പോരുന്നോ ദുബായ് ജെയിലിലേക്ക്?

പോരുന്നോ ദുബായ് ജെയിലിലേക്ക്?
ഓസിൽ ഒരു വിദേശ ടൂർ, അടിച്ചുപൊളിച്ചു തിരിച്ചുവരാം. മടങ്ങിവരുമ്പോൾ പോക്കറ്റ് നിറയെ കാശ്. ശരാശരി മലയാളി ചെറുപ്പക്കാരൻ മൂക്കും കുത്തി വീഴാൻ ഇതിലധികം വാഗ്ദാനമൊന്നും ആവശ്യമില്ല.. പോരുന്നോ ദുബായിലേക്ക്, അവിടൊന്ന് കറങ്ങാം, ഇഷ്ടം പോലെ കാശും തരാമെന്നു പറഞ്ഞാൽ രണ്ടാമതൊന്നാലോചിക്കാതെ എടുത്തുചാടുന്ന മലയാളികളുടെ എണ്ണത്തിൽ വർധന. ഇവരെത്തിച്ചേരുന്നത് ദുബായിലെ ജയിലുകളിലാണ് . പലപ്പോഴും ഇവർക്കു വിധിക്കുന്നത് വധശിക്ഷയും ..
ഇങ്ങനെ ദുബായിലേക്ക് ക്ഷണിക്കുന്നവർ കയ്യിൽ ഒരു പൊതി തരും. അത് ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ ആളെയും നിർത്തിയിട്ടുണ്ടാകും.ദുബായ് സ്വപ്നം കാണു പോകുന്നവർ ഈ ചെറിയ ജോലി ചെയ്യാൻ സർവ്വഥാ സന്നദ്ധരായിരിക്കും .. ആ പൊതിയിൽ,പക്ഷെ രാജ്യാന്തര മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള ലഹരിയാണ് എന്ന് ഇവർ അറിയുന്നത് ജയിലിൽ എത്തിയതിനു ശേഷമായിരിക്കും .
കർശന ഇമിഗ്രേഷൻ പൂർത്തിയാക്കി പിടിക്കപ്പെടാതെ പുറത്തിറങ്ങിയാൽ, നിങ്ങൾക്ക് മുകളിൽ പറഞ്ഞ പാക്കേജ് പ്രകാരമുള്ള സൗകര്യങ്ങളിൽ ചിലതൊക്കെ കിട്ടിയേക്കാം. പക്ഷേ, പിടിക്കപ്പെട്ടാൽ, നിങ്ങളെ ഇവിടേക്ക് അയച്ചവരോ നിങ്ങളുടെ പൊതി ഏറ്റുവാങ്ങാൻ നിൽക്കുന്നവരോ ആ പരിസരത്തു പോലുമുണ്ടാവില്ല. ഇത്തരം പൊതിയുമായി വരുന്നവരിൽ ബഹുഭൂരിപക്ഷവും പിടിക്കപ്പെടുക തന്നെ ചെയ്യുമെന്നതാണ് സത്യം. ഇവിടേക്ക് കയറ്റി വിടുന്നവർ അക്കാര്യം നിങ്ങളോടു പറയില്ല. സുഖമായി പുറത്തിറങ്ങാമെന്ന ഉറപ്പു മാത്രമേ നൽകൂ.
ദിവസവും ലക്ഷക്കണക്കിന് ആളുകളെ കണ്ടും പെരുമാറ്റം മനസ്സിലാക്കിയും പ്രവർത്തിക്കുന്ന സംവിധാനമാണ് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ ഇമിഗ്രേഷനിലുള്ളത്. നിങ്ങളുടെ ബാഗിലെ സംശയാസ്പദമായ പൊതി യന്ത്രക്കണ്ണുകളും മനുഷ്യക്കണ്ണുകളു ഒരുപോലെ കണ്ടെത്തും. ഇതിന്റെയൊന്നും പിടിയിൽ പെടാതെ പുറത്തിറങ്ങാൻ ലക്ഷത്തിൽ ഒരാൾക്കു സാധിച്ചേക്കും. പക്ഷേ, ആ ഒരാൾ നിങ്ങൾ ആകണമെന്നില്ല. ലഹരികടത്തു കേസിൽ ഗൾഫ് രാജ്യങ്ങളിൽ പിടിയിലാകുന്ന മലയാളികളുടെ എണ്ണത്തിൽ അടുത്ത കാലത്തായി വൻ വർധനയുണ്ട്. സൗജന്യ വിദേശ യാത്രയും പെട്ടെന്നു പണമുണ്ടാക്കാനുള്ള വ്യഗ്രതയുമാണ് ഈ ചെറുപ്പക്കാർക്കു വിനയാകുന്നത്. അറസ്റ്റിലായവരിൽ കൂടുതലും നിർധന വീടുകളിൽ നിന്നുള്ളവരാണ്.
കുവൈത്ത്, സൗദി, ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ലഹരികടത്തിനു വധശിക്ഷ വരെ ലഭിക്കാം. ഇവിടെ പിടിക്കപ്പെട്ടവരിൽ നാട്ടിലെ കോളജുകളിൽ നിന്നുള്ള കുട്ടികളുണ്ട്. ലഹരി കടത്തിനു പിടിച്ചാൽ, ആദ്യം വൈദ്യപരിശോധന നടത്തും. പരിശോധനയിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നു തെളിഞ്ഞാൽ അതിനു വേറെ ശിക്ഷയുണ്ട്. വിലങ്ങ് അണിയിച്ചാണ് ആശുപത്രിയിൽ അടക്കം കൊണ്ടുപോവുക.
പിടിയിലായവരുടെ ശരാശരി പ്രായം 18 – 25 ആണ്. 3 ദിവസത്തെ കോളജ് ഫീൽഡ് ട്രിപ്പ്, വിനോദ യാത്ര എന്നൊക്കെ പറഞ്ഞ് വീട്ടുകാരെ പറ്റിച്ചാണ് പലരും വിദേശത്തേക്കു വിമാനം കയറുന്നത്. ഈ ദിവസങ്ങളിൽ വാട്സാപ് വോയ്സ് മെസേജിലൂടെയാകും നാടുമായുള്ള ആശയവിനിമയം.
എന്നാൽ വിദേശത്തെത്തി പിടിക്കപ്പെടുന്നതോടെ ഇവരെക്കുറിച്ചുള്ള ഒരു വിവരവും പിന്നീട് പുറം ലോകം അറിയില്ല. ആഴ്ചകളോളം മക്കളെ കാണാതെ വിഷമിക്കുന്ന മാതാപിതാക്കൾ ഒടുവിൽ അവർ അകപ്പെട്ട കെണി അറിയുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും. ലഹരി കേസിൽ ശിക്ഷിക്കപ്പെട്ടു നാടു കടത്തപ്പെടുന്നവർക്ക് പിന്നീട് ഒരിക്കലും ഒരു ഗൾഫ് രാജ്യത്തും തിരികെ വരാൻ സാധിക്കില്ല.
ലഹരി മാഫിയകളുടെ വലയിൽ അറിഞ്ഞുകൊണ്ട് ഇരകളാകുന്നവരും ചതിക്കപ്പെടുന്നവരും ഉണ്ട്. ലഹരി സംഘം നൽകുന്ന ‘പൊതി’ നിശ്ചിത തുക പ്രതിഫലമായി സ്വീകരിച്ച് വിദേശത്തെ ഏജന്റിന് എത്തിച്ചു കൊടുക്കുന്നവരാണ് അറിഞ്ഞു കൊണ്ട് ചെയ്യുന്നവർ. വിദേശത്തു ജോലി ചെയ്യുന്നവരെയോ ആദ്യമായോ പോകുന്നവരെയോ തെറ്റിദ്ധരിപ്പിച്ച് വേണ്ടപ്പെട്ടവർക്കുള്ള മരുന്നോ മറ്റെന്തെങ്കിലും വസ്തുക്കളോ ആണെന്ന വ്യാജേന നൽകി കെണിയിൽ വീഴുന്നവരാണ് രണ്ടാമത്തെ കൂട്ടർ.
യുഎഇ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024ൽ മാത്രം ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 13,513 പേരെ പിടികൂടി. 2020ൽ ഇത് 6,973 ആയിരുന്നു. നാലു വർഷത്തിനിടയിൽ ഇരട്ടിയിലേറെ വർധന. നൂതന സാങ്കേതിക സംവിധാനങ്ങൾ പരിശോധനകൾ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കിയതോടെയാണ് പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടിയത്.
ഇന്ത്യയുമായി യുഎഇയ്ക്ക് കുറ്റവാളി കൈമാറ്റ കരാർ നിലവിലുള്ളതിനാൽ പ്രതികളെ പിടികൂടി പരസ്പരം കൈമാറും. കുറ്റം തെളിഞ്ഞാൽ 5 വർഷം തടവും 50,000 ദിർഹം പിഴയുമാണ് യുഎഇയിൽ ശിക്ഷ. എന്നാൽ കുവൈത്ത്, സൗദി, ഒമാൻ എന്നീ രാജ്യങ്ങളിൽ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിച്ചേക്കാം. ഇതിനു പുറമെ വൻ തുക പിഴയും അടയ്ക്കേണ്ടിവരും. ഖത്തറിൽ ജീവപര്യന്തം തടവും 2 മുതൽ 5 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. ബഹ്റൈനിലും കടുത്ത ശിക്ഷയുണ്ട്.
വിദേശ ജയിലുകളിൽ നിലവിൽ 10,152 ഇന്ത്യക്കാരാണ് തടവിലുള്ളത്. ഇതിൽ സൗദിയിൽ ആണ് ഏറ്റവും കൂടുതൽ .(2,633 പേർ . രണ്ടാം സ്ഥാനത്ത് യുഎഇ (2,518 പേർ
ഖത്തർ 611, കുവൈത്ത് 387, ബഹ്റൈൻ 181, ഒമാൻ 148 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളിൽ തടവിലുള്ള ഇന്ത്യക്കാരുടെ കണക്ക്. ഇതിൽ ലഹരി കേസിൽ ഉൾപ്പെടെ വധശിക്ഷ കാത്തുകഴിയുന്നവരും ഉൾപ്പെടും.
https://www.facebook.com/Malayalivartha
























