ശുദ്ധസംഗീതവുമായി 72 രാഗങ്ങളും ആഗോള സംഗീതവും കൂട്ടിച്ചേര്‍ത്തു ഒരു വയലിന്‍ ഫ്യൂഷന്‍ ; ലോക റെക്കോര്‍ഡ് ലക്‌ഷ്യത്തിന്റെ പടിവാതില്‍ക്കൽ മലയാളി ; ആഗോള യാത്രയുടെ തുടക്കം ദുബായില്‍ നിന്ന്

ശുദ്ധസംഗീതവുമായി 72 രാഗങ്ങളും ആഗോള സംഗീതവും കൂട്ടിച്ചേര്‍ത്തു ഒരു വയലിന്‍ ഫ്യൂഷന്‍ തീര്‍ത്തു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് തൃശൂര്‍ അഷ്ടമിച്ചിറ സ്വദേശിയായ ബിനേഷ് ബാബു.
ഇതുവരെ ആരും വയലിനില്‍ ചെയ്യാത്ത, 3 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ ഫ്യൂഷനിലൂടെ ഗിന്നസ് ബുക്ക് എന്‍ട്രി തന്നെയാണ് ഈ ചെറുപ്പക്കാരന്‍ ലക്ഷ്യമാക്കുന്നത്. ഒപ്പം തനതു ഇന്ത്യന്‍ സംഗീതത്തെ ലോകം മുഴുവന്‍ എത്തിക്കുവാനും ഇതോടൊപ്പം ശ്രമിയ്ക്കുന്നു. ഒരു വര്‍ഷം കൊണ്ട് 12 രാജ്യങ്ങളില്‍ ഈ വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
തിരുവോണ നാളില്‍ കൊച്ചിന്‍ ലുലു മാളില്‍ സംഗീതപരിപാടിയുടെ ഡെമോയും ലോഞ്ചും നടത്തും. അതിനായി ലുലു ഗ്രൂപ്പ് തന്നെയാണ് ബിനേഷിന്റെ ഈ സ്വപ്നപദ്ധതിയ്ക്ക് കൊച്ചിയില്‍ വേദിയൊരുക്കിക്കൊടുക്കുന്നത്. പ്രശസ്തമായ ക്യാന്റിനി വയലിന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് ലോക പര്യടനം. ആഗോള യാത്രയുടെ തുടക്കമായി നവംബര്‍ 17 നു ദുബായില്‍ വേദിയൊരുങ്ങും. പിന്നീട് ഡിസംബറില്‍ ലണ്ടനില്‍ നടക്കുന്ന പ്രോഗ്രാമില്‍ ഇരുപതോളം അന്താരാഷ്ട്ര സംഗീത പ്രതിഭകള്‍ ബിനേഷിന് ഒപ്പം ചേരും.
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് മ്യൂസിക് കോളേജില്‍ നിന്ന് വയലിനില്‍ 3 വര്‍ഷത്തെ ഡിഗ്രി പൂര്‍ത്തിയാക്കിയതിനൊപ്പം സൗണ്ട് എഞ്ചിനീറിങ്ങില്‍ ബിരുദം നേടിയ ബിനേഷ് ഏതാനും വര്‍ഷങ്ങളായി സംഗീതസംവിധായകരായ ഔസേപ്പച്ചന്റെയും മോഹന്‍ സിത്താരയുടെയും കീഴില്‍ സിനിമയിലെ പശ്ചാത്തല സംഗീതത്തിന് വേണ്ടി വയലിന്‍ വായിക്കുകയായിരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി സ്റ്റേജ് പ്രോഗ്രാമിലൂടെ തിളങ്ങി നിന്ന ബിനേഷ് ആയിരത്തിലധികം വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വയലിന്‍ വാദനത്തോടൊപ്പം കീബോര്‍ഡ് പ്രോഗ്രാമിഗിലും മികവു തെളിയിച്ച ബിനേഷ് സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായി 100 വര്‍ഷത്തെ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച വയലിന്‍ മെഡ്ലി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡ്രീം ട്രാക്ക് എന്ന സ്വന്തമായ വയലിന്‍ ബാന്‍ഡിനൊപ്പം വിവിധ രാജ്യങ്ങളില്‍ ബിനേഷ് നേരത്തെ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha