വിമാനക്കമ്പനികളുടെ ചാകരക്കാലം; ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

ഓണവും അവധിയും ആഘോഷിച്ചു മടങ്ങുന്ന മലയാളികളെ സങ്കടക്കടലിലാക്കി വിമാനക്കമ്പനികള്‍. കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ആറിരട്ടിവരെ കൂട്ടി. മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്.
മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്നു ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു.
സാധാരണ സീസണില്‍ 15,000 വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കില്‍ ഇപ്പോഴത് 50,000 മുതല്‍ 85,000 വരെയായി. കുവൈത്തിലേക്കു പറക്കണമെങ്കില്‍ 30,000 മുതല്‍ 88,000 വരെയും ബഹ്‌റനിലെത്താന്‍ 75,000 വരെയും കൊടുക്കണം. 5000 മുതല്‍ 10,000 രൂപ വരെയായിരുന്ന ദുബായ് ടിക്കറ്റ് നിരക്ക് എത്തിനില്‍ക്കുന്നത് നാല്‍പ്പതിനായിരത്തിലാണ്.
ഏറ്റവും കൂടുതല്‍ നിരക്കീടാക്കുന്നത് എയര്‍ ഇന്ത്യയിലും. അബുദാബിക്കു പോകാന്‍ 30,000 മതല്‍ അറുപതിനായിരം വരെയാകുമ്പോള്‍ ഷാര്‍ജയിലെത്തുന്നതിനു നാല്‍പതിനായിരമാകും. ജിദ്ദ യാത്രയാണ് ഏറ്റവും കഠിനം. എത്തിഹാദ് വിമാനത്തില്‍ ഒരു ലക്ഷമാണ് ടിക്കറ്റ് നിരക്ക്.
ഗള്‍ഫ് നാടുകളിലിപ്പോള്‍ അവധിക്കാലമാണ്. അവധിയും ആഘോഷിച്ച് ഓണവും കൂടി മലയാളികള്‍ മടങ്ങുന്ന സമയമാണ് വിമാനക്കമ്പനികളുടെ ചാകരക്കാലം. അത് പരമാവധി മുതലാക്കുകയാണ് വര്‍ധനയുടെ ലക്ഷ്യം. എല്ലാ വര്‍ഷവും ഈ സീസണില്‍ ടിക്കറ്റ് കൂടാറുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയുമുണ്ടായിട്ടില്ല. വിമാനനിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലും അധികാരവും ഇല്ലാത്തതു പറന്നുയരുന്ന ചൂഷണത്തിന് ഊര്‍ജമാവുന്നു.
https://www.facebook.com/Malayalivartha