ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ അറ്റകുറ്റപണികൾക്ക് കൊണ്ടു പോകുന്നതിൽ ദേവസ്വം ബോർഡ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്. ഇതുതന്നെയാണ് പ്രതിപക്ഷവും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ശബരിമലയിലെ പരമാധികാരി ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിനും ഹൈക്കോടതി അടിവരയിട്ടു.
2018 മുതൽ 2025 വരെ ശബരിമല കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ നിലവിലെ ദേവസ്വം ബോർഡിന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. കൊള്ളസംഘത്തെ ചവിട്ടി പുറത്താക്കുന്നതിനു പകരം അവരുടെ കാലാവധി നീട്ടി നൽകാനാണ് സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. സ്വർണക്കൊള്ളയിലെ സി.പി.എം ഉന്നത നേതൃത്വത്തിന്റെ പങ്ക് മറച്ചുവയ്ക്കാനാണിത്. ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ ശ്രമിച്ചാൽ അത് ഒരു കാരണവശാലും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു ..
സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ രേഖകളിൽ ചെമ്പാക്കിയത് എൻ. വാസു ദേവസ്വം കമ്മിഷണറായിരുന്ന കാലത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാസുവിനെ അറസ്റ്റു ചെയ്യണം. സ്വർണം ബാക്കിയുണ്ടെന്നും വിവാഹാവശ്യത്തിന് ഉപയോഗിക്കാമെന്നും അറിയിച്ച് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി 2019 ഡിസംബർ 9-ന് എൻ. വാസുവിന് ഇ-മെയിൽ അയച്ചിരുന്നു.
ഇക്കാര്യം വാസുവും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു തവണ ദേവസ്വം കമ്മിഷണറും സ്വർണക്കൊള്ള നടന്ന് മാസങ്ങൾക്കു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റുമായ വ്യക്തിയാണ് എൻ.വാസു എന്നും അദ്ദേഹം പറഞ്ഞു . വാസു കമ്മിഷണറായിരുന്ന കാലത്താണ് യുവതിപ്രവേശനം ഉൾപ്പെടെ നടന്നത്.
കമ്മിഷണർ സ്ഥാനത്തു നിന്നിറങ്ങി ഏതാനും മാസത്തിനുള്ളിൽ ദേവസ്വം ബോർഡ് പ്രസിഡന്റായി വാസു മടങ്ങിയെത്തയത് അദ്ദേഹത്തിന് സി.പി.എമ്മിലും സർക്കാരിലുമുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്. വാസു കുടുങ്ങിയാൽ മന്ത്രിമാരും സി.പി.എം നേതാക്കളും കുടുങ്ങുമെന്ന് സാമാന്യ ബോധമുളളവർക്ക് മനസിലാകും എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha

























