കുവൈത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിൽ റിക്രൂട്ട്മെന്റ് ; ആദ്യ റിക്രൂട്ട്മെന്റ് ഇന്ത്യയില്‍ നിന്നുള്ള പുരുഷ തൊഴിലാളികൾക്കുവേണ്ടി ; ഈ മാസം അവസാനം മുതല്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങും

കുവൈത്തിൽ സർക്കാർ മേൽനോട്ടത്തിലള്ള അൽ ദുർറ റിക്രൂട്ട്മെൻറ് കമ്പനി ഈ മാസം അവസാനം മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് ഡയറക്ടർ ജനറൽ സാലിഹ് അൽ വുഹൈബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യമായി റിക്രൂട്ട് ചെയ്യുക ഇന്ത്യയില്‍ നിന്നുള്ള പുരുഷ തൊഴിലാളികളെ ആണ്. ശർഖിലെ ദാർ അൽ അവദി ബിൽഡിങ്ങിലാണ് കമ്പനിയുടെ ആസ്ഥാനം. ആറ് ഗവർണറേറ്റുകളിൽ ശാഖാ ഓഫിസുകളുമുണ്ടാവും. ഇഷ്ബിലിയ, റൗദ, ഫഹാഹീൽ, ജഹ്റ, അദാൻ, അൽ ഖുസൂർ എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങളിലാവും ശാഖാ ഓഫിസുകൾ. ശാഖാ ഓഫിസുകളിലും ഓൺലൈൻ വഴിയും അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിച്ച് 30 ദിവസം മുതൽ 45 ദിവസത്തിനുള്ളിൽ തൊഴിലാളികളെ എത്തിക്കും. തുടക്കത്തിൽ പുരുഷന്മാരെ മാത്രമാണ് റിക്രൂട്ട് ചെയ്യുക. രണ്ട് മാസത്തിന് ശേഷം സ്ത്രീ തൊഴിലാളികളെ കൂടി ലഭ്യമാക്കും. ഡ്രൈവർമാർ, പാചകക്കാർ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തിൽ എത്തിക്കുന്നത്. രണ്ടാംഘട്ടത്തിൽ ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്ന് കൂടി തൊഴിലാളികളെ എത്തിക്കും.
280 ദീനാറാണ് ഇന്ത്യയിൽനിന്ന് ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ സ്വദേശികൾക്ക് ചെലവ് വരുക. മറ്റു രാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്നതിന്റെ ചെലവ് വ്യത്യസ്തമായിരിക്കും. റിക്രൂട്ട്മെൻറ് ചെലവ് എപ്പോഴും ഒരേ തുകയായിരിക്കില്ലെന്നും കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha