പതിനാറു വർഷം മുൻപ് കൈവിട്ടുപോയ ഉമ്മയേയും സഹോദരങ്ങളെയും തേടിപ്പിടിച്ച് സുഡാനിൽ നിന്നെത്തിയ ഹനിക്ക് ജോലിയായി ; ഇനി ഉമ്മയെ കാണണം

ദുബൈ: പതിനാറു വർഷം മുൻപ് കൈവിട്ടുപോയ ഉമ്മയേയും സഹോദരങ്ങളെയും തേടിപ്പിടിച്ച് സുഡാനിൽ നിന്നെത്തിയ ഹനിക്ക് യു.എ.ഇയിൽ ജോലി ലഭിച്ചു. ഷാർജ വിമാനത്താവളത്തിനടുത്ത ഒരു പ്രമുഖ ടൈപ്പിങ് സ്ഥാപനത്തിലാണ് ജോലി. സഹോദരങ്ങളുടെ പുനസമാഗമത്തെക്കുറിച്ച് ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച വാർത്തക്കു പിന്നാലെ മാധ്യമ ലോകത്തിന്റെ യും സാമൂഹിക മാധ്യങ്ങളുടെയും പ്രിയങ്കരനായി മാറിയ ഹനിക്ക് യു.എ.ഇയുടെ പല ഭാഗങ്ങളിൽ നിന്ന് ജോലി വാഗ്ദാനം എത്തിയിരുന്നു
വർഷങ്ങളായി പിരിഞ്ഞിരിക്കേണ്ടി വന്ന സഹോദരിയുടെ സാമീപ്യം ലഭിക്കുമെന്നതിനാലാണ് ഷാർജയിലെ ജോലി സ്വീകരിച്ചത്. ഹനിയുടെ മൂത്ത സഹോദരി ഷമീറ ദുബൈയിലെ കറാമയിലാണ് ജോലി ചെയ്യുന്നത്.
ഉമ്മയേയും നാട്ടിലുള്ള സഹോദരിമാരെയും കാണാൻ കൊതിക്കുന്ന ഹനിക്ക് ഉമ്മയെ ഒരു മാസത്തെ സന്ദർശക വിസയിലെങ്കിലും യു.എ.ഇയിൽ കൊണ്ടുവരാൻ കഴിഞ്ഞെങ്കിൽ എന്ന മോഹമാണ് ഇപ്പോഴുള്ളത്. സുഡാനിൽ നിന്ന് കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച പിതാവ് ഉമ്മയിൽ നിന്നും സഹോദരിമാരിൽ നിന്നും അകറ്റി സുഡാനിലേക്ക് കൊണ്ടുപോയതാണ് ഹനിയെ.
എന്നാൽ വർഷങ്ങൾക്കു ശേഷം ഉമ്മയുടെ ഫോേട്ടായും വിവാഹ സർട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം കണ്ടെടുത്ത ഹനി സുഡാൻ സന്ദർശിച്ച മണ്ണാർക്കാട് സ്വദേശി ഫാറൂഖിനോട് ഇക്കാര്യങ്ങൾ അറിയിക്കുകയായിരുന്നു. ഫാറൂഖ് നൽകിയ വിവരങ്ങൾ അബൂദബിയിലുള്ള റഹീം പൊയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സഹോദരങ്ങൾ വിവരമറിഞ്ഞതോടെ പുനസമാഗമം സാധ്യമാകുകയായിരുന്നു.
https://www.facebook.com/Malayalivartha