ത്രി ചോദിക്കുന്നു.
അതേസമയം, ജിഎസ്ടി കൗൺസിലിൻറെ തീരുമാനത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനം പോലും ഉത്പന്നങ്ങൾക്ക് വില കുറയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല. നേട്ടം ജനങ്ങൾക്ക് കിട്ടണം. എന്നാൽ നികുതി കുറയ്ക്കുന്ന സമയത്ത് പല കമ്പനികളും ഇതിൻറെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ലെന്നും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ഈ വിഷയം സമ്മതിച്ചതാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
അതിനിടെ,രാജ്യത്ത് ജിഎസ്ടി പരിഷ്കരണം നിലവിൽ വന്നു. മുമ്പ് നാല് സ്ലാബുകളായിരുന്നു ജിഎസ്ടിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നു മുതൽ രണ്ട് സ്ലാബുകൾ മാത്രമാണുള്ളത്. ഇതോടെ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കുറയും. ജിഎസ്ടി പരിഷ്കരണത്തിന്റെ ഫലമായി 413 ഉത്‌പന്നങ്ങളുടെ വിലയാണ് കുറയുന്നത്. ഇതിലൂടെ ഖജനാവിന് 48,000 കോടിയുടെ നഷ്ടമുണ്ടാകും എന്നാണ് വിലയിരുത്തൽ. അതേസമയം, ജനങ്ങൾക്ക് വലിയ ഗുണമാണ് പുതിയ ജിഎസ്ടി ഘടനയിലൂടെയുണ്ടാകുക
രാജ്യത്ത് ജിഎസ്ടിയിൽ നിലവിലുണ്ടായിരുന്ന 12 ശതമാനം, 28 ശതമാനം സ്ലാബുകളാണ് ഒഴിവാക്കിയത്. ഇന്നുമുതൽ അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളിലാണ് നികുതി ഘടന. ഇതോടെ 90 ശതമാനം വസ്തുക്കളുടെയും വിലകുറയുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കൂടാതെ ആഡംബര ഉത്പന്നങ്ങൾക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങൾക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയർന്നനിരക്കും നടപ്പാക്കുകയാണ്.
ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ വാഹനനിർമാതാക്കൾ തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ചമുതൽ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാമരുന്നുകൾ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽനീർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha