സംസ്ഥാനതല ഗൃഹസമ്പർക്ക യജ്ഞവും നിധിശേഖരണവും; കേരളത്തിലെ 50 ലക്ഷം വീടുകളിൽ നേരിട്ടെത്തി സമ്പർക്കം നടത്താൻ ബി ജെ പി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ 50 ലക്ഷം വീടുകളിൽ നേരിട്ടെത്തി സമ്പർക്കം നടത്താൻ ബി ജെ പി. സംസ്ഥാനതല ഗൃഹസമ്പർക്ക യജ്ഞവും നിധിശേഖരണവും സപ്തംബർ 25 ന് ആരംഭിക്കും. തിരുവനന്തപുരം നഗരമധ്യത്തിലെ രാജാജി നഗറിലെ വീടുകളിൽ സമ്പർക്കം നടത്തി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമ്പർക്കയജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും.
ഇടതു വലതു മുന്നണി ഭരണത്തിൽ സംസ്ഥാനം നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയും ബി ജെ പി മുന്നോടുവെയ്ക്കുന്ന വികസിത കേരളം യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ മുന്നോട്ടു വെച്ചുമാണ് ബിജെപി ഓരോ വീടുകളിലേക്കും എത്തുന്നത്. "മാറാത്തത് ഇനി മാറും" എന്ന മുദ്രാവാക്യമുയർത്തിയാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സമ്പർക്ക പരിപാടി ബി ജെ പി ആരംഭിക്കുന്നത്.
ഗൃഹസമ്പർക്ക യജ്ഞത്തിന്റെ ഉദ്ഘാടന ദിനത്തിൽ കൊല്ലത്ത് മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും പത്തനംതിട്ടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും നേതൃത്വം നൽകും. ശോഭാ സുരേന്ദ്രനും അഡ്വ.പി.സുധീറും ആലപ്പുഴയിലും കുമ്മനം രാജശേഖരൻ കോട്ടയത്തും പി.സി.ജോർജ് ഇടുക്കിയിലും അഡ്വ. എസ്.സുരേഷ് എറണാകുളത്തും പങ്കെടുക്കും.
തൃശൂരിൽ പത്മജ വേണുഗോപാൽ, പാലക്കാട് പി.കെ കൃഷ്ണദാസ്, മലപ്പുറം എ എൻ രാധാകൃഷ്ണൻ, കോഴിക്കോട് മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, വയനാട് എ.പി.അബ്ദുള്ളക്കുട്ടി, കണ്ണൂരിൽ സി കെ. പദ്മനാഭൻ, കാസർകോട് എം.ടി. രമേശ് എന്നിവരും നേതൃത്വം നൽകും.
https://www.facebook.com/Malayalivartha