ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് തിരുവനന്തപുരം കോർപ്പറേഷൻ കാണിച്ചത് തികഞ്ഞ അനാദരവാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ആർ.ശങ്കർ ഫൗണ്ടേഷന് പതിച്ചു കൊടുത്ത സ്ഥലത്ത് വികസന പ്രവർത്തനങ്ങളുടെ പേരിൽ കോർപ്പറേഷൻ കടന്നു കയറി നിർമ്മാണ പ്രവർത്തനങ്ങൾ നശിപ്പിക്കുകയായിരുന്നു.അവിടെ കേറി അതിക്രമം കാട്ടാൻ കോർപ്പറേഷന് ഒരു അധികാരവുമില്ല.
ഇത് കേരള ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരാളിന്റെ ഓർമ്മ പോലും തകർത്തു കളയാനുള്ള വ്യഗ്രതയാണ്. ആർ ശങ്കറിന്റെ ഓർമ്മ ദിനത്തിനു തൊട്ടു മുമ്പാണ് കോർപ്പറേഷൻ ഈ വൃത്തികേട് കാണിച്ചിരിക്കുന്നത്. ഇത് അനുവദിക്കില്ല.
കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കും - ചെന്നിത്തല പറഞ്ഞു.മുൻ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡൻ്റുമായിരുന്ന ആർ .ശങ്കറിൻ്റെ 53-ാം ചരമവാർഷിക ദിനത്തിൽ ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ പാളയത്തുള്ള ആർ ശങ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്താനായി രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കന്മാർ എത്തിയപ്പോഴാണ് പ്രതിമയുടെ ഒരു ഭാഗം തകർത്ത നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.
https://www.facebook.com/Malayalivartha


























