പുണ്യ ഭൂമിയിലെത്തിയ മലയാളി തീര്‍ഥാടകര്‍ മക്കയും കഅബയും പുണ്യഹറമും കണ്‍കുളിര്‍ക്കെ കണ്ട ആത്മ നിര്‍വൃതിയില്‍ ; ആദ്യ ഉംറയുടെ ആത്മനിര്‍വൃതിയില്‍ മലയാളി ഹാജിമാര്‍

മക്ക: മനസും ശരീരവും പാകപ്പെടുത്തി പുണ്യ ഭൂമിയിലെത്തിയ മലയാളി തീര്‍ഥാടകര്‍ മക്കയും കഅബയും പുണ്യഹറമും കണ്‍കുളിര്‍ക്കെ കണ്ട ആത്മ നിര്‍വൃതിയില്‍. എട്ട് മണിയോടെ ഹറമില്‍ എത്തിത്തുടങ്ങിയ ഹാജിമാര്‍ 11 മണിയോടെ ഉംറ നിര്‍വഹിച്ചു താമസകേന്ദ്രങ്ങളിലേക്ക് തിരിച്ചു. ആദ്യ ഉംറ നിര്‍വഹിച്ചപ്പോള്‍ ജീവിതം സഫലമായ നിര്‍വൃതിയിലായിരുന്നു ഹാജിമാര്‍. ഹജ്ജ് മിഷന്‍ ഒരുക്കിയ പ്രത്യേക ബസുകളില്‍ വളണ്ടിയര്‍മാരോടൊപ്പമാണ് ഹാജിമാര്‍ ഹറമിലെത്തിയത് .
രാവിലെ 11 മണിയോടെ ജിദ്ദ വിമാനത്താവളത്തിലെത്തിയ ഹാജിമാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ എത്തുമ്ബോള്‍ വൈകിട്ട് അഞ്ചു മണി ആയിരുന്നു. 300 പേരാണ് ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത് . അസീസിയ ബിന്‍ ഹുമൈദിലെ ബ്രാഞ്ച് നമ്ബര്‍ അഞ്ചില്‍ 270, 276 ബില്‍ഡിങ്ങുകളിലാണ് ആദ്യസംഘത്തിനു താമസം ഒരുക്കിയത്.
ഹാജിമാരെ സ്വീകരിക്കാനും സഹായങ്ങള്‍ക്കുമായി വിമാനത്താവളത്തിലും മക്കയിലും മലയാളി വളണ്ടിയര്‍മാരുടെ വന്‍സംഘം തന്നെയുണ്ടായിരുന്നു. ഹാജിമാര്‍ താമസിക്കുന്ന അസീസിയ ബിന്‍ ഹുമൈദയില്‍ ഉച്ച മുതല്‍ നിരവധി മലയാളി സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ ഹാജിമാരെ സ്വീകരിക്കാന്‍ തമ്ബടിച്ചിരുന്നു.
ജന്മനാട്ടില്‍ നിന്നെത്തിയവര്‍ക്ക് വിവിധ വിഭവങ്ങളുമായി അവര്‍ മണിക്കൂറുകള്‍ കാത്തു നിന്നു. മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഭാരവാഹികളും മറ്റു സംഘടനാവളണ്ടിയര്‍മാരും കാരക്ക, കഞ്ഞി, നമസ്ക്കാര വിരിപ്പ് തുടങ്ങിയ വിവിധ ഉപഹാരങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha