12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച
നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന തമിഴ്നാട് സ്വദേശി, യെമനില്‍ ജോലി ചെയ്യുന്ന സാമുവല്‍ ജെറോമിനും അമ്മ പ്രേമകുമാരിയും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകള്‍ നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ഒരുനോക്ക് കാണുന്നത്. വികാരനിര്‍ഭരമായിരുന്നു കൂടിക്കാഴ്ച. നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന തമിഴ്നാട് സ്വദേശി, യെമനില്‍ ജോലി ചെയ്യുന്ന സാമുവല്‍ ജെറോമിനും ഇന്ത്യന്‍ എംബസിയിലെ രണ്ട് ജീവനക്കാര്‍ക്കുമൊപ്പം പ്രാദേശിക സമയം പത്തരയോടെയാണ് (ഇന്ത്യന്‍സമയം ഒരുമണി) പ്രേമകുമാരി തലസ്ഥാനമായ സനയിലെ ജയിലിലെത്തിയത്.
നാലുപേരുടെയും ഫോണുകള്‍ ജയില്‍ അധികൃതര്‍ വാങ്ങിവച്ചു. പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച. മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. മകളാകട്ടെ അമ്മയെ വാരിപ്പുണര്‍ന്നു. ഇരുവരും പൊട്ടിക്കരഞ്ഞു. എംബസി ജീവനക്കാരന്‍ നെഫേയും ജീവനക്കാരി ദുഹയും സാമുവല്‍ ജെറോമും ജയിലിന് പുറത്തിറങ്ങി. എംബസി ജീവനക്കാര്‍ നല്‍കിയ ഭക്ഷണം അമ്മയും മകളും ഒന്നിച്ചിരുന്ന് കഴിച്ചു.
2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. യെമന്‍ പൗരന്റെ ഗോത്രവുമായി നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ച നടത്താനാണ് ശ്രമം. അയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ ശിക്ഷയിളവു ലഭിക്കും.
തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി പോയത്. തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തതോടെ നിമിഷപ്രിയയുടെ ദുരിതം ആരംഭിച്ചു. ബിസിനസിനായി സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. കൂടുതല്‍ പണത്തിന് കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്ന നിമിഷ ഒറ്റയ്ക്കാണ് മടങ്ങിയത്. നിമിഷ ഭാര്യയാണെന്ന് തലാല്‍ അബ്ദുള്‍ മഹ്ദി പലരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി.
പാസ്പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണം വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി ക്രൂരമായി മര്‍ദ്ദിച്ചു. ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ മൊഴി.ആഭ്യന്തരയുദ്ധം കലുഷമായ യെമന്‍ തലസ്ഥാനമായ സന ഇപ്പോള്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. യെമനിലെ ഇന്ത്യന്‍ എംബസി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് അയല്‍രാജ്യമായ ജിബൂട്ടിയിലാണ്.
https://www.facebook.com/Malayalivartha