വാനനിരീക്ഷകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ന് ഒമാന്‍ ആകാശത്ത് ഉല്‍ക്കാവര്‍ഷം

മസ്കത്ത്: വാനനിരീക്ഷകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ന് ഒമാന്‍ ആകാശത്ത് ഉല്‍ക്കാവര്‍ഷം ദൃശ്യമാകും. രാത്രി ഒമ്ബതുമുതല്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണി വരെയാകും പെര്‍സീഡ് ഉല്‍ക്കാവര്‍ഷം ഉണ്ടാവുകയെന്ന് ഒമാനി ജ്യോതിശാസ്ത്രജ്ഞനായ അലി അല്‍ ഷൈബാനി പറഞ്ഞു. സ്വിഫ്റ്റ് ട്യുട്ടില് എന്ന ധൂമകേതുവിന്റെ ഭാഗമായ ഉല്‍ക്കകളാണ് പെര്‍സീഡ് എന്ന് അറിയപ്പെടുന്നത്.
എല്ലാ വര്‍ഷവും ഇതേ കാലത്താണ് ഇൗ പ്രാപഞ്ചിക പ്രതിഭാസം ദൃശ്യമാകാറെന്ന് ഷൈബാനി പറഞ്ഞു. ശൂന്യാകാശത്തുനിന്നുള്ള ഒരുപാട് ധൂളികള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതാണ് ഇതിന് കാരണം. ഇത് ഉല്ക്കാശകലങ്ങളെ ഭൗമാന്തരീക്ഷത്തിലേക്ക് ആകര്‍ഷിക്കുന്ന കോസ്മിക് പ്രഭാവത്തിന് വഴിയൊരുക്കുന്നു. ഇൗ ഉല്‍ക്കാവര്‍ഷം മനുഷ്യര്‍ക്ക് ദോഷകരമായി ബാധിക്കാറില്ലെന്നും അലി അല്‍ ഷൈബാനി പറഞ്ഞു.
സാധാരണ പെര്‍സീഡ് ഉല്‍ക്കാവര്‍ഷത്തില്‍ ഒാരോമണിക്കൂറിലും 80 മുതല്‍ 100വരെ ഉല്‍ക്കകളാകും വീഴുക. 60 കിലോമീറ്ററാകും ഇതിന്റെ വേഗം. എന്നാല്‍, ഇൗ വര്‍ഷം ഇതിന്റെ പകുതി മാത്രമാകും ഉണ്ടാവുക. ചന്ദ്രപ്രകാശം ചില ഉല്‍ക്കകളെ തെറിപ്പിക്കുന്നതിനാലാണ് ഇത്. ജബല്‍ അഖ്ദറും ജബല്ഷംസും പോലുള്ള പ്രദേശങ്ങളാണ് ഇത് നിരീക്ഷിക്കാന്‍ അനുയോജ്യമായ സ്ഥലം. പലരും ടെലിസ്കോപ്പുകള് ഉപയോഗിച്ചാണ് ഉല്‍ക്കാവര്‍ഷം കാണുന്നത്. എന്നാല്‍, അധിക പ്രകാശമില്ലാത്ത സ്ഥലങ്ങളില്‍നിന്ന് നഗ്നനേത്രങ്ങള്‍ ഉപയോഗിച്ചും ഇത് വ്യക്തമായി കാണാന്‍ കഴിയും. വടക്കുകിഴക്കന്‍ ആകാശത്തിലാണ് ഇത് ദൃശ്യമാവുകയെന്ന് അലി അല്‍ ഷൈബാനി പറഞ്ഞു. ഇൗ ആഴ്ച രണ്ടാമത്തെ ജ്യോതിശ്ശാസ്ത്ര പ്രതിഭാസത്തിനാണ് ഒമാന്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഭാഗിക സൂര്യഗ്രഹണം ദൃശ്യമായിരുന്നു.
https://www.facebook.com/Malayalivartha